വീട് വാങ്ങാന്‍ പറ്റിയ പ്രായം ഏതാണ്?

യുവത്വത്തില്‍ തന്നെ ഒരു വീട് സ്വന്തമാക്കുന്നത് വലിയൊരു നേട്ടം തന്നെയാണ്. സ്വന്തമായൊരു വീട് എല്ലാവരുടെയും സ്വപ്‌നമാണ്. ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപമാണത്. പക്ഷെ വീട് സ്വന്തമാക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രായമേതാണ്? കരിയര്‍ ആരംഭിക്കുന്ന പ്രായത്തിലേ വേണോ അതോ സാമ്പത്തികസ്ഥിതി സുസ്ഥിരമാകുന്ന സമയത്തുമതിയോ?

ജോലി തുടങ്ങുന്ന സമയത്ത് ഒരു വീട് വാങ്ങുകയെന്നത് ആലോചിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരിക്കും. എന്നാല്‍ വരുമാനം പതിയെ കൂടുകയും വാടക കൊടുത്ത് മടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആ തുക കൊണ്ട് പുതിയ വീടിന്റെ ഇഎംഐ അടച്ചുകൂടെ എന്ന് ചിന്തിക്കും. മറ്റുള്ളവര്‍ പണം സമ്പാദിച്ചുവെച്ച് പിന്നീട് വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. രണ്ടിനും അതിന്റെതായ ഗുണവും ദോഷവുമുണ്ട്.

നേരത്തെ വീട് വാങ്ങുന്നതിന്റെ ഗുണങ്ങള്‍

1.നേരത്തെ വീട് വാങ്ങുമ്പോള്‍ യൗവ്വനകാലത്തുതന്നെ ഒരു വലിയ നേട്ടം സ്വന്തമാക്കിയതിന്റെ ത്രില്ലും അഭിമാനവുമുണ്ടാകും.

2. വാടകവീട്ടില്‍ കഴിയുന്നതിനെ അപേക്ഷിച്ച് സ്വന്തം വീട്ടില്‍ താമസിക്കുന്നതിന്റെ സുഖവും സന്തോഷവുമുണ്ടാകും.

3. റിട്ടയര്‍മെന്റിന് മുമ്പ് ലോണ്‍ തുക അടച്ചുതീര്‍ക്കാന്‍ സാധിക്കും. സമാധാനത്തോടെ റി്ട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കാം.

4. ഭവനവായ്പ എടുക്കുന്നവര്‍ക്ക് ആദായനികുതി ഇളവുകള്‍ ലഭിക്കുന്നു.

5. വായ്പ എടുക്കുന്നതോടെ ജീവിതത്തില്‍ ഒരു സാമ്പത്തിക അച്ചടക്കമുണ്ടാകുന്നു.

6. വായ്പ അടച്ചുകഴിയുന്ന സമയം ആകുമ്പോഴേക്കും നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യവും വളരെയേറെ വര്‍ധിച്ചിട്ടുണ്ടാകും. എന്നാല്‍ പണം കൂട്ടിവെച്ചാല്‍ പണപ്പെരുപ്പം നിങ്ങളുടെ സമ്പാദ്യത്തിന്റെ മൂല്യം കുറയ്ക്കും.

എന്നാല്‍ ഇതിന് മറുവശവുമുണ്ട്.

നേരത്തെ വീട് വാങ്ങുന്നതിന്റെ ദോഷങ്ങള്‍:

1. തനിക്ക് എക്കാലവും കൃത്യമായ വരുമാനമുണ്ടാകും എന്ന ധാരണയിലാണ് എല്ലാവരും വായ്പയെടുക്കുന്നത്. എന്നാല്‍ വരുമാനമാര്‍ഗം നിലയ്ക്കുന്ന സാഹചര്യത്തില്‍ മറ്റ് ചെലവുകള്‍ക്കൊപ്പം ഭവനവായ്പയും ചേരുന്നതോടെ ജീവിതം ദുസഹമായേക്കാം. മാസവരി അടയ്ക്കാന്‍ കഴിയാതിരുന്നാല്‍ ബാങ്ക് റിക്കവറി പ്രോസസുകള്‍ ആരംഭിക്കും.

2. ആവശ്യത്തിന് സാമ്പത്തികസുസ്ഥിരതയില്ലാതെ വീട് വാങ്ങിയാല്‍ മൊത്തത്തിലുള്ള സാമ്പത്തികസ്ഥിതി തകിടം മറിഞ്ഞെന്നിരിക്കും. അനാവശ്യസമ്മര്‍ദ്ദങ്ങള്‍ക്ക് കാരണമാകും.

3. പലര്‍ക്കും ഭവനവായ്പയുടെ മാസവരി അടച്ച് മറ്റ് ചെലവുകളും കഴിഞ്ഞാല്‍ പിന്നെ ബാക്കി തുകയൊന്നും ഇല്ലാത്ത അവസ്ഥയായിരിക്കും. ഭാവിയിലേക്ക് മിച്ചം പിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ സാഹചര്യം വഷളാകാം.

4. ജോലി ചെയ്യുന്നവര്‍ക്ക് ഇടയ്ക്ക് സ്ഥലംമാറ്റം കിട്ടിയാല്‍ പുതിയ വീട് ഉപേക്ഷിച്ച് പോകേണ്ടിവരും.

5. വസ്തുവിന്റെ മൂല്യം ഉയരാത്ത സാഹചര്യമാണെങ്കില്‍ നിങ്ങള്‍ മുടക്കിയ തുക ഡെഡ് ഇന്‍വെസ്റ്റ്‌മെന്റ് ആയിക്കിടക്കുന്ന അവസ്ഥയായിരിക്കും.

നേരത്തെ വീട് വാങ്ങേണ്ടതുണ്ടോ?

ഇതിന് ഒറ്റ ഉത്തരമേയുള്ളു. നേരത്തെ വീട് വാങ്ങണോ എന്ന് തീരുമാനിക്കേണ്ടത് ഇപ്പോള്‍ ഇത്രയും വലിയൊരു സാമ്പത്തിക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നിങ്ങളുടെ സാഹചര്യം അനുവദിക്കുന്നുണ്ടോ എന്ന് പരിശോധിച്ചാണ്. ഡൗണ്‍ പേയ്‌മെന്റ്, രജിസ്‌ട്രേഷന്‍ തുടങ്ങിയ ചെലവുകളെക്കുറിച്ച് കൃത്യമായ അവബോധമുണ്ടാകണം. ജോലി നഷ്ടപ്പെടുക പോലെ നിങ്ങളുടെ വരുമാന സ്രോതസ് നിലയ്ക്കുന്ന സാഹചര്യമുണ്ടായാല്‍ ഇഎംഐ എങ്ങനെ അടയ്ക്കുമെന്ന് ആസൂത്രണം ചെയ്യുക. കൃത്യമായ പ്ലാനിംഗില്ലാതെ വീട് വാങ്ങാന്‍ ഒരുങ്ങിയാല്‍ ജീവിതം ദുസഹമാകാം. അതുപോലെ ഭാവിയില്‍ മൂല്യം കൂടുമെന്ന് ഉറപ്പുള്ള സ്ഥലം നോക്കി കരുതലോടെ വാങ്ങുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it