ഫ്ലാറ്റ് മെയ്ന്റനൻസ്: 7,500 രൂപയ്ക്കു മുകളിലെങ്കിൽ 18% ജിഎസ്ടി

റസിഡന്റ് വെൽഫെയർ അസോസിയേഷന് (RWA) പ്രതിമാസം 7,500 രൂപയിൽ കൂടുതൽ മെയ്ന്റനൻസ് നൽകുന്ന ഫ്ലാറ്റ് ഉടമകൾക്ക് 18 ശതമാനം ജിഎസ്ടി നൽകേണ്ടി വരുമെന്ന് ധനമന്ത്രാലയത്തിന്റെ വിശദീകരണം. മുഴുവൻ തുകയ്ക്കും ജിഎസ്ടി നൽകണം.

അസോസിയേഷനുകൾ ഫ്ലാറ്റുടമകളിൽ നിന്ന് പ്രതിമാസം ശേഖരിക്കുന്ന തുകയ്ക്ക് ജിഎസ്ടി ബാധകമാണെങ്കിൽ അത് മെയ്ന്റനൻസ് ചാർജിനൊപ്പം കളക്റ്റ് ചെയ്യണമെന്നാണ് നിയമനം. പ്രതിമാസ ചാർജ് 7500 രൂപയിൽ കൂടുതലാണെങ്കിലും അസോസിയേഷന്റെ വാർഷിക വിറ്റുവരവ് 20 ലക്ഷത്തിന് മുകളിലാണെങ്കിലും ജിഎസ്ടി ബാധകമാണ്.

2018 ജനുവരി 25 വരെ, മാസ മെയ്ന്റനൻസ് ചാർജ് 5000 രൂപയ്ക്ക് മുകളിലാണെങ്കിൽ ജിഎസ്ടി നല്കണമായിരുന്നു. എന്നാൽ അതിനുശേഷം, ഈ പരിധി 7500 രൂപയാക്കി ഉയർത്തി. എന്നാൽ അധിക തുകയ്ക്ക് മാത്രം ജിഎസ്ടി നൽകിയാൽ മതിയോ അതോ മുഴുവൻ തുകയ്ക്കും നികുതി നൽകണോ എന്ന സംശയം ഉയർന്നതിനെത്തുടർന്നാണ് ധനമന്ത്രാലയം ജൂലൈ 22 ന് വിശദീകരണം നൽകിയത്.

7,500 രൂപയ്ക്ക് മുകളിലാണ് തുകയെങ്കിൽ മുഴുവൻ തുകയ്ക്കും ജിഎസ്ടി നൽകണം. ഉദാഹരണത്തിന് 8000 രൂപയാണ് മെയ്ന്റനൻസ് നൽകുന്നതെങ്കിൽ 7500 ന് മുകളിലുള്ള തുകയ്ക്ക് മാത്രം (അതായത് 500 രൂപയ്ക്ക്) ജിഎസ്ടി നൽകിയാൽ പോരാ; മുഴുവൻ 8000 രൂപയ്ക്കും നികുതി നൽകണം.

ഒരു ഉടമയ്ക്ക് ഒന്നിൽ കൂടുതൽ ഫ്ലാറ്റുകൾ ഉണ്ടെങ്കിൽ ഓരോന്നിനും പ്രത്യേകം പ്രത്യേകം നികുതിയാണ് കണക്കുകൂട്ടുക. അതായത് ഒരാൾ അയാളുടെ മുഴുവൻ ഫ്ളാറ്റുകൾക്കും കൂടി നൽകുന്ന മൊത്തം മെയ്ന്റനൻസ് തുകയല്ല ഇവിടെ കണക്കുകൂട്ടുക.

റെസിഡന്റ്‌സ് അസോസിയേഷനുകൾക്ക് ഇൻപുട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാനും സാധിക്കും. ജനറേറ്റർ, വാട്ടർ പമ്പ്, ലോൺ ഫർണിച്ചർ തുടങ്ങിയ ക്യാപിറ്റൽ ഗുഡ്സ്, ടാപ്പുകൾ, പൈപ്പുകൾ, മറ്റ് സാനിറ്ററി/ ഹാർഡ്‌വെയർ മെറ്റീരിയലുകൾ, റിപ്പയർ സേവനങ്ങൾ തുടങ്ങിയവയ്ക്കാണ് ഇൻപുട് ടാക്സ് ക്രെഡിറ്റ് എടുക്കാനാവുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it