ഐടി, ധനകാര്യ സ്ഥാപനങ്ങള്‍ ഓഫീസുകള്‍ ഉപേക്ഷിക്കുന്നു, നിരവധി കൊമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കും

ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങിയതോടെ ചെലവ് കുറയ്ക്കുന്നതിനായി രാജ്യത്തെ പല കമ്പനികളും ഓഫീസുകള്‍ ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നു. ഐടി, ധനകാര്യസേവന സ്ഥാപനങ്ങളാണ് ഇതില്‍ മുന്‍നിരയിലുള്ളത്. മുംബൈ ഉള്‍പ്പടെയുള്ള വന്‍കിട നഗരങ്ങളില്‍ ബാങ്കുകള്‍, ഐടി കമ്പനികള്‍ തുടങ്ങിയവ വാടകച്ചെലവുകള്‍ ചുരുക്കുന്നതിനായി നഗരമധ്യത്തിലെ വാടകകൂടിയ ഓഫീസ് സ്‌പേസ് ഉപേക്ഷിച്ച് കുറഞ്ഞ വാടകയുള്ള പ്രദേശങ്ങളിലേക്ക് മാറാന്‍ തുടങ്ങിയിട്ടുണ്ട്. വ്യാപാര, വ്യവസായ സ്ഥാപനങ്ങളുടെ വരുമാനം കുറഞ്ഞതോടെ വലിയ വാടക കൊടുത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനാല്‍ കൊമേഴ്‌സ്യല്‍ കെട്ടിടങ്ങളുടെ വാടകയിലും ഗണ്യമായ കുറവ് വരും ദിവസങ്ങളിലുണ്ടാകും. ഇത് കേരളത്തെ വന്‍ തോതില്‍ ബാധിക്കും.

യഥാര്‍ത്ഥത്തില്‍ ഈ ട്രെന്‍ഡ് കൊറോണയ്ക്ക് മുമ്പേ തന്നെ തുടങ്ങിയിരുന്നുവെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായ സജി ഗോപിനാഥ് പറയുന്നു. ''ഏക്കറുകളുള്ള കാംപസില്‍ സുസജ്ജമായ ഓഫീസുമായി റിയല്‍ എസ്റ്റേറ്റ് മോഡലില്‍ ഐടി കമ്പനികള്‍ നടത്തുന്നത് ഇനി മാറും. നേരത്തെ തന്നെ ആഗോളതലത്തില്‍ കോ-വര്‍ക്കിംഗ് സ്‌പേസുകളുടെ വളര്‍ച്ചയോടെ ഈ ട്രെന്‍ഡ് ഇല്ലാതായിത്തുടങ്ങിയിരുന്നു. ഇനി സാമൂഹിക അകലം പാലിക്കേണ്ടത് ആവശ്യകതയായി മാറുകയും കൂടുതല്‍പ്പേര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനും തുടങ്ങുന്ന സാഹചര്യം ഉണ്ടാകുന്നതോടെ വലിയ ചെലവേറിയ കെട്ടിടങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെടും. ഇതുവഴി സ്ഥാപനങ്ങള്‍ക്ക് ചെലവ് വളരെയേറെ ചുരുക്കാനും സാധിക്കുന്നു.'' സജി ഗോപിനാഥ് പറയുന്നു.

വാടക കുറയുന്നു

നഗരങ്ങളിലെ കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങളുടെ വാടക വരും നാളുകളില്‍ 30 മുതല്‍ 50 ശതമാനം വരെ കുറയാനുള്ള സാധ്യതയാണുള്ളതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഷോപ്പിംഗ് മാളുകള്‍ക്കായിരിക്കും ഇത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

''പലരും കോവിഡിന് ശേഷം എന്ന രീതിയില്‍ സംസാരിക്കുന്നുണ്ടെങ്കിലും അത്തരത്തിലൊരു സ്ഥിതിവിശേഷം അടുത്തകാലത്തൊന്നും ഉണ്ടാകില്ലെന്ന് തന്നെയാണ് പഠനങ്ങള്‍ പറയുന്നത്. കുറഞ്ഞത് ഒന്ന്-രണ്ട് വര്‍ഷത്തേക്ക് രോഗം ഇവിടെതന്നെയുണ്ടാകാം. ഈ സാഹചര്യത്തില്‍ പഴയ തരത്തിലാവില്ല നമ്മുടെ ജീവിതം. പഴയതുപോലെ ഷോപ്പിംഗ് മാളിലോ കടകളിലോ പോയി ഷോപ്പിംഗ് നടത്താവുന്ന സ്ഥിതിവിശേഷമല്ല. ആളുകള്‍ കൂടുതലായി ഇ-കൊമേഴ്‌സ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തും. മാത്രവുമല്ല ഉപഭോക്താക്കള്‍ മൊത്തത്തില്‍ പണം ചെലവഴിക്കുന്നത് കുറയ്ക്കും. ഈ സാഹചര്യത്തില്‍ കൊമേഴ്‌സ്യല്‍ കെട്ടിടങ്ങളുടെ വാടക കുറയാനുള്ള സാധ്യതയാണുള്ളത്. ഏപ്രില്‍ മാസം ഞങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെയെല്ലാം വാടക ഒഴിവാക്കിക്കൊടുത്തിരുന്നു. എന്നാല്‍ ബാങ്ക് വായ്പയെടുത്ത് കെട്ടിടങ്ങള്‍ പണിത് വാടകയ്ക്ക് കൊടുത്തിരിക്കുന്നവര്‍ വാടകവരുമാനമില്ലാതെ എങ്ങനെ മുന്നോട്ടുപോകുമെന്നത് ഒരു ചോദ്യചിഹ്നമാണ്.'' പഴേരി ബിസിനസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്റ്റര്‍ അബ്ദുള്‍ കരീം പറയുന്നു

ഓഫീസ് കെട്ടിടങ്ങളുടെ ഡിമാന്റ് കുറയുന്നു

റിയല്‍ എസ്റ്റേറ്റ് ബ്രോക്കിംഗ് കമ്പനിയായ അനാറോക്കിന്റെ കണക്കുപ്രകാരം 2019ലെ വാണിജ്യഇടങ്ങളുടെ വര്‍ദ്ധന (commercial leasing net absorption) 400 മില്യണ്‍ ചതുരശ്രയടിയായിരുന്നു. ഇതില്‍ 42 ശതമാനം ഐടി, ഐടിഇസ് കമ്പനികളാണ്. 15 ശതമാനം കോവര്‍ക്കിംഗ് സ്‌പേസുകളും 10 ശതമാനം മാനുഫാക്ചറിംഗ്/ ഇന്‍ഡസ്ട്രിയല്‍ സ്ഥാപനങ്ങളും ഏഴ് ശതമാനം ബാങ്കിംഗ് & ധനകാര്യസ്ഥാപനങ്ങളുമാണ്. മുന്‍വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മാണനിരക്കില്‍ 2020 ആദ്യപാദത്തില്‍ 40 ശതമാനം ഇടിവാണ് ഉണ്ടായത്.

''കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ട് ഓഫീസുകളാണ് ഞങ്ങള്‍ക്കുള്ളത്. അതില്‍ കൊച്ചിയിലേത് മാത്രം നാമമാത്രമായി നിലനിര്‍ത്തി ജീവനക്കാര്‍ക്ക് വര്‍ക് ഫ്രം ഹോം ഓപ്ഷന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ ഞങ്ങളുടെ ബിസിനസിനെ ബാധിച്ചിട്ടില്ലെങ്കിലും നിലവിലുള്ള പ്രോജക്റ്റുകള്‍ കഴിയുമ്പോള്‍ സ്ഥിതി എന്താകും എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.'' കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി സ്റ്റാര്‍ട്ടപ്പ് സ്ഥാപനത്തിന്റെ സാരഥി പറയുന്നു.

ചെലവ് കൂടിയ നഗരമധ്യത്തിലെ പ്രൈം ഓഫീസ് കെട്ടിടങ്ങള്‍ ഉപേക്ഷിച്ച് ചെലവ് കുറഞ്ഞ പ്രദേശങ്ങളിലെ ചെറിയ കെട്ടിടങ്ങളിലേക്ക് മാറുന്ന സ്ഥാപനങ്ങള്‍ ഏറെയാണ്. പല സ്ഥാപനങ്ങളും അഞ്ച് മുതല്‍ 15 ശതമാനം വരെ ജീവനക്കാരെ വെച്ചാണ് വരും നാളുകളില്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ആഴ്ച അഞ്ച് ശതമാനം ജീവനക്കാരെയുമായിട്ടാണ് ഇന്‍ഫോസിസ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. റ്റിസിഎസ് ആകട്ടെ വര്‍ക് ഫ്രം ഹോം ഇനിമുതല്‍ നവസാധാരണത്വം (new normal) ആകുമെന്ന് പറഞ്ഞുകഴിഞ്ഞു. 4.48 ലക്ഷം ജീവനക്കാരുള്ള റ്റിസിഎസ് 2025ഓടെ 75 ശതമാനം പേരെ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് അനുവദിക്കാനുള്ള പദ്ധതിയിലാണ്.

ആക്‌സിസ് ബാങ്ക് ഉള്‍പ്പടെയുള്ള ബാങ്കുകള്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ നിശ്ചിത ദിവസങ്ങള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള ഓപ്ഷന്‍ നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. ചില ബാങ്കുകള്‍ തങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിനായി വാടകക്കരാറുകളില്‍ മാറ്റം വരുത്താനുള്ള ശ്രമങ്ങളിലാണ്. മറ്റ് മേഖലകളിലുള്ള കമ്പനികളും ഓഫീസ് സ്‌പേസുകള്‍ പരമാവധി ഉപേക്ഷിക്കുന്ന ട്രെന്‍ഡ് തുടങ്ങിയാല്‍ നിരവധി കൊമേഴ്‌സ്യല്‍ സ്‌പേസുകള്‍ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയുണ്ടാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story
Share it