25 കോടി വരെയുള്ള എംഎസ്എംഇ വായ്പകൾ പുനക്രമീകരിക്കാൻ ആർബിഐ അനുമതി

ഇത്തരത്തിനുള്ള പുനക്രമീകരണം മൂലം ആസ്തി വർഗ്ഗീകരണത്തിൽ തരം താഴ്ത്തൽ ഉണ്ടാകില്ലെന്ന് ആർബിഐ വ്യക്തമാക്കി.

സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപങ്ങളുടെ വായ്പകൾ  പുനക്രമീകരിക്കാൻ (restructuring)  ആർബിഐ അനുമതി നൽകി. 25 കോടി വരെയുള്ള എംഎസ്എംഇ വായ്പകൾ പുനക്രമീകരിക്കാനാണ് നിർദേശം. എന്നാൽ  ഇത്തരത്തിനുള്ള പുനക്രമീകരണം മൂലം ആസ്തി വർഗ്ഗീകരണത്തിൽ തരം താഴ്ത്തൽ ഉണ്ടാകില്ലെന്ന് ആർബിഐ വ്യക്തമാക്കി. 

വായ്പാതിരിച്ചടവ് മുടങ്ങിയ സ്ഥിതിയിലുള്ളതും എന്നാൽ ‘സ്റ്റാൻഡേർഡ്’ വിഭാഗത്തിലുള്ളതുമായ എംഎസ്എംഇകൾക്കാണ് ഈ സൗകര്യം ലഭ്യമാവുക.   

പ്രതിസന്ധിയിലായ ചെറുകിട സ്ഥാപനങ്ങൾക്ക് ആശ്വാസമേകുന്ന നടപടികൾ കൈക്കൊള്ളാൻ ആർബിഐയ്ക്ക് മേൽ സർക്കാർ സമ്മർദം ചെലുത്തിയിരുന്നു.  നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കലും മൂലം ബുദ്ധിമുട്ടിലായ എംഎസ്എംഇകൾക്ക് വായ്പാ റീസ്ട്രക്ച്ചറിംഗ് അനുവദിക്കാൻ നവംബർ 19 ന് ചേർന്ന ആർബിഐ ബോർഡ് യോഗം കേന്ദ്രബാങ്കിനോട് നിർദേശിച്ചിരുന്നു. 

2020 മാർച്ച് 31 നുള്ളിൽ ഡെറ്റ് റീസ്ട്രക്ച്ചറിംഗ് നടപ്പാക്കും. ഈ വിഭാഗത്തിലുള്ളവർ ഇനി അടച്ചുതീർക്കാനുള്ള വായ്പാ തുകയുടെ 5 ശതമാനത്തിന് കരുതൽ തുക നീക്കിവെക്കാനും പദ്ധതിയുണ്ട്. 

വായ്പാ പുനക്രമീകരണത്തിന് മുന്നോടിയായി ബാങ്കുകൾ എംഎസ്എംഇകളെ മൂന്നായി തരം തിരിക്കണമെന്നും ആർബിഐ നിർദേശിക്കുന്നു. സ്പെഷ്യൽ മെൻഷൻ എക്കൗണ്ട് അഥവാ  എസ്എംഎ-0, എസ്എംഎ-1, എസ്എംഎ-2 എന്നിങ്ങനെയാണ് വിഭജിക്കേണ്ടത്. തിരിച്ചടവ് വൈകുന്ന ദിവങ്ങളുടെ അടിസ്ഥാനത്തിലാണ് തരംതിരിക്കൽ. 

30 ദിവസം വരെ വായ്പാ തിരിച്ചടവ് മുടങ്ങിയവ എസ്എംഎ-0, 31-60 ദിവസം വരെ മുടങ്ങിയവ എസ്എംഎ-1, 61-90 ദിവസം വരെ മുടങ്ങിയവ എസ്എംഎ-2 വിഭാഗത്തിൽ എന്നിങ്ങനെയാണ് വിഭജനം.  

LEAVE A REPLY

Please enter your comment!
Please enter your name here