Top

റിലയന്‍സ് ജിയോ, ഗൂഗിള്‍ കൂട്ടുകെട്ടില്‍ കിടുങ്ങി ചൈനീസ് കമ്പനികള്‍

സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണത്തിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി 4.5 ബില്യണ്‍ ഡോളറിന്റെ സഹകരണ കരാറിന് ആല്‍ഫബെറ്റിന്റെ ഗൂഗിള്‍ തയ്യാറെടുക്കുമ്പോള്‍ മേഖലയില്‍ സ്വാധീനമുള്ള ചൈനീസ് കമ്പനികളുടെ ഉള്‍ക്കിടിലം ഉച്ചസ്ഥായിയിലേക്കെന്ന് വ്യവസായ എക്്‌സിക്യൂട്ടീവുകളും വിശകലന വിദഗ്ധരും പറയുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ വിപണിയിലെ ആധിപത്യം കൈവിട്ടു പോകാനുള്ള സാഹചര്യമാണ് 'മേക്ക് ഇന്ത്യ' ആഹ്വാനത്തിന്റെ അനുബന്ധമായി ചൈനീസ് കമ്പനികള്‍ കാണുന്നത്.

കഴിഞ്ഞ ആഴ്ച നടന്ന കമ്പനിയുടെ വാര്‍ഷിക യോഗത്തിലാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. ചെറിയ വിലയ്ക്ക് ലഭിക്കുന്ന 4ജി, 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി ഗൂഗിള്‍ ഒരു ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം തയ്യാറാക്കുമെന്ന അറിയിപ്പിനെ പിന്‍പറ്റിയാണ് ഇപ്പോഴത്തെ നിഗമനങ്ങളിലേക്ക് വിദഗ്ദ്ധര്‍ എത്തിയിരിക്കുന്നത്.

നിലവില്‍ രാജ്യത്തെ പത്തില്‍ എട്ട് സ്മാര്‍ട്ട്‌ഫോണുകളും ചൈനീസ് കമ്പനികളുടേതാണ്. ഷവോമി, ബിബികെ ഇന്റസ്ട്രീസ് (റിയല്‍മി, ഒപ്പൊ, വിവോ) എന്നിവയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ രണ്ട് ബില്യണ്‍ ഡോളറിന്റെ സ്വാധീനമുണ്ട്. ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് റിലയന്‍സ് കടന്നുവന്നാല്‍ ഈ കമ്പനികളുടെ സ്വാധീനം നഷ്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റിലയന്‍സ് 2017 ല്‍ ജിയോ ഫോണ്‍ അവതരിപ്പിച്ചത് ഇതിന്റെ മുന്നോടിയായാണ്.നിലവില്‍ രാജ്യത്തെ 10 കോടി പേര്‍ ജിയോയുടെ ഈ ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നു. പുതിയ സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണിയില്‍ റിലയന്‍സ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചാല്‍ അത് വലിയ വിജയമായിരിക്കും എന്നാണ് പ്രതീക്ഷ. റിലയന്‍സിനോട് കിടപിടിക്കാന്‍ ചൈനീസ് കമ്പനികള്‍ വന്‍ വിലക്കുറവ് പ്രഖ്യാപിക്കേണ്ടി വരുമെന്നും എങ്കിലും റിലയന്‍സ് വിപണി കീഴടക്കാന്‍ തന്നെയാണ് സാധ്യതയെന്നുമാണ് വിലയിരുത്തല്‍.റിലയന്‍സ് മറ്റ് ബ്രാന്‍ഡുകളെ പെട്ടെന്നു മറികടക്കുമെന്ന് സാങ്കേതിക വിദ്യാ മേഖലയിലെ ഗവേഷകനായ കനാലിസിലെ റുഷഭ് ദോഷി പറഞ്ഞു.താഴ്ന്ന നിലവാരത്തിലുള്ള സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഇപ്പോള്‍ പ്രബലമായ ബ്രാന്‍ഡുകള്‍ക്ക് യഥാര്‍ത്ഥ ഭീഷണി റിലയന്‍സ് ഉയര്‍ത്തുമെന്നും ദോഷി ചൂണ്ടിക്കാട്ടി.

ചൈനീസ് കമ്പനികളും മത്സരിക്കുന്നതിനായി അവരുടെ വില കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കരാര്‍ നിര്‍മാതാക്കളായ വിസ്‌ട്രോണ്‍-ഫ്‌ളെക്ട്രോണിക്സിന്റെ മുന്‍ മേധാവി എ ഗുരുരാജ് പറഞ്ഞു.എങ്കിലും അവര്‍ക്കു വിജയിക്കാനാകുമെന്നു തോന്നുന്നില്ല.
ഓരോ ഇന്ത്യക്കാരനും ഒരു സ്മാര്‍ട്ട്‌ഫോണ്‍ കൈമാറാനുള്ള റിലയന്‍സിന്റെ അഭിലാഷം സഫലമാകും. ടെലികോം രംഗത്തെ എതിരാളികളായ വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവരില്‍ നിന്നും ജിയോക്കു വരിക്കാരെ നേടാനാകും. അടിസ്ഥാന 2 ജി നെറ്റ്വര്‍ക്കുകളില്‍ പഴയ രീതിയിലുള്ള ഫീച്ചര്‍ ഫോണുകളുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളുണ്ട്.അവരെ അംബാനി നോട്ടമിട്ടത് വെറുതെയാകില്ലെന്നാണ് വിലയിരുത്തല്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it