ജിയോ ഒന്നാം സ്ഥാനത്തേക്കുള്ള കുതിപ്പിൽ, പക്ഷെ 'വലിയ വില നൽകേണ്ടി വരും'!
അടുത്ത 12 മാസത്തിനുള്ളിൽ രാജ്യത്തെ ഏറ്റവും വലിയ ടെലകോം ഓപ്പറേറ്റർ എന്ന സ്ഥാനം റിലയൻസ് ജിയോ സ്വന്തമാക്കും. സബ്സ്ക്രൈബർമാരുടെ എണ്ണത്തിലും വരുമാനത്തിലും നിലവിൽ ഒന്നാം സ്ഥാനത്തുള്ള വൊഡാഫോൺ-ഐഡിയയെ 2019-20 സാമ്പത്തിക വർഷത്തിൽ ജിയോ മറികടക്കുമെന്നാണ് റിസർച്ച് കമ്പനിയായ ബേൺസ്റ്റീൻ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ ഒന്നാമതെത്താനുള്ള ജിയോയുടെ വിപണന തന്ത്രങ്ങൾക്ക് കമ്പനി വലിയ വില നൽകേണ്ടി വരുമെന്ന് റിപ്പോർട്ട് മുന്നറിപ്പ് നൽകുന്നു. ദീർഘകാലത്തിൽ ലാഭത്തിലാകുവാൻ ചില സ്ട്രാറ്റജികളിൽ മാറ്റം വരുത്തണമെന്നും അവർ വിലയിരുത്തുന്നു.
വരുമാനത്തിന്റെ കാര്യത്തിൽ എയർടെലിനെ ജിയോ മൂന്നാം പാദത്തിൽ തന്നെ മറികടന്നു. വൊഡാഫോൺ-ഐഡിയയെ ഈ സാമ്പത്തിക വർഷം മറികടക്കുമെന്നാണ് ബേൺസ്റ്റീൻ പ്രവചിക്കുന്നത്.
എന്നാൽ വിപണിയിൽ ജിയോ നൽകുന്ന ഓഫറുകൾക്കും ഡിസ്‌കൗണ്ടുകൾക്കും ഏകദേശം 15,000 കോടി രൂപ അധികച്ചെലവ് കമ്പനി വഹിക്കുന്നുണ്ട്. ടാർഗറ്റ് ചെയ്ത മാർക്കറ്റ് ഷെയർ ലഭിച്ചു കഴിഞ്ഞാൽ പിന്നെ ലാഭം നേടുന്നതിലേക്ക് ഫോക്കസ് മാറ്റേണ്ടതായി വരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മറ്റ് ടെലകോം കമ്പനികൾ ഏതായാലും ജിയോയുടെ ഒപ്പം ചേർന്ന് സബ്‌സിഡികൾ കൂട്ടി നൽകി അവരുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.