ഗുരുഗ്രാമിലും ചെന്നൈയിലും 13,000 കോടി രൂപയുടെ പദ്ധതികളുമായി ഡിഎല്‍എഫ്

റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫ് രാജ്യത്ത് 20 ദശലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലം വികസിപ്പിക്കാന്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ 13,000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി. ഇതില്‍ ആദ്യ പദ്ധതി ചെന്നൈയില്‍ ആരംഭിച്ചു. താരാമണിയുടെ പ്രാന്തപ്രദേശത്തുള്ള ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പാര്‍ക്കായ ഡിഎല്‍എഫ് ഡൗണ്‍ടൗണിന്റെ ശിലാസ്ഥാപനം തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസ്വാമി നിര്‍വഹിച്ചു. ആറു വര്‍ഷത്തിനിടെ അയ്യായിരം കോടി രൂപയാണിവിടെ മുടക്കുന്നത്.

20 ദശലക്ഷം ചതുരശ്രയടി പദ്ധതികളില്‍ 11 ദശലക്ഷം ഗുരുഗ്രാമിലും 7 ദശലക്ഷം ചെന്നൈയിലുമായിരിക്കുമെന്ന് ഡിഎല്‍എഫ് ചീഫ് എക്‌സിക്യൂട്ടീവ് മോഹിത് ഗുജ്റാള്‍ പറഞ്ഞു. ഗുരുഗ്രാമിലെ പദ്ധതി 7,500-8,000 കോടി രൂപയുടേതാണ്.

ഡല്‍ഹി മേഖല, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, ചണ്ഡിഗര്‍ എന്നിവിടങ്ങളില്‍ പ്രത്യേക സാമ്പത്തിക മേഖലകളിലടക്കം 32 ദശലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലം ഡിഎല്‍എഫിനുണ്ട്. താരാമണി പദ്ധതിയിലൂടെ ഗുരുഗ്രാമിന് ശേഷം ചെന്നൈ ഡിഎല്‍എഫിന്റെ രണ്ടാമത്തെ വലിയ വിപണിയായി മാറും. 10 വര്‍ഷം മുമ്പ് കമ്പനി തമിഴ്നാട് സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടിരുന്നുവെങ്കിലും വിവിധ കാരണങ്ങളാല്‍ പദ്ധതി തുടര്‍ന്നിരുന്നില്ല.ഐടി പാര്‍ക്കിന്റെ രൂപീകരണത്തോടെ പുതിയ തൊഴില്‍ സാധ്യതയും സൃഷ്ടക്കപ്പെടും.

ആദ്യ ഘട്ടത്തില്‍ 2.5 ദശലക്ഷം ചതുരശ്ര അടി വികസിപ്പിക്കാന്‍ കമ്പനി 1,200-1,500 കോടി രൂപ നിക്ഷേപിക്കും. മറ്റ് ഘട്ടങ്ങള്‍ ആറ് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡിഎല്‍എഫ് റെന്റല്‍ ബിസിനസ് മാനേജിംഗ് ഡയറക്ടര്‍ ശ്രീറാം ഖത്തര്‍ പറഞ്ഞു.
മനപാക്കം പ്രാന്തപ്രദേശത്തുള്ള ഡിഎല്‍എഫ് സൈബര്‍ സിറ്റി 7 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ളതാണ്. വാര്‍ഷിക വാടക വരുമാനം 550 കോടി രൂപ. ഭൂമി ഒഴികെ 4,000 കോടി രൂപയാണ് മനപാക്കത്തില്‍ കമ്പനി നിക്ഷേപിച്ചത്.15 വര്‍ഷം മുമ്പ് ആരംഭിച്ചതുമുതല്‍ 66,000 കോടി രൂപയുടെ കയറ്റുമതി വരുമാനമുണ്ടാക്കി മനപാക്കത്തുള്ള ഡിഎല്‍എഫ് സൈബര്‍ സിറ്റി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it