ഫണ്ടിംഗ് വറ്റുന്നു; റിയൽ എസ്റ്റേറ്റ് മേഖലയെ കാത്തിരിക്കുന്നത് ദുർഘടമായ ദിനങ്ങൾ 

രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലക്ക് കനത്ത പ്രഹരമായി ഫണ്ടിംഗ് ക്ഷാമം. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ നേരിടുന്ന ലിക്വിഡിറ്റി പ്രതിസന്ധി റിയൽ എസ്റ്റേറ്റ് മേഖലയുടെ പ്രവർത്തനങ്ങൾ അക്ഷരാർത്ഥത്തിൽ മരവിപ്പിച്ചിരിക്കുകയാണ്.

പ്രതിസന്ധിയുടെ തുടക്കം

ഐഎൽ & എഫ്എസിന്റെ വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് രാജ്യത്തെ എൻബിഎഫ്സികൾക്കിടയിൽ പണലഭ്യത സംബന്ധിച്ച പ്രശ്നം രൂക്ഷമായത്. ബാങ്കിതര സ്ഥാപനങ്ങളുടെ റിയൽ എസ്റ്റേറ്റ് മേഖലയിലുള്ള ക്രെഡിറ്റ് എക്സ്‌പോഷർ മൊത്തം വായ്പയുടെ 7.5 ശതമാനം വരും. അതായത് ഏകദേശം 1.65 ലക്ഷം കോടി രൂപ.

കിട്ടാക്കടം പെരുകിയതോടെ ബാങ്കുകൾ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾക്ക് വായ്പ നൽകുന്നത് മരവിപ്പിക്കുകയായിരുന്നു. അതിനുശേഷം എൻബിഎഫ്സികളും ഹൗസിംഗ് ഫിനാൻസ് കമ്പനികളും (HFCs) മാത്രമായിരുന്നു ആശ്രയം. കഴിഞ്ഞ രണ്ട് വർഷക്കാലം ഈ രംഗത്തെ ബാങ്ക് വായ്പ വളർച്ച വെറും ഏഴു ശതമാനം മാത്രമായിരുന്നപ്പോൾ എൻബിഎഫ്സികളും ഹൗസിംഗ് ഫിനാൻസ് കമ്പനികളും റിയൽ എസ്റ്റേറ്റ് വായ്പയിൽ 25-35 ശതമാനത്തോളം വളർച്ച രേഖപ്പെടുത്തി.

എന്നാലിപ്പോൾ ഇവരും റിയൽ എസ്റ്റേറ്റുകാർക്ക് വായ്പ നൽകുന്നത് നിർത്തി വച്ചിരിക്കുകയാണ്. അടുത്ത രണ്ടു മാസത്തിനുള്ളിൽ മ്യൂച്വൽ ഫണ്ടുകൾ സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന നിരവധി കൊമേർഷ്യൽ പേപ്പറുകൾ മെച്വർ ആകുന്നത് എൻ.ബി.എഫ്.സികൾക്ക് കടുത്ത സാമ്പത്തിക ഞെരുക്കം ഉണ്ടാക്കുമെന്നാണ് സൂചനകൾ. അതുകൊണ്ട് തന്നെ അടുത്തെങ്ങും എൻ.ബി.എഫ്.സികളിൽ നിന്ന് ഒരു സഹായം പ്രതീക്ഷിക്കാനാവില്ല. സർക്കാർ പ്രശ്നത്തിൽ ഇടപെടണമെന്നാണ് റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവരുടെ ആവശ്യം.

മോദിക്ക് കത്തയച്ച് ക്രെഡായ്

ഇതേതുടർന്ന് ഇന്ത്യയിലെ സ്വകാര്യ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ ഉന്നതതല സംഘടനയായ ക്രെഡായ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു.

റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് വായ്പ ലഭ്യമാക്കുന്നതിനുള്ള തടസം ഒഴിവാക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത്.

ഫണ്ടിംഗ് ഇല്ലാത്തതിനാൽ നിർമ്മാണത്തിലിരിക്കുന്ന പ്രൊജക്ടുകൾ പലതും മുഴുവനാക്കാൻ ഡെവലപ്പർമാർക്ക് സാധിക്കുന്നില്ല. രാജ്യത്തെ മുഴുവൻ റിയൽ എസ്റ്റേറ്റ് ഇക്കോസിസ്റ്റം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണെന്നും ക്രെഡായ് കത്തിൽ പറയുന്നു.

ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾ, ആശങ്കകൾ

പൂർത്തിയാക്കാത്ത പ്രൊജെക്ടുകളുടെ എണ്ണം കൂടുകയാണ്. മാത്രമല്ല ഡിമാൻന്റും കുറവാണ്. പ്രവർത്തന ചെലവുകൾക്ക് പണം കണ്ടെത്താൻ രാജ്യത്തെ പല ഡെവലപ്പർമാരും ഡിസ്ട്രസ്സ് സെയിൽ (കിട്ടുന്ന വിലയ്ക്ക് പ്രോപ്പർട്ടി വിൽക്കുന്ന സാഹചര്യം) നടത്തിക്കൊണ്ടിരിക്കുകയാണ്. അപ്പാർട്ടുമെന്റുകളുടെയും മറ്റ് പ്രോപ്പർട്ടികളുടെയും വിലയിടിയുന്ന സാഹചര്യമാണുള്ളത്.

റേറ ചട്ടങ്ങൾ നിലവിൽ വന്നതോടെ സമയത്തിന് പ്രൊജക്ടുകൾ തീർത്തുനൽകാൻ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ മേലുള്ള സമ്മർദ്ദം വളരെ വലുതാണ്. ഈ സാഹചര്യത്തിലാണ് ധനകാര്യ സ്ഥാപനങ്ങൾ ഫണ്ടിംഗ് നിർത്തലാക്കുന്നത്.

പറഞ്ഞ സമയത്തിനകം നിർമ്മാണം പൂർത്തിയാക്കിയില്ലെങ്കിൽ കരാർ പ്രകാരമുള്ള നഷ്ടപരിഹാരം 12 ശതമാനം വാർഷികപലിശയും ചേർത്ത് നിക്ഷേപകന് തിരികെ നൽകണമെന്നാണ് പുതിയ ചട്ടത്തിലെ വ്യവസ്ഥ.

എന്താണ് പ്രതിവിധി?

ക്രെഡായ് പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ ഒരു നിർദേശം മുന്നോട്ട് വെയ്ക്കുന്നുണ്ട്. നിർമ്മാണത്തിലിരിക്കുന്ന പ്രൊജക്ടുകൾ തീർക്കാൻ 'സ്ട്രെസ്സ്ഡ് അസറ്റ് ഫണ്ട്' എന്നൊരു ഫണ്ട് രൂപീകരിക്കുക. ഈ ഫണ്ട് നിർമ്മാണത്തിന്റെ അവസാനഘട്ടത്തിൽ എത്തിനിൽക്കുന്ന പ്രോജക്ടുകൾ തീർക്കാൻ സഹായിക്കും.

ബാങ്ക് ലോണുകൾക്ക് ഒറ്റതവണ പുനക്രമീകരണത്തിനുള്ള സ്കീം, പൂർത്തിയാക്കാൻ സാധിക്കുന്ന പ്രോജക്ടുകൾക്ക് ആർബിഐയുടെ പി.സി.എ ചട്ടങ്ങളിൽ ഇളവ് തുടങ്ങിയവ ക്രെഡായ് മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളിൽ ചിലതാണ്.

രാജ്യത്തിൻറെ ജിഡിപിക്ക് ഏറ്റവുമധികം സംഭാവന നൽകുന്ന രണ്ടാമത്തെ മേഖല എന്ന നിലയിൽ സർക്കാർ റിയൽ എസ്റ്റേറ്റ് രംഗത്തിന് വേണ്ടി ഉണർന്ന് പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ.

കേരളത്തെ സംബന്ധിച്ച് പ്രളയം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറും മുൻപേ വന്ന ഫണ്ടിംഗ് ക്ഷാമം ഇവിടത്തെ റിയൽ എസ്റ്റേറ്റ് ബിസിനസിനെ വളരെ പ്രതികൂലമായി ബാധിക്കും. റിയൽ എസ്റ്റേറ്റ് മേഖലയുടെ തിരിച്ചുവരവ് വീണ്ടും വൈകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it