റിലയന്‍സ് ജിയോ ഇതര നെറ്റ്വര്‍ക്കിലേക്കുള്ള ഫ്രീ കോള്‍ നിര്‍ത്തി

റിലയന്‍സ് ജിയോ ഇതര നെറ്റ്വര്‍ക്കുകളിലേക്കുള്ള ഫ്രീ വോയ്‌സ് കോള്‍ അവസാനിപ്പിക്കുന്നു. ട്രായ് ഐയുസി ചാര്‍ജിനുള്ള പുതിയ നിബന്ധന കര്‍ശനമാക്കിയതോടെയാണ് മറ്റു നെറ്റ്വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് മിനിറ്റിന് 6 പൈസ ജിയോ ഉപഭോക്താക്കള്‍ നല്‍കണമെന്ന നിബന്ധന വന്നിരിക്കുന്നത്.

ആദ്യമായാണ് ജിയോ ഉപയോക്താക്കള്‍ വോയ്സ് കോളുകള്‍ക്ക് പണം നല്‍കുന്നത്.സ്വന്തം നെറ്റ്വര്‍ക്ക് വഴിയുള്ള വോയ്‌സ് കോളുകള്‍ സൗജന്യമായി തുടരും. അതേസമയം, വോയ്‌സ് കോളുകള്‍ക്ക് നഷ്ടപ്പെടുന്ന തുകയ്ക്കു തുല്യ മൂല്യമുള്ള സൗജന്യ ഡാറ്റ ജിയോ ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരമായി നല്‍കും.

മറ്റ് ജിയോ ഫോണുകളിലേക്ക് ജിയോ ഉപയോക്താക്കള്‍ നടത്തുന്ന കോളുകള്‍ക്കും ലാന്‍ഡ്ലൈന്‍ ഫോണുകള്‍ക്കും വാട്‌സാപ്, ഫേസ്ടൈം, മറ്റ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ ഉപയോഗിച്ച് വിളിക്കുന്നതിനും ഈ നിരക്കുകള്‍ ബാധകമല്ല. ഒപ്പം, എല്ലാ നെറ്റ്വര്‍ക്കുകളില്‍ നിന്നുമുള്ള ഇന്‍കമിംഗ് കോളുകള്‍ സൗജന്യമായി തുടരും. നിലവില്‍, ഡാറ്റയ്ക്ക് മാത്രമേ ജിയോ നിരക്ക് ഈടാക്കുന്നുള്ളൂ. രാജ്യത്തെവിടെയും ഏത് നെറ്റ്വര്‍ക്കിലേക്കും വോയ്സ് കോളുകള്‍ സൗജന്യവുമായിരുന്നു.

ഇനി മുതല്‍ ജിയോ ഉപഭോക്താവിന് 124 മിനിറ്റ് ഐയുസി കോള്‍ ചെയ്യാന്‍ 10 രൂപയുടെ ടോപ് അപ് ചെയ്യേണ്ടി വരും. ഇതിനു പകരമായി 1 ജിബി ഡാറ്റ സൗജന്യമായി നല്‍കും. 20 രൂപയ്ക്ക് ടോപ് അപ് ചെയ്യേണ്ടി വന്നാല്‍ 2 ജിബി ഡാറ്റ ലഭിക്കും.

ഇന്റര്‍ കണക്ട് യൂസസ് ചാര്‍ജ് (ഐയുസി) ടെലികോം റെഗുലേറ്റര്‍ ട്രായ് 14 പൈസയില്‍ നിന്ന് മിനിറ്റിന് 6 പൈസയായി 2017 ല്‍ വെട്ടിക്കുറച്ചിരുന്നു. ഇത് 2020 ജനുവരിയില്‍ അവസാനിപ്പിക്കുമെന്ന വാഗ്ദാനമുണ്ട്.ജിയോ നെറ്റ്വര്‍ക്കിലെ വോയ്സ് കോളുകള്‍ സൗജന്യമായതിനാല്‍ എതിരാളികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയ്ക്ക് നല്‍കിയ 13,500 കോടി ഡോളര്‍ കമ്പനി വഹിക്കേണ്ടിവന്നു.ഈ നഷ്ടം നികത്താനാണ് ഫ്രീ വോയ്‌സ് കോള്‍ അവസാനിപ്പിച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it