ഫെയ്‌സ്ബുക്കിന് പിന്നാലെ റിലയന്‍സില്‍ നിക്ഷേപം നടത്തി സില്‍വര്‍ ലേക്ക്; ആരാണ് ഈ കമ്പനി ?
റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ഇത് നിക്ഷേപങ്ങളുടെ കാലമാണ്. 43,574 കോടി രൂപയുടെ ഫെയ്‌സ്ബുക്ക് ഡീല്‍ നടന്ന് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ അടുത്ത നിക്ഷേപവും എത്തിയിരിക്കുകയാണ്. സ്വകാര്യ ഇക്വിറ്റി കമ്പനിയായ സില്‍വര്‍ ലേക്ക് ആണ് 5,655.75 കോടി രൂപയുടെ ജിയോ പ്ലാറ്റ്ഫോമിലേക്ക് നിക്ഷേപിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറിയിച്ചു. ഇതോടെ 1 .15 ശതമാനം ജിയോ ഓഹരി അവര്‍ക്ക് ലഭിക്കും. ഈ നിക്ഷേപത്തോടെ ജിയോ പ്ലാറ്റ്ഫോമുകളുടെ മൂല്യം 4.90 ലക്ഷം കോടി രൂപയും എന്റര്‍പ്രൈസ് മൂല്യം 5.15 ലക്ഷം കോടി രൂപയുമാകും.
എയര്‍ബിഎന്‍ബി, അലിബാബ, ആന്റ് ഫിനാന്‍ഷ്യല്‍, ആല്‍ഫബെറ്റിന്റെ വെര്‍ലി ആന്‍ഡ് വേമോ യൂണിറ്റുകള്‍, ഡെല്‍ ടെക്‌നോളജീസ്, ട്വിറ്റര്‍, കൂടാതെ നിരവധി ആഗോള സാങ്കേതിക കമ്പനികളില്‍ നിക്ഷേപം നടത്തിയിരിക്കുന്ന ഇക്വിറ്റി ഭീമനാണ് സില്‍വര്‍ ലേക്ക്. ഫെയ്‌സ്ബുക്ക് ഓഹരി കരാറിന് ശേഷം കടബാധ്യത ലഘൂകരിക്കാനുള്ള മറ്റ് നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് കഴിഞ്ഞ ആഴ്ച റിലയന്‍സ് പ്രഖ്യാപിച്ചിരുന്നു. ഫെയ്‌സ്ബുക്ക് 2014 ല്‍ 22 ബില്യണ്‍ ഡോളര്‍ ചെലവിട്ട് വാട്ട്സ്ആപ്പ് വാങ്ങിയതിനുശേഷം നടത്തിയ ഏറ്റവും വലിയ ഇടപാടായിരുന്നു ജിയോയുമൊത്തുള്ള കരാര്‍.
ജിയോയുടെ ഏറ്റവും മൂല്യമുള്ള പങ്കാളികളില്‍ ഒന്നായി സില്‍വര്‍ ലേകിനെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. 'എല്ലാ ഇന്ത്യക്കാരുടെയും പ്രയോജനത്തിനായി ഇന്ത്യന്‍ ഡിജിറ്റല്‍ ഇക്കോസിസ്റ്റം വളരാനും ഈ ഇടപാട് സഹായിക്കും. സില്‍വര്‍ ലേകിന് ആഗോളതലത്തില്‍ പ്രമുഖ സാങ്കേതിക കമ്പനികള്‍ക്ക് വിലപ്പെട്ട പങ്കാളിയെന്ന മികച്ച റെക്കോര്‍ഡുണ്ട്. സില്‍വര്‍ ലേക് സാങ്കേതികവിദ്യയിലും ധനകാര്യത്തിലും ഏറ്റവും ആദരണീയമായ കമ്പനികളില്‍ ഒന്നാണ്. സില്‍വര്‍ ലേകില്‍നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഇന്ത്യന്‍ ഡിജിറ്റല്‍ സമൂഹത്തിന്റെ മാറ്റത്തിനായി ഈ ആഗോള സാങ്കേതിക ബന്ധങ്ങള്‍ സഹായിക്കും''- മുകേഷ് അംബാനി പറഞ്ഞു.
സില്‍വര്‍ ലേക്ക്
ടെക്‌നോളജി കമ്പനി നിക്ഷേപങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു സ്‌പെഷ്യലിസ്റ്റ് സ്ഥാപനമെന്ന നിലയില്‍ 1999 ല്‍ സ്ഥാപിതമായ കമ്പനിയാണ് സില്‍വര്‍ ലേക്ക്. സിലിക്കണ്‍ വാലി, ന്യൂയോര്‍ക്ക്, ഹോങ്കോങ്, ലണ്ടന്‍ എന്നിവ ഉള്‍പ്പടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിക്ക് 43 ബില്യണ്‍ ഡോളറിലധികം ആസ്തികളും വിപുലമായ മാനേജുമെന്റുമാണുള്ളത്. സില്‍വര്‍ ലേക്ക് ഇന്ത്യയില്‍ ആദ്യമായി നിക്ഷേപം നടത്തിയത് ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഏക്താ സോഫ്‌റ്റ്വെയറില്‍ ന്യൂനപക്ഷ ഓഹരി സ്വന്തമാക്കിയാണ്.
2013 ല്‍ മൈക്കല്‍ ഡെലിനൊപ്പം പിസി നിര്‍മാതാക്കളായ ഡെല്‍ ഇങ്കിനെ സ്വന്തമാക്കിയതിന് ശേഷമുള്ള സില്‍വര്‍ ലേക്കിന്റെ മറ്റൊരു പ്രധാന കരാറായി ജിയോ കരാറിനെ കാണാം. ആഗോളതലത്തില്‍ പ്രമുഖ സാങ്കേതിക കമ്പനികള്‍ക്ക് വിലപ്പെട്ട പങ്കാളിയെന്ന മികച്ച റെക്കോര്‍ഡാണ് സില്‍വര്‍ ലേകിനുള്ളത്. ഇത് റിലയന്‍സ് ജിയോയ്ക്കും ഗുണകരമാകും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline