നിലവാരമില്ലാത്ത മരുന്നുകളുമായി റാന്‍ബാക്‌സിയുടെ പകല്‍ക്കൊള്ള; കാതറിന്‍ എബാന്‍ രചിച്ച പുസ്തകം കൊടുങ്കാറ്റു വിതച്ച് വിപണിയില്‍
ഗുണമേന്മ ഉറപ്പാക്കാത്തതിനാല്‍ അപകടകാരികളായി മാറുന്ന ജെനറിക് വിഭാഗത്തില്‍പ്പെടുന്ന അലോപ്പതി മരുന്നുകളുടെ നിര്‍മ്മാണവും വിതരണവും നടത്തി ഭീമന്‍ മരുന്നുകമ്പനിയായ റാന്‍ബാക്‌സി ഇന്ത്യയില്‍ നടത്തിവന്ന വന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത്. നിരവധി അപ്രതിരോധ്യ തെളിവുകള്‍ നിരത്തി അമേരിക്കക്കാരി കാതറിന്‍ എബാന്‍ രചിച്ച 'ബോട്ടില്‍ ഓഫ് ലൈസ്:റാന്‍ബാക്‌സി ആന്‍ഡ് ദ ഡാര്‍ക്ക്് സൈഡ് ഓഫ് ഇന്ത്യന്‍ ഫാര്‍മ' പ്രസിദ്ധീകൃതമായി ദിവസങ്ങള്‍ക്കകം അന്താരാഷ്ട്രതലത്തില്‍ ചൂടുപിടിച്ച ചര്‍ച്ചകളുടെ കേന്ദ്ര വിഷയമായിക്കഴിഞ്ഞു.
അര നൂറ്റാണ്ടിന്റെ പ്രവര്‍ത്തനപാരമ്പര്യവുമായി നൂറ്റമ്പതിലേറെ രാജ്യങ്ങളില്‍ വേരു പടര്‍ത്തിയിട്ടുള്ള റാന്‍ബാക്‌സി കഴിഞ്ഞ ആറേഴു വര്‍ഷങ്ങളായി ഗുണമേന്മയുടെ വിഷയത്തില്‍ ആരോപണ വിധേയമായിരുന്നു.ഇതിന്റെ ചുവടു പിടിച്ചുള്ള വിപുലമായ അന്വേഷണത്തിലൂടെ കാതറിന്‍ പുറത്തുകൊണ്ടുവന്നിരിക്കുന്ന തെളിവുകള്‍ കമ്പനിയെ അപകടകരമാംവിധം ഉലയ്ക്കാന്‍ കരുത്താര്‍ന്നതാണെന്ന നീരീക്ഷണം ലോകവ്യാപകമായി ഉയരുന്നുണ്ട്.
മായം കലര്‍ന്ന് അപകട സ്വഭാവമാര്‍ന്ന മരുന്നുകള്‍ വിതരണം നടത്തിയതുമായി ബന്ധപ്പെട്ട് 2013 ല്‍ അമേരിക്കന്‍ കോടതിയില്‍ ഏഴു കേസുകളില്‍ കുറ്റസമ്മതം നടത്തേണ്ടി വന്നിരുന്നു റാന്‍ബാക്‌സിക്ക്. ദിനേശ് താക്കൂര്‍ എന്ന ഇന്ത്യാക്കാരനാണ് ഈ കേസുകള്‍ക്കു വഴി വെട്ടിത്തെളിച്ചത്. ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനുള്ള തന്റെ യത്‌നം വിഫലമാകുന്നതിലുള്ള നൈരാശ്യവുമായി റാന്‍ബാക്‌സിയുടെ പ്രോജക്റ്റ്്്്് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ പദവിയില്‍ നിന്ന് ഇറങ്ങിപ്പോന്ന താക്കൂര്‍ തുടര്‍ന്ന് കമ്പനി മേധാവികളുടെ ഉറക്കം കെടുത്തുന്ന 'വിസില്‍ ബ്ലോവര്‍' ആയി മാറി. ശിക്ഷാ വിധി പ്രകാരം യു.എസ്്്്് ജസ്റ്റിസ്്് ഡിപ്പാര്‍ട്ട്്‌മെന്റിനു കമ്പനി നല്‍കിയ 500 ദശലക്ഷം ഡോളറില്‍ നിന്ന് 48 ദശലക്ഷം ഡോളര്‍ കോടതി നിര്‍ദ്ദേശിച്ചതനുസരിച്ച് താക്കൂറിനു ലഭിച്ചെന്നതു വേറെ കാര്യം.
ഗുണമേന്മയുമായി ബന്ധപ്പെട്ട് കര്‍ശന മാനദണ്ഡങ്ങളും നിയമാധിഷ്ഠിത സംവിധാനങ്ങളുമുള്ള അമേരിക്കയില്‍ ഇതാണ് സ്ഥിതിയെങ്കില്‍ അതെല്ലാം നാമാത്രമായുള്ള ഇന്ത്യ ഉള്‍പ്പെടുന്ന സാധാരണ രാജ്യങ്ങളില്‍ എന്താണവസ്ഥയെന്നു കണ്ടെത്താന്‍ കാതറിന്‍ എബാന്‍ നടത്തിയ അന്വേഷണത്തില്‍ വലംകൈയായിരുന്നതും താക്കൂര്‍ തന്നെ. റാന്‍ബാക്‌സി നടത്തുന്നതിനേക്കാള്‍ വലിയ കൊള്ളയാണ് ഇതര കമ്പനികള്‍ നടത്തുന്നതെന്നും പുസ്തകം സ്ഥിരീകരിക്കുന്നു. യു.എസ്് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ സൂക്ഷിച്ചിട്ടുള്ള 20000 രേഖകള്‍ പരിശോധിച്ചും ബന്ധപ്പെട്ട 240 പേരുമായി സംസാരിച്ചുമാണ് കാതറിന്‍ തെളിവുകള്‍ സമാഹരിച്ചത്.
ഗുണമേന്മ ഉറപ്പില്ലെന്നറിഞ്ഞ്്്് മരുന്നു കുറിക്കുന്ന ഡോക്ടര്‍മാരുടെയും അതു കഴിക്കുന്ന രോഗികളുടെയും ദൈന്യാവസ്ഥയെപ്പറ്റിയും കമ്പനികള്‍ നടത്തുന്ന തീവെട്ടിക്കൊള്ളയെയും പറ്റിയുള്ള ആശങ്കകള്‍ അങ്ങേയറ്റം തീവ്രമാക്കുന്നതാണ് പുസ്തകമെന്ന്്് ഹിന്ദുസ്ഥാന്‍ ടൈംസിലെ തന്റെ കോളത്തില്‍ കരണ്‍ താപ്പര്‍ ചൂണ്ടിക്കാട്ടുന്നു. 'ബോട്ടില്‍ ഓഫ് ലൈസ്' വെറുമൊരു അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തന ഫലമാകില്ലെന്ന്്് ന്യൂയോര്‍ക്ക് ടൈംസ്് ഉള്‍പ്പെടെ പ്രമുഖ മാധ്യമങ്ങള്‍ പ്രവചിക്കുമ്പോള്‍ റാന്‍ബാക്‌സിയുടെ തലപ്പത്തു നിന്ന്് വൊക്കാര്‍ട്ട്്, ഡോ.റെഡ്ഡീസ്, ഗ്ലെന്‍മാര്‍ക്ക്,ആര്‍.പി.ജി. ലൈഫ് സയന്‍സസ് തുടങ്ങി വമ്പന്‍ കമ്പനികളിലേക്കെല്ലാം അസ്വാസ്ഥ്യം പടര്‍ന്നിട്ടുണ്ട്.