ഇ-കൊമേഴ്‌സ് ഓര്‍ഡര്‍ റദ്ദാക്കിയാല്‍ റീഫണ്ട് ഉടന്‍ ലഭ്യമാകും
ഇ-കൊമേഴ്‌സ് ഓര്‍ഡര്‍, ഓണ്‍ലൈനായി വാങ്ങിയ വിമാനടിക്കറ്റ് തുടങ്ങിയവ റദ്ദാക്കിയാല്‍ ഉടന്‍ തന്നെ റീഫണ്ട് നല്‍കുന്ന സംവിധാനവുമായി ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റേസര്‍പേ. ഐഎംപിഎസ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, യുപിഐ തുടങ്ങിയ സങ്കേതങ്ങള്‍ വഴി നടത്തിയ പേമെന്റാണെങ്കില്‍, ഓര്‍ഡര്‍ കാന്‍സല്‍ ചെയ്ത് ഉടന്‍ തന്നെ ഉപഭോക്താവിന് റീഫണ്ട് ലഭിക്കുന്നതാണ് തങ്ങളുടെ ഇന്‍സ്റ്റന്റ് റീഫണ്ട്‌സ് എന്ന പുതിയ ഉല്‍പ്പന്നമെന്ന് റേസര്‍പേ അറിയിച്ചു.
കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരേപോലെ ഗുണകരമാകുന്നതാണ് പുതിയ സംവിധാനം. ഡിജിറ്റല്‍ ഇടപാടുകളിലെ തടസങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാത്തതാക്കാനാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.പുതിയ ടെക്‌നോളജി ആദ്യമായി സ്വിഗി ആപ്പിലാണ് പരീക്ഷിച്ചത്. ഇത് വന്‍വിജയമാവുകയും ചെയ്തു. ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ ഇടപാടിലൂടെയുള്ള സംതൃപ്തി പത്ത് ശതമാനത്തോളം വര്‍ധിച്ചെന്നും കണ്ടെത്തി.ഇന്‍ഡിഗോ, ബിഎസ്ഇ, തോമസ് കുക്ക്, റിലയന്‍സ്, സ്‌പൈസ്‌ജെറ്റ്, ആദിത്യ ബിര്‍ള, സോണി, ഒയോ തുടങ്ങിയ കമ്പനികളെല്ലാം റേസര്‍പേയുടെ പേമെന്റ് സംവിധാനം സ്വീകരിച്ചിട്ടുണ്ട്.
എട്ട് ലക്ഷത്തോളം ബിസിനസുകള്‍ക്ക് പേമെന്റ് സംവിധാനം നിലവില്‍ റേസര്‍പേ ഒരുക്കിയിട്ടുണ്ട്.ഓണ്‍ലൈന്‍ റീട്ടെയ്ല്‍ മാര്‍ക്കറ്റ് അതിവേഗം വളരുന്ന ഇടമാണ് ഇന്ത്യന്‍ വിപണി. ഇവിടെയുള്ള ഉപഭോക്താക്കളില്‍ 71 ശതമാനം പേരും ഇന്റര്‍നെറ്റ് വഴി സാധനങ്ങള്‍ വാങ്ങുന്നവരാണെന്നാണ് റേസര്‍പേയുടെ കണക്ക്. ഈ വര്‍ഷം തങ്ങളുടെ പേമെന്റ് സംവിധാനം 14 ലക്ഷം ബിസിനസ് സംരംഭങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് റേസര്‍പേയുടെ ശ്രമം. പുതിയ ഫീച്ചര്‍ ഈ ശ്രമത്തിന് കരുത്തുപകരും എന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline