ഇന്ത്യന്‍ യൂണികോണ്‍ കമ്പനിയില്‍ 300 ദശലക്ഷം ഡോളര്‍ നിക്ഷേപവുമായി റിലയന്‍സ്

കഴിഞ്ഞ മാസങ്ങളിലെ ഏറ്റെടുക്കല്‍ പരമ്പരകള്‍ക്കൊടുവില്‍ മൊബീല്‍ കണ്ടന്റ് പ്രൊവൈഡറായ ഗ്ലാന്‍സ് ഇന്‍മൊബി എന്ന സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപത്തിനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഗൂഗ്ള്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ യൂണികോണ്‍ കമ്പനിയായ ഗ്ലാന്‍സ് ഇന്‍ മൊബിയില്‍ 300 ദശലക്ഷം ഡോളറാണ് റിലയന്‍സ് നിക്ഷേപിക്കുകയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിക്ഷേപ പദ്ധതി പൂര്‍ത്തിയാക്കും. തന്ത്രപരമായ സഹകരണവും സാമ്പത്തിക നിക്ഷേപവും ഇടപാടില്‍ ഉള്‍പ്പെടുന്നു. ന്യൂസ്, എന്റര്‍ടെയ്ന്റ്‌മെന്റ് ഉള്‍പ്പടെയുള്ള കണ്ടന്റുകള്‍ ലഭ്യമാക്കുന്ന കമ്പനിയാണ് ഗ്ലാന്‍സ് ഇന്‍മൊബി. കൂടാതെ റൊപോസോ എന്ന പേരില്‍ ഷോര്‍ട്ട് വീഡിയോ ആപ്ലിക്കേഷനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
റിലയന്‍സ്-ഗൂഗ്ള്‍ സഹകരണത്തോടെ കുറഞ്ഞ വിലയില്‍ ഇറക്കുന്ന സ്മാര്‍ട്ട്‌ഫോണിനു വേണ്ടിയാണ് ഇടപാട്. ദീപാവലിയോടെ ഈ ഫോണ്‍ വിപണിയിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, രാജ്യത്ത് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഷോര്‍ട്ട് വീഡിയോ വിപണിയില്‍ ശക്തമായ സാന്നിധ്യമാകാനും ഇതിലൂടെ റിലയന്‍സിന് കഴിയും.
2020 ജൂലൈയിലാണ് റിലയന്‍സും ഗൂഗ്‌ളും ചേര്‍ന്ന് ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ള എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്ന വിവരം കമ്പനി പുറത്തു വിട്ടത്. 350 ദശലക്ഷത്തിലേറെ വരുന്ന ടു ജി ഫോണ്‍ ഉപയോഗിക്കുന്ന സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഇത്. സെപ്തംബറില്‍ പുറത്തിറക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം കാരണം നടന്നില്ല.
130 ദശലക്ഷത്തിലേറെ സജീവ യുസേഴ്‌സ് ഗ്ലാന്‍സ് ഇന്‍മൊബിക്ക് ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ലോക്കല്‍ സെര്‍ച്ച് എന്‍ജിനായ ജസ്റ്റ് ഡയല്‍ ലിമിറ്റഡിന്റെ 1.31 കോടി ഓഹരികള്‍ അടുത്തിടെയാണ് റിലയന്‍സ് റീറ്റെയ്ല്‍ വാങ്ങിയത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it