മുംബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖല പ്രതിസന്ധിയിലെന്ന് ഡെവലപ്പര്‍മാര്‍

കോവിഡ് 19 ന്റെ വ്യാപനവും അത് നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ എടുത്ത നടപടികളും ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയെ വന്‍ പ്രതിസന്ധിയുടെ വക്കിലെത്തിച്ചുകഴിഞ്ഞതായി മുംബൈയിലെ ഡെവലപ്പര്‍മാരും വിശകലന വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

'പുതിയ വില്‍പ്പന ഉടനെങ്ങുമുണ്ടാകുമെന്നു തോന്നുന്നില്ല.വില്‍പ്പന നടന്നവയുടെ കാര്യത്തില്‍ ഇടപാടുകാര്‍ വില അടയ്ക്കുന്നതില്‍ ഗുരുതര വീഴ്ചയും വരുത്തും. വായ്പകളുടെ തിരിച്ചടവില്‍ ഇത് തീര്‍ച്ചയായും സ്വാധീനം ചെലുത്തും'- റണ്‍വാള്‍ ഡെവലപ്പേഴ്‌സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സഞ്ജയ് ദാഗ പറഞ്ഞു. പദ്ധതികള്‍ മുടങ്ങുകയും വിറ്റുപോയവയുടെ തവണകള്‍ മുടങ്ങുകയും ചെയ്യുന്നതിനിടെ പിടിച്ചുനില്‍ക്കുകയെന്ന കഠിനമായ ദൗത്യം ഡവലപ്പര്‍മാര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

'വിപണിയില്‍ വളരെയധികം ചാഞ്ചാട്ടങ്ങള്‍ പ്രതീക്ഷിക്കാം. അതിന്റെ ഫലമായി തൊഴില്‍ നഷ്ടം രൂക്ഷമാകാനാണു സാധ്യത. ബിസിനസിന്റെ സുസ്ഥിരത തന്നെ അപകടാവസ്ഥയിലായിരിക്കുന്നു. കോവിഡ് 19 ന്റെ സ്വാധീനം റിയല്‍റ്റി മാര്‍ക്കറ്റില്‍ എങ്ങനെയാകുമെന്ന് കൃത്യമായി പ്രവചിക്കുക നിലവില്‍ ബുദ്ധിമുട്ടു തന്നെ. സമ്പൂര്‍ണ്ണ സാമ്പത്തിക ചക്രത്തിനും അതിനോടൊപ്പം വരുംമാസങ്ങളില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്കും കാത്തിരിക്കേണ്ടതുണ്ട്,'- സഞ്ജയ് ദാഗ കൂട്ടിച്ചേര്‍ത്തു.

ബിസിനസ് ശൃംഖലയിലെ തടസ്സങ്ങള്‍ വാണിജ്യ, റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് ഡിമാന്‍ഡിനെ സാരമായി ബാധിക്കുമെന്ന് സ്പെന്റ കോര്‍പ്പറേഷന്‍ എംഡി ഫാര്‍ഷിദ് കൂപ്പര്‍ പറഞ്ഞു. ഇപ്പോള്‍ പാര്‍ക്കുന്ന വീടുകളില്‍ നിന്ന് കഴിയുന്നത്ര കാലം മാറുന്നത് ഒഴിവാക്കാന്‍ ആളുകള്‍ ആഗ്രഹിക്കുന്ന പ്രവണതയാണുള്ളത്. എല്ലാ റെസിഡന്‍ഷ്യല്‍ പ്രോജക്ടുകളിലും അന്വേഷണങ്ങള്‍ കുറയുന്നു. പകര്‍ച്ചവ്യാധി തീരുവോളം നിക്ഷേപകരും ഉപയോക്താക്കളും കാത്തിരുന്നു കാണുകയെന്ന നയം തിരഞ്ഞെടുക്കുകയാണ്'-അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏതാനും പാദങ്ങളില്‍ ചില അനുകൂല ചലനങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖല കാണിച്ചു തുടങ്ങിയിരുന്നെന്ന് ഏക്ത വേള്‍ഡ് ചെയര്‍മാനും നരേദ്‌കോ മഹാരാഷ്ട്ര വൈസ് പ്രസിഡന്റുമായ അശോക് മോഹനാനി പറഞ്ഞു.പക്ഷേ, 2020 ന്റെ ആദ്യ പകുതി വരെയെങ്കിലും കാര്യങ്ങള്‍ മന്ദഗതിയിലാകാനുള്ള സൂചനകളാണുള്ളത്. വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ ഭാഗത്തുനിന്ന് 'സൈറ്റ് സന്ദര്‍ശനങ്ങള്‍' തീര്‍ച്ചയായും കുറയുമെന്ന് അദ്ദേഹം കരുതുന്നു.'സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന സമയത്താണ് മഹാമാരിയില്‍ നിന്നുള്ള ഭീഷണി. സ്വാഭാവികമായിത്തന്നെ സെന്‍സിറ്റിവിറ്റിയുടെ ആധിക്യമുള്ള വേളയാണിത്. റിയല്‍ എസ്റ്റേറ്റ് കമ്പനികളിലുടനീളം, നിയമപരമായ പേ ഔട്ടുകളും ബാലന്‍സ് ഷീറ്റുകളും പൂര്‍ത്തിയാക്കുന്ന സമയം.'

ദ്രവ്യതാ പ്രതിസന്ധിയും ദുര്‍ബലമായ വിപണി വികാരവും കാരണം ഈ മേഖല കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. അതിനൊപ്പമെത്തിയ വൈറസ് ഹ്രസ്വകാലത്തേക്കെങ്കിലും അധിക ആഘാതം സൃഷ്ടിക്കുമെന്ന കാര്യം തീര്‍ച്ച - സാവില്‍സ് ഇന്ത്യ സിഇഒ അനുരാഗ് മാത്തൂര്‍ പറഞ്ഞു. എങ്കിലും ദീര്‍ഘകാല നിക്ഷേപങ്ങളില്‍ ഇപ്പോഴത്തെ അസ്ഥിരത വളരെ വലിയ സ്വാധീനം ചെലുത്താന്‍ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it