പ്രോപ്പര്‍ട്ടി വാങ്ങാൻ നിയമോപദേശം തേടിയോ? ഇല്ലെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

പ്രോപ്പര്‍ട്ടി വാങ്ങും മുന്‍പ് സെല്ലര്‍ കാണിക്കുന്ന സഹകരണവും പിന്തുണയുമൊന്നും വാങ്ങലിനു ശേഷവും തുടരണമെന്നില്ല എന്നതും മനസിലാക്കണം.

Housing, house

നിക്ഷേപത്തിനായോ സ്വന്തം ആവശ്യങ്ങള്‍ക്കായോ പ്രോപ്പര്‍ട്ടി (സ്ഥലമോ വീടോ) വാങ്ങാനൊരുങ്ങുകയാണോ നിങ്ങള്‍? നിയമപരമായ കാര്യങ്ങള്‍ മനസിലാക്കാനായി നിങ്ങള്‍ ഒരു വക്കീലിന്റെ സഹായം തേടിയോ? ഇല്ലെങ്കില്‍ ഒന്ന് ശ്രദ്ധിക്കൂ…

വളരെ കഷ്ടപ്പെട്ട് സമ്പാദിച്ച, ഭാവിയിലേക്ക് കരുതിവച്ച പണം മുടക്കിയാണ് ഓരോരുത്തരും പ്രോപ്പര്‍ട്ടി വാങ്ങാനൊരുങ്ങുന്നത്. എന്നാല്‍ നിയമപരമായ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താതിനാല്‍ ആയുഷ് കാലം മുഴുവന്‍ കേസും കൂട്ടവുമായി നടക്കേണ്ടി വരുന്നു.

ഒരു പ്രോപ്പര്‍ട്ടി വാങ്ങാനൊരുങ്ങുമ്പോള്‍ നിയമപരമായ തര്‍ക്കങ്ങള്‍, പാപ്പരത്വം എന്നിങ്ങനെ പല നൂലാമാലകളുമുണ്ടാകും. ചെറിയൊരു തുക നിയമ ഉപദേശത്തിനായി നീക്കി വച്ചാല്‍ ഈ തലവേദനകളെല്ലാം ഒഴിവാക്കാനാകും.

ലിമിറ്റേഷന്‍ ആക്റ്റ് 1963 പ്രകാരം ഇമ്മൂവബ്ള്‍ പ്രോപ്പര്‍ട്ടിയുടെ കൈവശാവകാശവുമായി ബന്ധപ്പെട്ട് കേസ് ഫയല്‍ ചെയ്യാനുള്ള സമയം വ്യക്തികള്‍ക്ക് 12 വര്‍ഷവും ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് 30 വര്‍ഷവുമാണ്. അതിനാല്‍ താഴെപറയുന്ന രേഖകള്‍, ഏറ്റവും കുറഞ്ഞത് 13 വര്‍ഷത്തെയെങ്കിലും(30 വര്‍ഷമാണ് അഭികാമ്യം) ശേഖരിച്ചു വയ്ക്കുകയും പ്രോപ്പര്‍ട്ടി വില്‍പ്പനക്കാരന്റെ ഉടമസ്ഥാവകാശത്തെ കുറിച്ച്, വാങ്ങുന്നതിനു മുമ്പ് തന്നെ വ്യക്തത വരുത്താന്‍ വേണ്ട നിയമോപദേശം തേടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

1. 13 മുതല്‍ 30 വര്‍ഷം മുമ്പ് വരെയുള്ള ഉടമസ്ഥാവകാശരേഖകള്‍

2. ഈ കാലയളവിലെ ബാധ്യതാ സര്‍ട്ടിഫിക്കറ്റ്

3. ഏറ്റവും പുതിയ കരമടച്ച രസീപ്റ്റ്

4. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്

5. അടിസ്ഥാന നികുതി സര്‍ട്ടിഫിക്കറ്റ്

6. ലൊക്കേഷന്‍ സ്‌കെച്ച്

7. സോണ്‍ സര്‍ട്ടിഫിക്കറ്റ്

8. തണ്ടപ്പേര് രസീപ്റ്റ്

9. പുതിയ ബില്‍ഡിംഗ് ടാക്‌സ് രസീപ്റ്റ്

10. ബില്‍ഡിംഗ് പ്ലാന്‍ അനുമതിയും പ്രോപ്പര്‍ട്ടിയുടെ സ്‌കെച്ചും

ഇതിലേതെങ്കിലും കുറവുണ്ടെങ്കില്‍ ഉടമസ്ഥാവകാശം ഇല്ലെന്നോ അല്ലെങ്കില്‍ ഇതെല്ലാം ഉള്ളതുകൊണ്ട് ഉടമസ്ഥാവകാശം കൃത്യമാണെന്നോ പറയാനാകില്ല. പ്രോപ്പര്‍ട്ടിയുടെ മേല്‍ വില്‍പ്പനക്കാരന് പൂര്‍ണ ഉടമസ്ഥാവകാശം ഉണ്ടെന്നു ഉറപ്പു വരുത്താന്‍ ഈ സര്‍ട്ടിഫിക്കറ്റുകളെല്ലാം ഒരു വക്കീലിനെ കാണിച്ച് അതിന്റെ സാധുത ഉറപ്പു വരുത്തണം. ഉടമസ്ഥാവകാശത്തില്‍ മറ്റാരുടെയെങ്കിലും പേര് പരമാര്‍ശിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കും വില്‍പ്പനക്കാരന്റെ അതേ അവകാശം പ്രോപ്പര്‍ട്ടിയിലുണ്ടാകും. ഇതു മാത്രം മതിയാകും നീണ്ട കാലത്തെ നിയമവ്യവഹാരത്തിന്.

രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതിലെന്തെങ്കിലും വിടവുകളുണ്ടെങ്കില്‍ വക്കീല്‍ നിങ്ങളോട് സപ്പോര്‍ട്ടിംഗ് ഡോക്യുമെന്റുകള്‍ ആവശ്യപ്പെട്ടേക്കാം. ഇനി ചെറിയ പ്രശ്‌നങ്ങളുണ്ടെങ്കിലും, നിങ്ങള്‍ക്ക് ആ പ്രോപ്പര്‍ട്ടി തന്നെ വാങ്ങാനാണ് ആഗ്രഹമെങ്കില്‍ ഉടമസ്ഥാവകാശത്തിലുള്ള ഈ കുറവുകള്‍ എങ്ങനെ പരിഹരിക്കാമെന്നതിനെ കുറിച്ചുള്ള നിയമോപദേശവും വക്കീലിന് നല്‍കാനാകും.

സെല്ലര്‍ക്ക് (വിൽക്കുന്നയാൾക്ക്) പൂര്‍ണമായ ഉടമസ്ഥാവകാശമുണ്ടോ, അല്ലെങ്കില്‍ എന്തു തരം അവകാശമാണ് പ്രോപ്പര്‍ട്ടിയില്‍ സെല്ലര്‍ക്കുള്ളത് എന്നൊന്നും സാധാരണക്കാരായ ആളുകള്‍ക്ക് വിലയിരുത്തി ഉറപ്പു നല്‍കാനാകില്ല.

പ്രോപ്പര്‍ട്ടി വാങ്ങും മുന്‍പ് സെല്ലര്‍ കാണിക്കുന്ന സഹകരണവും പിന്തുണയുമൊന്നും വാങ്ങലിനു ശേഷവും തുടരണമെന്നില്ല എന്നതും മനസിലാക്കണം. അതിനാല്‍ പ്രോപ്പര്‍ട്ടി വാങ്ങും മുന്‍പ് തന്നെ എല്ലാ രേഖകളും നിയപരമായി പരിശോധിച്ച് ഉറപ്പാക്കുക. കൂടാതെ വില്‍പ്പന കരാര്‍ മതിയായ സ്റ്റാംപുകള്‍ പതിച്ച് രജസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കണം.

 

Disclaimer: വായനക്കാര്‍ക്ക് പൊതുവായ ചില വിവരങ്ങള്‍ ലഭ്യമാക്കുക എന്നതു മാത്രമാണ് 
ലേഖനത്തിന്റെ ഉദ്ദേശ്യം. നിയമോപദേശം തേടുന്നതിനു ബദലായി ഈ ലേഖനം ഉപയോഗിക്കരുത്.

LEAVE A REPLY

Please enter your comment!
Please enter your name here