ജിഎസ്ടി: റിയൽ എസ്റ്റേറ്റിൽ വലിയ മാറ്റങ്ങൾ

നിർമാണത്തിലിരിക്കുന്ന പ്രോജക്ടുകൾക്ക് പഴയ നിരക്കോ പുതിയ നിരക്കോ സ്വീകരിക്കാൻ അവസരം

GST 4

റിയൽ എസ്റ്റേറ്റ് ബിൽഡർമാർക്ക് സ്വന്തം ഇഷ്ടപ്രകാരം പുതിയ ജിഎസ്ടി നിരക്കോ പഴയ ജിഎസ്ടി നിരക്കോ തെരഞ്ഞെടുക്കാൻ അവസരം നൽകുമെന്ന് ജിഎസ്ടി കൗൺസിൽ യോഗം. നിർമാണത്തിലിരിക്കുന്ന പ്രോജക്ടുകൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റോടുകൂടിയ (ITC) ഉയർന്ന ജിഎസ്ടി (പഴയ നിരക്ക്) അല്ലെങ്കിൽ ഐടിസി ഇല്ലാത്ത കുറഞ്ഞ ജിഎസ്ടി (പുതിയ നിരക്ക്) ഇതിലേതെങ്കിലും തെരഞ്ഞെടുക്കാം.

ചെലവു കുറഞ്ഞ വീടുകൾക്ക് (affordable housing) 8 ശതമാനത്തിൽ നിന്ന് 1 ശതമാനമായും മറ്റുള്ള വീടുകൾക്ക് 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായും നികുതി കുറക്കാൻ കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനമായിരുന്നു.

45 ലക്ഷം രൂപവരെയുള്ളവയെയാണ് ചെലവ് കുറഞ്ഞ വീടുകൾ എന്ന നിർവചനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മെട്രോ നഗരങ്ങളിൽ 60 ചതുരശ്ര മീറ്റർ കാർപെറ്റ് ഏരിയ ഉള്ളതും മറ്റിടങ്ങളിൽ 90 ചതുരശ്ര മീറ്റർ കാർപെറ്റ് ഏരിയ ഉള്ളതുമാണ് അഫൊഡബിൾ വിഭാഗത്തിൽ പെടുക.

നികുതി കുറക്കുമ്പോൾ ബിൽഡർമാർക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യമാകില്ലെന്നതുകൊണ്ടാണ് പഴയ നികുതി നിരക്കോ പുതിയ നികുതി നിരക്കോ സ്വീകരിക്കാൻ അവസരം നൽകാൻ ചൊവ്വാഴ്ച്ച ചേർന്ന ജിഎസ്ടി കൗൺസിൽ തീരുമാനിച്ചത്.

മാർച്ച് 31ന് നിർമാണം പൂർത്തിയാക്കാത്ത വീടുകളെയാണ് നിർമാണത്തിലിരിക്കുന്നവയായി കണക്കാക്കുക. ഏതു നിരക്ക് വേണമെന്ന് തീരുമാനിക്കാൻ ഒറ്റത്തവണയേ അവസരമുണ്ടാകൂ.

ഐടിസി ഇല്ലാത്ത പുതിയ നിരക്കുകൾ ബാധകമാവുക ഏപ്രിൽ ഒന്നിന് ശേഷം നിർമാണം തുടങ്ങുന്ന പ്രോജക്ടുകൾക്കാണ്.

രണ്ടു നിരക്കുകളിൽ ഏതുവേണമെന്ന് തീരുമാനിക്കാൻ ബിൽഡർമാർക്ക് ഒരു നിശ്ചിത സമയം അനുവദിക്കും. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷമേ ഇതിന്റെ തീയതി തീരുമാനിക്കൂ.

മറ്റു തീരുമാനങ്ങൾ

  • ആകെ ഭൂമിയുടെ 15 ശതമാനം വരെ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചാലും അവയെ ഭവനനിർമാണ പദ്ധതികളായി കണക്കാക്കും
  • കെട്ടിട നിർമാണത്തിനുള്ള 80 ശതമാനം വസ്തുക്കളും റജിസ്റ്റേർഡ് ഡീലർമാരിൽ നിന്നു തന്നെ വാങ്ങിയില്ലെങ്കിൽ ഇൻപുട് ടാക്സ് ക്രെഡിറ്റിന് അർഹത ലഭിക്കില്ല. ‌
  • വ്യവസ്ഥകൾ ലംഘിച്ചാൽ 18 ശതമാനം നികുതി ഈടാക്കും.
  • റജിസ്ട്രേഷനില്ലാത്ത വ്യാപാരികളിൽ നിന്നു സിമന്റ് വാങ്ങിയാൽ 28 ശതമാനം നികുതി ചുമത്തും.

LEAVE A REPLY

Please enter your comment!
Please enter your name here