അവകാശ ഓഹരികളുടെ ചരിത്രം റിലയന്‍സ് തിരുത്തുമോ?

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അവകാശ ഓഹരികളുടെ സബ്‌സ്‌ക്രിപ്ഷന് ഇന്ന് തുടക്കമാകുമ്പോള്‍ മറ്റൊരു ചരിത്രം കുറിക്കുമോയെന്നാണ് വിപണി നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഏതാണ്ട് മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പൊതുനിക്ഷേപകരില്‍ നിന്ന് പണം സമാഹരിക്കുന്നത്. മെയ് 20 മുതല്‍ ജൂണ്‍ മൂന്ന് വരെ സബ്‌സ്‌ക്രിപ്ഷന്‍ സ്വീകരിക്കും. റിലയന്‍സിന്റെ 15 ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് ഒരു ഓഹരി എന്ന നിരക്കിലാണ് വിതരണം ചെയ്യുക. നിലവിലെ റിലയന്‍സ് ഓഹരി വിലയില്‍ നിന്ന് 14 ശതമാനത്തോളം ഡിസ്‌കൗണ്ടില്‍, 1257 രൂപയ്ക്ക് ഓഹരികള്‍ വാങ്ങാം. അവകാശ ഓഹരികളിലൂടെ 53,125 കോടി രൂപ സമാഹരിക്കുകയാണ് മുകേഷ് അംബാനിയുടെ സാരഥ്യത്തിലുള്ള എണ്ണ മുതല്‍ ടെലികോം രംഗത്തുവരെ വ്യാപിച്ചുകിടക്കുന്ന കമ്പനിയുടെ ലക്ഷ്യം. സമാഹരിക്കുന്ന തുകയുടെ 75 ശതമാനത്തോളം കമ്പനിയുടെ കടം തീര്‍ക്കാന്‍ ഉപയോഗിക്കുമെന്നാണ് സെബിക്ക് സമര്‍പ്പിച്ചിരിക്കുന്ന കത്തില്‍ കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.

റിലയന്‍സിന്റെ നിക്ഷേപകരുടെ കൈവശം മെയ് 14ന് എത്ര ഓഹരികളുണ്ടോ അതിന് ആനുപാതികമായാണ് അവകാശ ഓഹരികള്‍ സ്വന്തമാക്കാന്‍ സാധിക്കുക. 1991 ലാണ് ഇതിനു മുമ്പ് റിലയന്‍സ് പൊതുസമൂഹത്തില്‍ നിന്ന് ഫണ്ട് സമാഹരിച്ചത്. ഓഹരികളാക്കി മാറ്റാന്‍ പറ്റുന്ന ഡിബഞ്ചറുകള്‍ വഴിയായിരുന്നു അത്.

അവകാശ ഓഹരികളുടെ ചരിത്രം തിരുത്തുമോ?

കമ്പനികളുടെ അവകാശ ഓഹരികള്‍ എല്ലാ നിക്ഷേപകരും നിര്‍ബന്ധമായി വാങ്ങണമെന്നില്ല. കമ്പനികള്‍ക്ക് ഫണ്ട് ആവശ്യമായി വരുമ്പോഴാണ് നിലവിലുള്ള നിക്ഷേപകര്‍ക്ക് ഓഫര്‍ നല്‍കി അവകാശ ഓഹരികള്‍ കമ്പനികള്‍ പ്രഖ്യാപിക്കുക. അടുത്തിടെ ഇന്ത്യന്‍ കമ്പനികളുടെ അവകാശ ഓഹരികള്‍ക്ക് തണുപ്പന്‍ പ്രതികരണമാണ് നിക്ഷേപകരില്‍ നിന്ന് ലഭിച്ചത്. കമ്പനികളുടെ നിലവിലെ നിക്ഷേപകരില്‍ 25-28 ശതമാനം പേര്‍ മാത്രമാണ് അവകാശ ഓഹരി സ്വന്തമാക്കിയിട്ടുള്ളൂ. ടാറ്റ ഗ്രൂപ്പിന്റെ മുതല്‍ വമ്പന്‍ കമ്പനികളുടെ അവകാശ ഓഹരികളുടെ ട്രാക്ക് റെക്കോര്‍ഡ് അതാണ്. ഈ ചരിത്രം റിലയന്‍സ് ഇന്‍ഡസ്ട്രീസ് തിരുത്തുമോയെന്നാണ് വിപണി ഉറ്റുനോക്കുന്നത്.

കഥ ഇതുവരെ

2019 മെയില്‍ ഭാരതി എയര്‍ടെല്ലിന്റെ അവകാശ ഓഹരികള്‍ക്ക് നിലവിലെ നിക്ഷേപകരില്‍ വെറും 15 ശതമാനം മാത്രമാണ് അപേക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വോഡഫോണ്‍ ഐഡിയ അവകാശ ഓഹരി സ്വന്തമാക്കാന്‍ മുന്നോട്ടുവന്നത് 26 ശതമാനം നിക്ഷേപകരും.

ടാറ്റ സ്റ്റീലിന്റെ അവകാശ ഓഹരിക്കായി അപേക്ഷിച്ചത് അവരുടെ നിലവിലെ നിക്ഷേപകരില്‍ 39 ശതമാനമായിരുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ അവകാശ ഓഹരി സ്വന്തമാക്കാന്‍ മുന്നോട്ട് വന്നത് 25 ശതമാനം നിക്ഷേപകരായിരുന്നു. ടാറ്റ പവറിന് 38 ശതമാനവും.

ടിവി18ന്റെ അവകാശ ഓഹരിക്ക് 21 ശതമാനം നിക്ഷേപകരില്‍ നിന്നാണ് അപേക്ഷ ലഭിച്ചത്. നെറ്റ് വര്‍ക്ക് 18ന്റെ അവകാശ ഓഹരി സ്വന്തമാക്കാന്‍ മുന്നോട്ടുവന്നത് വെറും എട്ട് ശതമാനവും.

2008 ഫെബ്രുവരിയില്‍ എസ് ബി ഐയുടെ അവകാശ ഓഹരിയാണ് കാര്യമായ പ്രകടനം കാഴ്ചവെച്ചത്. 51 ശതമാനം നിക്ഷേപകര്‍ അവകാശ ഓഹരിയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ അവകാശ ഓഹരികളുടെ സബ്‌സ്‌ക്രിപ്ഷന്‍ ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്നത് 2007ലെ ടാറ്റ സ്റ്റീലിന്റെ അവകാശ ഓഹരിയാണ്. 77 ശതമാനം നിക്ഷേപകര്‍ അത് സ്വന്തമാക്കാന്‍ തയ്യാറായി.

ഈ ചരിത്രം റിലയന്‍സ് ഭേദിക്കുമോയെന്നാണ് അവരും ഉറ്റുനോക്കുന്നത്.

ഇത് പുതിയ റിലയന്‍സ്

'പുതിയ ഇന്ത്യയ്ക്കായി പുതിയ റിലയന്‍സ്' (New Reliance for a New India) ഇതാണ് സെബിക്ക് മുമ്പാകെ റിലയന്‍സ് സമര്‍പ്പിച്ച കോര്‍പ്പറേറ്റ് പ്രസന്റേഷന്റെ മുഖവാചകം. എണ്ണ പ്രകൃതി വാതക രംഗത്തെ ഭീമന്‍ എന്നതിലുപരിയായി ടെക്‌നോളജി / കണ്‍സ്യൂമര്‍ കമ്പനിയായി റിലയന്‍സിനെ പുതുതായി പ്രതിഷ്ഠിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മുദ്രാവാക്യവും കമ്പനി സൃഷ്ടിച്ചിരിക്കുന്നത്. റിലയന്‍സിന്റെ ടെക്‌നോളജി പ്ലാറ്റ്‌ഫോമായ ജിയോ ഫേസ്ബുക്കില്‍ നിന്നടക്കം വെറും ആഴ്ചകളുടെ ഇടവേളയില്‍ 67,000 കോടി രൂപയാണ് സമാഹരിച്ചിരിക്കുന്നത്. 2021 മാര്‍ച്ച് 31 നുള്ളില്‍ റിലയന്‍സിനെ കടമില്ലാത്ത കമ്പനിയാക്കുകയാണ് മുകേഷ് അംബാനിയുടെ ലക്ഷ്യം.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഗോള എണ്ണ ഉപഭോഗം കുത്തനെ കുറഞ്ഞപ്പോള്‍ റിലയന്‍സിന്റെ കോര്‍ ബിസിനസിന് കോട്ടം തട്ടിയിട്ടും ടെക്‌നോളജി, റീറ്റെയ്ല്‍ രംഗത്തെ ഗ്രൂപ്പ് കമ്പനികള്‍ തിളക്കമാര്‍ന്ന നേട്ടത്തോടെ മുന്നേറുകയാണ്.

ഭാവി ബിസിനസ് സാധ്യതകള്‍ കണ്ട് ഇന്ത്യന്‍ കോര്‍പ്പറേറ്റ് രംഗത്തെ തന്നെ കീഴ്‌മേല്‍ മറിച്ചു കൊണ്ട് മുകേഷ് അംബാനി മുന്നോട്ടുപോകുമ്പോള്‍, നിക്ഷേപകര്‍ അവകാശ ഓഹരികള്‍ സ്വന്തമാക്കിയാല്‍ അത് ഗുണം ചെയ്യുമെന്നാണ് ഓഹരി വിദഗ്ധരുടെ നിരീക്ഷണം.

അതുകൊണ്ട് തന്നെ അവകാശ ഓഹരികള്‍ സ്വന്തമാക്കാന്‍ നിലവിലെ റിലയന്‍സ് നിക്ഷേപകരില്‍ ബഹുഭൂരിപക്ഷവും മുന്നോട്ടു വന്നേക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it