മുകേഷ് അംബാനി ഉറച്ചു തന്നെ: കടമില്ലാത്ത കമ്പനിയാക്കാന്‍ ഏഷ്യന്‍ പെയ്ന്റ്‌സ് ഓഹരി വില്‍ക്കാന്‍ റിലയന്‍സ്

2021 മാര്‍ച്ചില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ കടമില്ലാത്ത കമ്പനിയാക്കാന്‍ എല്ലാം വഴികളും നോക്കി മുകേഷ് അംബാനി. കോവിഡ് ബാധയെ തുടര്‍ന്ന് ലോകമെമ്പാടും സാമ്പത്തിക മാന്ദ്യം പിടിമുറുക്കുമ്പോഴും ഓരോ ദിവസവും ചടുലമായ നീക്കങ്ങളോടെ രാജ്യാന്തരതലത്തില്‍ ചര്‍ച്ചാവിഷയമാവുകയാണ് ഈ ഇന്ത്യന്‍ കോര്‍പ്പറേറ്റ്.

റിലയന്‍സിന്റെ റിഫൈനിംഗ്, പെട്രോകെമിക്കല്‍ ബിസിനസിന്റെ 20 ശതമാനം ഓഹരികള്‍ 15 ബില്യണ്‍ ഡോളറിന് സൗദി ആരാംകോയ്ക്ക് വില്‍പ്പന നടത്തി ബാലന്‍സ് ഷീറ്റ് വൃത്തിയാക്കാനായിരുന്നു മുകേഷ് അംബാനിയുടെ പദ്ധതികളിലൊന്ന്. എന്നാല്‍ എണ്ണ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തലത്തില്‍ എത്തിയതോടെ ഈ നീക്കം മരവിച്ച് നില്‍ക്കുകയാണ്.

അതിനിടെ ഒരു മാസത്തിനുള്ളില്‍ റിലയന്‍സിന്റെ ഡിജിറ്റല്‍ വിഭാഗമായ ജിയോയിലേക്ക് വന്‍തോതില്‍ നിക്ഷേപം ഒഴുകിയെത്തിയിട്ടുമുണ്ട്. മൂന്നാഴ്ചക്കിടെ ജിയോ പ്ലാറ്റ്‌ഫോം 60,596.37 കോടി രൂപയാണ് പ്രമുഖ ടെക്‌നോളജി നിക്ഷേപകരില്‍ നിന്ന് നേടിയെടുത്തിരിക്കുന്നത്.

ഇതിനു പുറമേ റിലയന്‍സ് അവകാശ ഓഹരി വില്‍പ്പനയ്ക്കും തീരുമാനമെടുത്തു കഴിഞ്ഞു. 28 വര്‍ഷങ്ങള്‍ക്കു ശേഷമാണി റിലയന്‍സ് പൊതുനിക്ഷേപകരില്‍ നിന്ന് പണം സമാഹരിക്കാന്‍ പോകുന്നത്.

ഏഷ്യന്‍ പെയ്ന്റ്‌സ് ഓഹരികളും വില്‍പ്പനയ്ക്ക്

രാജ്യത്തെ പ്രമുഖ പെയ്ന്റ് നിര്‍മാതാക്കളായ ഏഷ്യന്‍ പെയ്ന്റിസില്‍ റിലയന്‍സിനുള്ള 989 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വില്‍ക്കാന്‍ ഇപ്പോള്‍ തയ്യാറെടുക്കുകയാണ്. ഏഷ്യന്‍ പെയ്ന്റ്്‌സിന്റെ 4.9 ശതമാനം ഓഹരികളാണ് റിലയന്‍സിന്റെ കൈയിലുള്ളത്.

എണ്ണ, പ്രകൃതി വാതക, പെട്രോകെമിക്കല്‍ രംഗത്ത് അതിശക്തമായി നിലയുറപ്പിച്ചിരുന്ന റിലയന്‍സ്, ഇന്ന് റീറ്റെയ്ല്‍, ഡിജിറ്റല്‍ രംഗത്ത് ചടുല നീക്കങ്ങളോടെ വളരുന്ന കമ്പനിയായി മാറിയിരിക്കുന്നു.

എണ്ണ വില ഇടിവ് തുടര്‍ക്കഥയാകുമ്പോഴും റിലയന്‍സ് ഓഹരി ഇന്ത്യന്‍ ഓഹരി വിപണിയില്‍ കരുത്തോടെ മുന്നേറുന്നതും അതുകൊണ്ടാണ്. കോവിഡ് മൂലമുള്ള സാമ്പത്തിക മാന്ദ്യത്തില്‍ കോര്‍പ്പറേറ്റുകള്‍ പതറുമ്പോള്‍, പുതിയ വഴികളിലൂടെ കടഭാരം കുറച്ച് കരുത്തുറ്റ കമ്പനിയായി മാറാനുള്ള നീക്കത്തിലാണ് റിലയന്‍സ്. ''ലോകം ഇതുവരെ കാണാത്ത പ്രതിസന്ധിക്കിടയിലും കടം ഇല്ലാത്ത കമ്പനിയായി റിലയന്‍സ് മാറുമ്പോള്‍ അത് വലിയ നേട്ടം തന്നെയാകും. അവകാശ ഓഹരിയും നിക്ഷേപകര്‍ക്ക് നേട്ടമാകും,'' ഓഹരി വിദഗ്ധനായ രാംകി അഭിപ്രായപ്പെടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it