സ്ഥലവില എങ്ങോട്ട്?

കോഴിക്കോട്ടെ യുവസംരംഭകനായ മുഹമ്മദ് നാസിര്‍ അപ്രതീക്ഷിതമായി കുറച്ച് പണം കൈയില്‍ വന്നപ്പോള്‍ അത് എവിടെ നിക്ഷേപിക്കുമെന്ന ആലോചനയിലായി. നേരത്തെയാണെങ്കില്‍ എവിടെയെങ്കിലും കുറച്ച് ഭൂമി വാങ്ങിയിടാന്‍ മറ്റൊന്നും ആലോചിക്കുമായിരുന്നില്ല. കുടുംബത്തില്‍ തന്നെ ഭൂമിയിലെ നിക്ഷേപത്തിലൂടെ നേട്ടം കൊയ്തവര്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ മുഹമ്മദ് അത് നിശ്ചിതകാലത്തേക്ക് മൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാനാണ് തീരുമാനിച്ചത്.

ഭൂമി ഇന്നൊരു ആകര്‍ഷകമായ നിക്ഷേപമല്ലാതായി മാറിയിരിക്കുന്നു. വില കുറയുന്നു എന്നതു മാത്രമല്ല, ആളുകള്‍ വാങ്ങാനായി മുന്നോട്ട് വരുന്നില്ല എന്നതും ഇതിന് കാരണമാണ്.

മലയാളിയും മംഗലാപുരത്ത് സ്ഥിരതാമസക്കാരനുമായ മുഹമ്മദ് റൗഫിന്റെ പ്രശ്‌നം മറ്റൊന്നാണ്. കാസര്‍കോട് നഗരത്തില്‍ രണ്ടു കെട്ടിടങ്ങളിലായി 40,000 ചതുരശ്രയടി സൗകര്യം ഒരുക്കിയിട്ട് വര്‍ഷം മൂന്നു കഴിഞ്ഞു. അതിന്റെ ഗ്രൗണ്ട് ഫ്‌ളോര്‍ പോലും വാടകയ്ക്ക് എടുക്കാന്‍ ആരും വരുന്നില്ല. വയനാട്ടിലെ കൃഷിയിടങ്ങളായാലും കോട്ടയം ജില്ലയിലെ റബര്‍ തോട്ടങ്ങളായാലും തിരുവനന്തപുരത്തെയോ കൊച്ചിയിലേയോ അപ്പാര്‍ട്ട്‌മെന്റുകളായാലും ഇതുതന്നെ സ്ഥിതി. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇടപാടുകള്‍ നന്നേ കുറഞ്ഞിരിക്കുന്നു. വീട് വെക്കാന്‍ മാത്രമാണ് ഇപ്പോള്‍ ഭൂമി വില്‍പ്പന നടക്കുന്നത്. അപ്പാര്‍ട്ട്‌മെന്റുകളുടെ വില വര്‍ധിക്കാനുള്ള സാഹചര്യമുണ്ടെങ്കിലും ഭൂമി വിലയില്‍ അടുത്തൊന്നും പ്രകടമായൊരു മാറ്റം ആരും പ്രതീക്ഷിക്കുന്നില്ല.

ഭൂമി വിലയ്ക്ക് എന്തു സംഭവിക്കുന്നു?

രണ്ടു വര്‍ഷം മുമ്പു വരെ കേരളത്തില്‍ ഭൂമി കച്ചവടം ഒരു ചൂതാട്ടം പോലെയായിരുന്നു. ഭൂമി വാങ്ങി മറിച്ചു വില്‍ക്കാന്‍ ഇടനിലക്കാര്‍ മത്സരിച്ചു. മോഹവില കൊടുത്തും ഭൂമി വാങ്ങാന്‍ ആളുകള്‍ വന്നു. യാഥാര്‍ത്ഥ്യത്തിനു നിരക്കാത്ത നിരക്ക് വന്നതോടെ സാധാരണക്കാരന് ഭൂമി വാങ്ങി വീട് വെക്കാന്‍ പോലും കഴിയാതെ വന്നു. ഭൂമി വില്‍പ്പനയുടെ വേഗം കുറയുകയും ചെയ്തു. അപ്പോഴാണ് നോട്ട് പിന്‍വലിക്കല്‍ നടപടി വരുന്നത്. ഇതോടെ ഭൂമി കച്ചവടം ഏറെക്കുറെ അവസാനിച്ചു. ഇടപാടുകള്‍ ബാങ്കുകളിലൂടെയായപ്പോള്‍ കള്ളപ്പണം ഒഴുക്ക് നിലക്കുകയും ഭൂമി വാങ്ങാന്‍ ആളില്ലാതാവുകയും ചെയ്തു. ഭൂമി മറിച്ചു വില്‍ക്കാനായി വന്‍ തുകയ്ക്ക് വാങ്ങിയിട്ടവര്‍ പലരും പ്രതിസന്ധിയിലായി. വില കുറച്ചാല്‍ വലിയ നഷ്ടം വരും. വാങ്ങിയ വില പോലും വിറ്റാല്‍ കിട്ടാനില്ലെന്ന സ്ഥിതിയും. ഭൂമി കച്ചവടക്കാര്‍ സ്ഥലം വാങ്ങിയ പ്രദേശങ്ങളിലെല്ലാം വില കൂടിയതിനാല്‍ ഇപ്പോഴും അതേ തുകയാണ് ആളുകള്‍ ചോദിക്കുന്നത്.

പകുതിയായി കുറഞ്ഞു

തിരുവനന്തപുരം കവടിയാര്‍ ഭാഗത്ത് ഭൂമി വില സെന്റിന് 50 ലക്ഷം വരെ ഉയര്‍ന്നിരുന്നതാണ് ഇപ്പോള്‍ 35 ലക്ഷം രൂപയൊക്കെയായിട്ടുണ്ട്. എന്നിട്ടും വലിയ തോതില്‍ ആവശ്യക്കാര്‍ എത്തുന്നില്ല. ബൈപ്പാസ് റോഡില്‍ സെന്റിന് 25 ലക്ഷത്തിലധികം ആവശ്യപ്പെടുന്നു. എന്നാല്‍ 20 നും താഴെയാണ് വില്‍പ്പന നടക്കുന്നത്. മാളുകളടക്കം വികസന സാധ്യതയേറെയുള്ള പ്രദേശമായിട്ടു പോലും ഇതാണ് സ്ഥിതി. വെള്ളയമ്പലം, വഴുതക്കാട്, ശാസ്തമംഗലം എന്നി

വിടങ്ങളിലൊക്കെ 25 ലക്ഷം രൂപയില്‍ താഴെ കൊടുത്താല്‍ ഒരു സെന്റ് ഭൂമി ലഭിക്കും. കോട്ടയം കാഞ്ഞിരമറ്റം ഭാഗങ്ങളില്‍ വിലയില്‍ 40 ശതമാനത്തിലേറെ കുറവുണ്ടായിട്ടുണ്ട്. ഇവിടെ കൊഴുവനാലില്‍ നാലു വര്‍ഷം മുമ്പ് ഏക്കറിന് 60 ലക്ഷം രൂപയ്ക്ക് വാങ്ങിയ സ്ഥലം കുറച്ചു നാള്‍ മുമ്പ് 45 ലക്ഷം രൂപയ്ക്കാണ് വിറ്റത്. അതിന് ഇപ്പോള്‍ 28 ലക്ഷം പറഞ്ഞിട്ടു പോലും വാങ്ങാന്‍ ആളില്ലെന്ന സ്ഥിതിയാണ്. ഇടുക്കിയിലും സ്ഥിതി വ്യത്യസ്തമല്ല. കട്ടപ്പന ടൗണില്‍ നാലു വര്‍ഷം മുമ്പ് 27 ലക്ഷം രൂപയ്ക്ക് വാങ്ങിയ സ്ഥലം ഈയിടെ വിറ്റത് 18 ലക്ഷം രൂപയ്ക്ക്. അത്യാവശ്യക്കാര്‍ നഷ്ടം സഹിച്ചും വില്‍ക്കാന്‍ തയാറാകുന്നു. ആലപ്പുഴ ചേര്‍ത്തല ഭാഗങ്ങളിലും അറുപത് ശതമാനത്തോളം വില്‍പ്പന കുറഞ്ഞുവെന്നാണ് കണക്ക്. വിലയിലും കുറവു വന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി തുടങ്ങിയ ഭാഗങ്ങളില്‍ സ്ഥലവില പകുതിയായി കുറഞ്ഞു. റോഡരികില്‍ വീട് വെക്കാന്‍ സൗകര്യമുള്ള ഭൂമിക്ക് മാത്രം ആവശ്യക്കാരുണ്ട്.

കൊച്ചിയിലും വില കുറഞ്ഞു

എറണാകുളത്ത് സെന്റിന് 50-70 ലക്ഷം രൂപയൊക്കെ കിട്ടിയിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് അങ്ങനെയൊരു വില തന്നെ കേള്‍ക്കാനില്ല. ഏറെ ഡിമാന്‍ഡുള്ള കാക്കനാട് ഭാഗങ്ങളില്‍ 6-12 ലക്ഷം രൂപയ്ക്ക് ഒരു സെന്റ് ഭൂമി ലഭിക്കും. കടവന്ത്രയാണ് മറ്റൊരു ഹോട്ട് സ്‌പോട്ട്. ഇവിടെയും സെന്റിന് 15-20 ലക്ഷം രൂപയേ ഇപ്പോഴുള്ളൂവെന്ന് റിയല്‍ എസ്‌റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. കൊച്ചി മെട്രോ റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് ഒരു പരിധി വരെ ഉണര്‍വ് പകര്‍ന്ന ഒന്നാണ്.

മലപ്പുറത്ത് നഗരത്തില്‍ 30 ലക്ഷം രൂപയൊക്കെ സെന്റിന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അത് ലഭിക്കുന്നില്ല, കച്ചവടം നടക്കുന്നുമില്ല. ബൈപ്പാസ് മേഖലയാണ് ഹോട്ട്‌സ്‌പോട്ട് എന്ന് പറയാവുന്ന മേഖല. അവിടെ 10 മുതല്‍ 25 ലക്ഷം രൂപയൊക്കെ ചോദിക്കുന്നുണ്ട്. പെരിന്തല്‍മണ്ണയില്‍ 30 ലക്ഷവും കോട്ടക്കലില്‍ 25 ലക്ഷവുമൊക്കെയാണ് വില ചോദിക്കുന്നത്. ഉള്‍പ്രദേശങ്ങളില്‍ 10,000 രൂപയ്ക്ക് വരെ ഭൂമി ലഭിക്കുന്നുണ്ട്.

പാലക്കാട്ട് ജില്ലയില്‍ പാലക്കാട് നഗരപരിധിയില്‍ നിന്ന് വിട്ടാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി തുടങ്ങിയ രണ്ടാംകിട നഗരങ്ങളിലാണ് പുതിയ കാര്യങ്ങള്‍ നടക്കുന്നത്. ഇവിടങ്ങളില്‍ 25 ലക്ഷം രൂപ വരെ സെന്റിന് ചോദിക്കുന്നുണ്ട്. കുറച്ചു ഉള്ളിലേക്ക് മാറിയാണെങ്കില്‍ 4-5 ലക്ഷം രൂപയ്ക്കും കിട്ടും. വടക്കഞ്ചേരി മംഗലം ഡാം ഭാഗങ്ങളില്‍ മുമ്പ് ഏക്കറിന് 40 ലക്ഷം രൂപ വിലയുണ്ടായിരുന്ന റബ്ബര്‍ തോട്ടങ്ങള്‍ക്ക് ഇപ്പോള്‍ 25 ലക്ഷം രൂപ പോലും ലഭിക്കാത്ത സ്ഥിതിയാണ്. വടക്കാഞ്ചേരി ആലത്തൂര്‍ ഭാഗങ്ങളില്‍ കോയമ്പത്തൂര്‍-തൃശൂര്‍ പാത കടന്നു പോകുന്നതിനാല്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇപ്പോഴും 30-40 ലക്ഷം രൂപ ഈ ഭാഗത്ത് ഉണ്ട്. അട്ടപ്പാടി, കൊഴിഞ്ഞാമ്പാറ തുടങ്ങിയിവിടങ്ങളില്‍ 15,000 രൂപ മുതല്‍ക്ക് ഒരു സെന്റ് ഭൂമി ലഭിക്കും.

കോഴിക്കോട് ഭൂമി വിലയില്‍ പ്രകടമായ മാറ്റമില്ലെന്ന് പറയുമ്പോഴും വില്‍പ്പന നടക്കാത്തതിനാല്‍ യഥാര്‍ത്ഥ സ്ഥിതി എന്തെന്ന് വ്യക്തമായിട്ടില്ല. മറ്റെല്ലായിടങ്ങളിലുമെന്ന പോലെ വലിയ വില ഭൂമിക്ക് ചോദിക്കുന്നുണ്ടെങ്കിലും അത്രയൊന്നും ലഭിക്കാറില്ല. മാവൂര്‍ റോഡിലും മറ്റും 30-40 ലക്ഷം രൂപ സെന്റിന് ആവശ്യപ്പെടുന്നുണ്ട്. ടൗണിന് പുറത്താണ് കാര്യങ്ങള്‍ കുറച്ചു കൂടി നടക്കുന്നത്.

വടക്കന്‍ മലബാറിലും വിലയിടിവ് കണ്ണൂരില്‍ പുതിയ ബസ്സ് സ്റ്റാന്‍ഡ് ഭാഗങ്ങളിലാണ് ഭൂമിക്ക് വില കൂടുതല്‍.45 ലക്ഷം രൂപ വരെ ചോദിക്കുന്നുണ്ട്. താണയില്‍ 26 ലക്ഷം രൂപയും തളാപ്പ്, പള്ളിക്കുന്ന് എന്നിവിടങ്ങളിലൊക്കെ 10 ലക്ഷം രൂപ വരെയും ഉണ്ട്. എന്നാല്‍ ആ തുകയ്ക്ക് കച്ചവടം നടക്കുന്നു എന്ന് ഇതുകൊണ്ട് അര്‍ത്ഥമില്ല. വിലയുണ്ട്. എന്നാല്‍ ഇടപാട് നടക്കുന്നുമില്ല എന്ന സ്ഥിതി.

കാസര്‍കോട് നഗരത്തില്‍ എംജി റോഡില്‍ 40 ലക്ഷം രൂപ വിലയുണ്ടായിരുന്നതാണ്. ഇപ്പോള്‍ 15-18 ലക്ഷം രൂപയായി. പുതിയ ബസ്റ്റാന്റ് ഭാഗത്ത് ദേശീയപാതയോട് ചേര്‍ന്ന് 10 ലക്ഷം രൂപയ്ക്കാണ് ഈയിടെ സ്ഥലം വിറ്റു പോയത്. ഇവിടെ അടുത്ത് 18 ലക്ഷം രൂപയുണ്ടായിരുന്ന സ്ഥലം ഏഴു ലക്ഷത്തിനു വിറ്റു. വലിയ തുക പറയുകയും ആവശ്യം വരുമ്പോല്‍ പകുതി വിലയ്ക്ക് വരെ വില്‍ക്കുകയും ചെയ്യുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്.

എങ്ങനെ നേരിടും?

ഭൂമിയില്‍ നിക്ഷേപം നടത്തി പ്രതിസന്ധിയിലായവര്‍ നിരവധിയാണ്. എന്നാല്‍ വില കുറയുമ്പോഴും മറുതന്ത്രങ്ങള്‍ ആലോചിച്ച് ലാഭം നേടുന്നവരുമുണ്ട്. പാലക്കാട്, മലപ്പുറം ഭാഗങ്ങളില്‍ സ്ഥലം വാങ്ങിക്കൂട്ടിയവരില്‍ പലരും വായ്പയെടുത്ത് അതേ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പ്ലോട്ടുകളായി തിരിച്ച് വില്‍പ്പന നടത്തുകയും ചെയ്യുന്നു. കടമുറികളോ വീടുകളോ ഇത്തരത്തില്‍ നിര്‍മിച്ച് നല്‍കാം.

മറ്റൊന്ന് ഭൂവുടമകളെ കൂടി പങ്കാളികളാക്കി നടത്തുന്ന സംരംഭങ്ങളാണ്. കേരളത്തില്‍ പലയിടങ്ങളിലും ഇത് വിജയകരമായി നടക്കുന്നുണ്ട്. ഭൂമി കുറഞ്ഞ വിലയ്ക്ക് കൊടുത്തുവെന്നോ വലിയ വിലകൊടുത്തു വാങ്ങേണ്ടി വന്നുവെന്നോ ഇതില്‍ പരാതിപ്പെടാനില്ല. സംരംഭങ്ങളില്‍ നിന്ന് ഭൂവുടമയ്ക്ക് നിശ്ചിത നേട്ടം ലഭിക്കുകയും ചെയ്യും.

വടക്കേ മലബാറില്‍ നടക്കുന്ന മറ്റൊരു മാര്‍ഗം ഭൂമി പകരത്തിനു പകരം നല്‍കുക എന്നതാണ്. പണം അത്യാവശ്യമുള്ളവര്‍ കൂടുതല്‍ മൂല്യമുള്ള ഭൂമി കുറഞ്ഞ മൂല്യമുള്ള ഭൂമിയുമായി കൈമാറ്റം നടത്തുന്നു. ഇതില്‍ മൂല്യത്തില്‍ വരുന്ന വ്യത്യാസത്തിന് തുല്യമായ തുക മാത്രം വാങ്ങുന്നയാള്‍ വില്‍ക്കുന്നയാളിന് നല്‍കിയാല്‍ മതി. വലിയ തുകയ്ക്കുള്ള ഭൂമി പോലും ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്.

കേരളത്തിന് പുറത്ത് നിക്ഷേപം നടത്തുകയെന്നതാണ് പലരും ഇപ്പോള്‍ ചെയ്യുന്നത്. മംഗലാപുരം, ബാംഗളൂര്‍ എന്നിവിടങ്ങളിലൊക്കെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമുള്ള നിരവധി മലയാളികളുണ്ട്. മികച്ച നേട്ടം ലഭിക്കുന്നു എന്നതിനു പുറമേ നിയമങ്ങളിലുള്ള ഇളവും ഇതിന് പ്രേരണയാകുന്നു. ബാംഗ്‌ളൂരില്‍ മൂന്നു സെന്റ് സ്വന്തമായുള്ള ഒരു മലയാളി നിര്‍മിച്ചത് മൂന്നു നില കെട്ടിടമാണ്. അതില്‍ നിന്ന് വാടകയിനത്തില്‍ നല്ലൊരു തുക പ്രതിമാസം ലഭിക്കുകയും ചെയ്യുന്നു. നേരത്തെ കേരളത്തില്‍ ചെലവിടുന്ന ഒരു ലക്ഷം രൂപയ്ക്ക് 700 രൂപയെങ്കിലും പ്രതിമാസ റിട്ടേണ്‍ കിട്ടുമായിരുന്നു. എന്നാല്‍ വാടക നിരക്കിലുണ്ടായ ഇടിവും മറ്റും കാരണം ഇപ്പോഴത് 400 രൂപയൊക്കെയായി മാറി. അതേസമയം ബാംഗളൂര്‍ പോലുള്ള നഗരങ്ങളില്‍ ഇപ്പോഴും 800 രൂപ വരെ ലഭിക്കുന്നുണ്ട്.

കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിക്കൊണ്ടിരുന്നത് പ്രവാസികളാണ്. എന്നാല്‍ യുഎസ്, യുറോപ്പ് രാജ്യങ്ങളിലുള്ള പ്രവാസികള്‍ മുമ്പ് വാങ്ങിക്കൂട്ടിയവ വിറ്റൊഴിയാനുള്ള ശ്രമത്തിലാണ്. ഗള്‍ഫ് പണം സ്വാധീനിക്കുന്ന മലബാറിലും നിക്ഷേപം കുറഞ്ഞിട്ടുണ്ട്. അജ്മാനിലും മറ്റും മലയാളികള്‍ക്ക് റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്. അത് പിന്തുടര്‍ച്ചാവകാശികള്‍ക്ക് കൈമാറാനുള്ള നിയമവും അവിടെ ഉണ്ടായി. 75-80 ലക്ഷം രൂപയ്ക്ക് രണ്ട് ബെഡ്‌റൂം ഫ്‌ളാറ്റ് യുഎഇയില്‍ ലഭിക്കും. അത് വാടകയ്ക്ക് നല്‍കിയാല്‍ പ്രതിമാസം 60,000 രൂപ വരെ (പ്രതിവര്‍ഷ റിട്ടേണ്‍ 7.2 ലക്ഷം രൂപ) ലഭിക്കും! കേരളത്തിലാണ് ഈ നിക്ഷേപമെങ്കില്‍ ലഭിക്കുക കേവലം 12,000 രൂപ മാത്രമാണ്.

വിലയിടിവിനുള്ള കാരണങ്ങള്‍

  • ആളുകളുടെ കൈയില്‍ പഴയതുപോലെ പണം വരുന്നില്ല.
  • കര്‍ശനമായ നിയമങ്ങള്‍. നോട്ട് പിന്‍വലിക്കല്‍ പോലുള്ള നടപടികള്‍ വിപണിയിലെ കള്ളപ്പണം ഒരു പരിധി വരെ ഇല്ലാതാക്കി.
  • ആളുകളുടെ നിക്ഷേപ ശീലത്തില്‍ വന്ന മാറ്റം. ഭൂമിയോടുള്ള താല്‍പ്പര്യം കുറഞ്ഞു.
  • ഇപ്പോള്‍ യുഎഇ അടക്കമുള്ള രാജ്യങ്ങളില്‍ റിയല്‍ എസ്‌റ്റേറ്റില്‍ നിക്ഷേപിക്കാനും

    പരമ്പരാഗത സ്വത്ത് എന്ന നിലയില്‍ തലമുറകളിലേക്ക് കൈമാറാനും കഴിയുന്നു. ഇവിടെ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ റിട്ടേണ്‍ അവിടെ ലഭിക്കുന്നു. പ്രവാസികളുടെ നിക്ഷേപത്തിന്റെ വലിയൊരു പങ്ക് ഇങ്ങനെ കേരളത്തിന് നഷ്ടപ്പെടുന്നു.

  • നിയമങ്ങളില്‍ കുറച്ചു കൂടി ഇളവു ലഭിക്കുന്നതിനാല്‍ പലരും അന്യസംസ്ഥാനങ്ങളിലേക്ക് റിയല്‍ എസ്റ്റേറ്റ് നിക്ഷേപം മാറ്റുന്നു.
  • പലയിടങ്ങളിലും റബര്‍ തോട്ടത്തിനും മറ്റും ഏക്കറിന് 10-15 ലക്ഷം രൂപയാണ് മിനിമം വില നിശ്ചയിച്ചിരിക്കുന്നത്. അതിന് സോഴ്‌സ് കാണിക്കേണ്ടി വരുന്നതും പ്രശ്‌നമാണ്.
  • ചെറിയ കുടുംബങ്ങളിലെ മക്കള്‍ എല്ലാം വിദേശത്താകുമ്പോള്‍ ഭൂമി നോക്കി നടത്താന്‍ ആളില്ല. 60-70 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ സ്ഥലം ഇങ്ങനെ പലയിടത്തും വില്‍പ്പനയ്ക്കുണ്ട്.
  • റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളില്‍ 75-80 ശതമാനവും 50 വയസ്സിന് മുകളിലുള്ളവരാണ്. അവരുടെ മക്കള്‍ക്ക് നല്ല ജോലി ലഭിക്കുമ്പോള്‍ പലരും ടാപ്പിംഗ് ജോലി മതിയാക്കുന്നു. അതിനാല്‍ വലിയ തോട്ടങ്ങളൊക്കെ പരിപാലിച്ച് ആദായകരമായി മുന്നോട്ട് കൊണ്ടുപോകുക ബുദ്ധിമുട്ടാണ്.
  • തൊഴിലാളികളുടെ ലഭ്യതക്കുറവിന് പുറമേ അവരുടെ ജോലി സമയവും ഔട്ട്പുട്ടും കുറഞ്ഞതും കാര്‍ഷിക മേഖലയില്‍ പ്രശ്‌നം സൃഷ്ടിക്കുന്നു. ഇതെല്ലാം കൃഷിത്തോട്ടങ്ങളുടെ ഡിമാന്റ് കുറയ്ക്കുന്നു.

അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് വില ഉയര്‍ന്നേക്കും

അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും വിലയിടിവ് ഉണ്ടായിട്ടുണ്ടെങ്കിലും ഒരു പരിധിയില്‍ താഴെ വില കുറയ്ക്കുവാന്‍ സാധിക്കില്ല. നിര്‍മാണ ചെലവ് പരിഗണിക്കേണ്ടതുണ്ട്. നിര്‍മാണ വസ്തുക്കളുടെ വിലയും തൊഴിലാളികളുടെ കൂലിയും കൂടിക്കൊണ്ടിരിക്കുന്നതിനാല്‍ ബില്‍ഡര്‍മാര്‍ വില കുറയ്ക്കാതെ പിടിച്ചുനില്‍ക്കാന്‍ നോക്കും. മാത്രമല്ല റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയുടെ (റെറ) പുതിയ ചട്ടങ്ങള്‍ സംസ്ഥാനത്ത് നിലവില്‍ വന്നതോടെ ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്ന പദ്ധതികള്‍ പോലും നിശ്ചിത തുക അടച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇതും ബില്‍ഡര്‍മാര്‍ക്ക് അധിക ബാധ്യതയായിരിക്കുന്നു.

റെറ വരുന്നതോടെ പ്രോജക്റ്റുകളുടെ എണ്ണം കുറയുകയും അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ചതുരശ്രയടിക്ക് 500 രൂപയെങ്കിലും വര്‍ധിക്കുകയും ചെയ്യുമെന്നാണ് ഒരു വാദം. മഹാരാഷ്ട്രയിലും കര്‍ണാടകയിലുമെല്ലാം ഇത്തരത്തില്‍ പ്രോജക്റ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. അതേസമയം വില്‍പ്പന കൂടുകയും ചെയ്തു.

കൊച്ചിയിലും മറ്റും നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായാല്‍ മാത്രമേ ആളുകള്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നുള്ളൂ എന്നാണനുഭവം. വന്‍ തുക ഭൂമിക്ക് മുടക്കി അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മിക്കുമ്പോഴാണ് ബില്‍ഡര്‍മാര്‍ക്ക് വലിയ നഷ്ടം ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ നഗരപ്രാന്തങ്ങളിലേക്ക് നിര്‍മാണ പ്രവൃത്തികള്‍ മാറി വരുന്നുണ്ട്. വടക്കന്‍ കേരളത്തിലും പല അപ്പാര്‍ട്ട്ുമെന്റുകളും വാങ്ങാനാളില്ലാത്തതിനാല്‍ നിര്‍മാണം തന്നെ പ്രതിസന്ധിയിലായിരിക്കുന്നു. ഭൂമിവില കുറവുള്ള ഇടങ്ങളില്‍ സ്വന്തം വീട് എന്ന സങ്കല്‍പ്പത്തിലേക്ക് മലയാളി മാറിക്കൊണ്ടിരിക്കുന്നു.

വില എന്നുയരും?

നിലവിലെ സ്ഥിതിയില്‍ അടുത്തെങ്ങും വലിയ തോതിലുള്ള ഒരു വിലക്കയറ്റത്തിനുള്ള സാധ്യത കാണുന്നില്ലെന്നാണ് ഈ രംഗത്തുള്ളവരുടെ അഭിപ്രായം. നോട്ട് പിന്‍വലിക്കലും അതേ തുടര്‍ന്ന് ഉണ്ടായ പ്രശ്‌നങ്ങളും ഇപ്പോഴും പൂര്‍ണമായും ഇല്ലാതായിട്ടില്ല. സാമ്പത്തിക പ്രതിസന്ധി ബിസിനസ് സമൂഹത്തെയും പൂര്‍ണായും വിട്ടൊഴിഞ്ഞില്ലാത്തതിനാല്‍ അവരും ഭൂമി വാങ്ങലില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നു. കാര്‍ഷിക വിളകള്‍ക്ക് വിലയില്ലാത്തത് കൃഷി ഭൂമിയോടുള്ള താല്‍പ്പര്യവും കുറച്ചു. അടുത്ത മൂന്നു വര്‍ഷത്തേക്ക് വില വര്‍ധനവ് ഉണ്ടാകാനുള്ള ഒരു സാഹചര്യവും ഇല്ലെന്ന് കോഴിക്കോട്ടെ സെക്യുറ ഡെവലപേഴ്‌സ് സാരഥി എം എ മെഹബൂബ് പറയുന്നു.

നിലവിലെ വില പോലും ബില്‍ഡര്‍മാരെയും വീട് വെക്കാന്‍ ആഗ്രഹിക്കുന്നവരെയും സംബന്ധിച്ച് മുതലാവില്ലെന്ന സ്ഥിതിയാണ്, മെഹബൂബ് പറയുന്നു. സ്ഥലവില കൂടാനുള്ള സാഹചര്യമില്ലാത്തതിനാല്‍ കൈയിലുള്ള സ്ഥലം കൊണ്ട് കൂടുതല്‍ നേട്ടം കണ്ടെത്താനുള്ള വഴികളാണ് ഭൂവുടമകള്‍ തേടേണ്ടതെന്ന് പാലക്കാട് പഴേരി പ്രോപ്പര്‍ട്ടീസിന്റെ അബ്ദുല്‍ കരീം അഭിപ്രായപ്പെടുന്നു. അതേസമയം നിര്‍മാണ മേഖലയ്ക്ക് അനുകൂലമായ തരത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടായാല്‍ അത് ഭൂമി വിലയിലും പ്രതിഫലിക്കുമെന്ന് പ്രോപ്പര്‍ട്ടി നേഷന്റെ അബ്‌ജോ ജോയ് പറയുന്നു. രജിസ്‌ട്രേഷന്‍ ഫീ പുനഃക്രമീകരിക്കുകയും സ്റ്റാമ്പ് ഡ്യൂട്ടിയിലും മറ്റും ഇളവുകള്‍ അനുവദിക്കുകയും വേണം. ഈ രംഗത്ത് വിപ്ലവത്തിന് തുടക്കം കുറിക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണെന്ന് അദ്ദേഹം പറയുന്നു.

കൃഷി ഭൂമി ആര്‍ക്കും വേണ്ട

പ്ലാന്റേഷനുകളും മറ്റു കൃഷി ഭൂമികളും വാങ്ങാനുള്ള അന്വേഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ലെന്ന് സില്‍വര്‍ കോസ്റ്റ് പ്രോപ്പര്‍ട്ടീസ് സാരഥി ബിജു തോമസ് വെളിപ്പെടുത്തുന്നു. തൊഴില്‍ മേഖല ഒട്ടും അനുകൂലമല്ലാത്തതും പ്ലാന്റേഷനുകളുടെ ഡിമാന്റ് വന്‍തോതില്‍ ഇല്ലാതാക്കി. അതേസമയം തമിഴ്‌നാട്ടിലും കര്‍ണാടകയിലും പോയി തോട്ടങ്ങള്‍ വാങ്ങുന്നവര്‍ ഇപ്പോഴുമുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഹൈറേഞ്ച് പ്രദേശങ്ങളില്‍ പുറത്തു നിന്നുള്ളവരുടെ വരവ് നേരത്തെ നിലച്ചെങ്കിലും തദ്ദേശീയര്‍ കൃഷി ഭൂമി വാങ്ങുമായിരുന്നു. ഇപ്പോള്‍ അതും നിലച്ചു. ഏലത്തിന്റെ വില കുറഞ്ഞതോടെ ഏലത്തോട്ടങ്ങളുടെ വിലയിലും വലിയ തകര്‍ച്ചയാണുണ്ടായത്. ഏക്കറിന് 15 ലക്ഷം രൂപയുണ്ടായിരുന്നതിന് ഇപ്പോള്‍ 10 ലക്ഷത്തിനായാലും വാങ്ങാന്‍ ആളില്ല. ഹൈറേഞ്ച് മേഖലയായ കട്ടപ്പനയില്‍ രജിസ്‌ട്രേഷനുകളുടെ എണ്ണം നാലിലൊന്നായി ചുരുങ്ങി. വയനാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. തൊഴിലാളികളുടെ ക്ഷാമവും കൃഷിഭൂമിയോടുള്ള താല്‍പ്പര്യം കുറച്ചു. പ്രതിദിനം 40 രജിസ്‌ട്രേഷന്‍ നടന്നിടത്ത് ഒന്നോ രണ്ടോ നടന്നാലായി എന്ന സ്ഥിതി വന്നു. നൂറേക്കറിലധികമുള്ള പ്ലാന്റേഷനുകള്‍ ഇപ്പോള്‍ ഏക്കറിന് 6 ലക്ഷം രൂപയ്ക്ക് ലഭിക്കും.

രാജ്യത്ത് വളര്‍ച്ചാ സാധ്യതയേറെ

നിലവില്‍ സാമ്പത്തിക രംഗത്ത് തളര്‍ച്ചയാണെങ്കിലും ദേശീയതലത്തില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് നല്ലകാലമാണ് വരാനിരിക്കുന്നതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യാ ബ്രാന്‍ഡ് ഇക്വിറ്റി ഫൗണ്ടേഷന്‍ നടത്തിയ സര്‍വേ പറയുന്നത്, 2020 ല്‍ ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് മേഖല ഏകദേശം 12.4 ലക്ഷം കോടി രൂപയുടേതാകുമെന്നാണ്. 2015 ല്‍ ഇത് 8.59 ലക്ഷം കോടി രൂപയുടേതായിരുന്നു.

അണുകുടുംബങ്ങളുടെ വര്‍ധന, ത്വരിതഗതിയിലുള്ള നഗരവല്‍ക്കരണം, വര്‍ധിക്കുന്ന വരുമാനം എന്നിവയാകും വളര്‍ച്ചയ്ക്ക് പ്രധാന കാരണമാകുക. കൂടാതെ 100 സ്മാര്‍ട്ട് സിറ്റി പ്രഖ്യാപനം, നേരിട്ടുള്ള വിദേശ നിക്ഷേപം 100 ശതമാനമായി ഉയര്‍ത്തിയത്, എല്ലാവര്‍ക്കും വീട് എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിലൂടെ 2025 ഓടെ 1.30 ലക്ഷം കോടി ഡോളര്‍ വിപണിയിലെത്തുന്നത്, പിഎംഎവൈ പദ്ധതി തുടങ്ങിയവയൊക്കെ വളര്‍ച്ചയ്ക്ക് വേഗം കൂട്ടുന്ന നടപടികളാണ്. 2020 ല്‍ ഹൗസിംഗ് സെക്റ്റര്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 11 ശതമാനം സംഭാവന ചെയ്യുമെന്നാണ് കണക്കുകൂട്ടുന്നത്. വാര്‍ഷിക വളര്‍ച്ചാ നിരക്ക് 11.2 ശതമാനത്തിലെത്തും. 28500 കോടി രൂപയുടെ സ്വകാര്യ ഓഹരി, ഡെബ്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് കഴിഞ്ഞ വര്‍ഷം റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഉണ്ടായിട്ടുണ്ട്. 2026 ആകുമ്പോഴേക്കും റിയല്‍ എസ്‌റ്റേറ്റിലെ പ്രൈവറ്റ് ഇക്വിറ്റി ഇന്‍വെസ്റ്റ്‌മെന്റ് 6.18 ലക്ഷം കോടി രൂപയുടേതാകും.

2000ത്തിനും 2017 നും ഇടയില്‍ രാജ്യത്തെ കണ്‍സ്ട്രക്ഷന്‍ ഡെവലപ്‌മെന്റ് സെക്ടര്‍ 1.68 ലക്ഷം കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം നേടിയതായാണ് കണക്ക്. കഴിഞ്ഞ വര്‍ഷം മാത്രം ഒഴുകിയെത്തിയത് 260 കോടി യുഎസ് ഡോളറിന്റെ മൂലധന നിക്ഷേപമാണ്. പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് നൈറ്റ് ഫ്രാങ്കിന്റെ കണക്കനുസരിച്ചാണിത്. രാജ്യത്തെ ഭവനവായ്പയില്‍ 2019 സാമ്പത്തിക വര്‍ഷം 17 മുതല്‍ 19 ശതമാനം വരെ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്.

റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ആക്ട്, ജിഎസ്ടി, ബിനാമി ട്രാന്‍സാക്ഷന്‍സ് ആക്ട്, ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ് ഒഴിവാക്കല്‍ തുടങ്ങിയ സര്‍ക്കാര്‍ നടപടികളെല്ലാം റിയല്‍ എസ്റ്റേറ്റ് മേഖലയുടെ സുസ്ഥിരമായ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it