ഫുഡ് മുതൽ ഫാഷൻ വരെ: ഓൺലൈൻ അങ്കത്തിന് തയ്യാറെടുത്ത് റിലയൻസ്

ഇ-കോമേഴ്‌സ് മേഖലയിലേക്ക് കടക്കുന്നതിന് മുന്നോടിയായി റിലയൻസ് ബ്രാൻഡുകൾ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്ലാറ്റ് ഫോമുകളിൽ നിന്ന് പിൻവലിച്ചു തുടങ്ങി

ഈ വർഷം അവസാനത്തോടെ ഇ-കോമേഴ്‌സ് രംഗത്തേയ്ക്ക് ചുവടുവയ്ക്കാൻ തയ്യാറെടുക്കുന്ന മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് അതിനുള്ള തയ്യാറെടുപ്പുകൾ ഇതാ തുടങ്ങിക്കഴിഞ്ഞു.

ജിയോയിലൂടെ ടെലകോം രംഗത്ത് വൻ ഡിസ്റപ്ഷൻ സൃഷ്‌ടിച്ച റിലയൻസ്, ഇ-കോമേഴ്‌സ് രംഗത്തും ഇതാവർത്തിക്കുമെന്നാണ് നിരീക്ഷകർ കണക്കുകൂട്ടുന്നത്.

ഇ-കോമേഴ്‌സ് മേഖലയിലേക്ക് കടക്കുന്നതിന് മുന്നോടിയായി റിലയൻസ് തങ്ങളുടെ ബ്രാൻഡുകൾ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്ലാറ്റ് ഫോമുകളിൽ നിന്ന് പിൻവലിച്ചു തുടങ്ങിയെന്നാണ് റിപ്പോർട്ട്. തുണിത്തരങ്ങൾ, ഷൂ, ലൈഫ്സ്റ്റൈൽ ഉൽപന്നങ്ങൾ എന്നിവ ഇതിലുൾപ്പെടും.

അന്താരാഷ്ട്ര ഫാഷൻ ലൈഫ്സ്റ്റൈൽ ബ്രാന്ഡുകളുമായി ഏറ്റവുമധികം കരാറുകളുള്ള ഇന്ത്യൻ കമ്പനിയാണ് റിലയൻസ്. ജോയ്ന്റ് വെൻച്വർ അല്ലെങ്കിൽ മാസ്റ്റർ ഫ്രാഞ്ചൈസി കരാർ എന്നിവയാണ് അധികവും.

ഡീസൽ, കേറ്റ് സ്പേഡ്, സ്റ്റീവ് മാഡൻ, മാർക്സ് & സ്‌പെൻസർ പോലുള്ള പന്ത്രണ്ടോളം ആഗോള ബ്രാൻഡുകളുടെ ഇന്ത്യയിലെ വില്പനാവകാശം റിലയൻസിനാണ്. ഇവയിൽ പലതും ഇപ്പോൾ ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര, ജബോങ്, ടാറ്റ ക്ലിക്ക് തുടങ്ങിയ പ്ലാറ്റ് ഫോമുകളിൽ കൂടി വിൽക്കുന്നുമുണ്ട്.

ഇത്രയധികം ബ്രാൻഡുകൾ ഈ പ്ലാറ്റ് ഫോമുകളിൽ നിന്ന് റിലയൻസ് പിൻവലിക്കുന്നത് നിലവിലെ ഇ-കോമേഴ്‌സ് കമ്പനികൾക്ക് ക്ഷീണമാകുമെന്ന് എടുത്തുപറയേണ്ടതില്ല. തേർഡ് പാർട്ടി മാർക്കറ്റ് പ്ലാറ്റ് ഫോമുകൾക്ക് ഇനി പുതിയ സ്റ്റോക്കുകൾ നൽകേണ്ടെന്നാണ് റിലയൻസ് ബ്രാൻഡ്‌സിന് ഹെഡ്ഓഫീസിൽ നിന്ന് ലഭിച്ചിരിക്കുന്ന നിർദേശം.

2018 സാമ്പത്തിക വർഷത്തിൽ റിലയൻസ് ബ്രാൻഡ്‌സിന്റെ വരുമാനം 336.41 കോടി രൂപയായിരുന്നു. നിലവിൽ റിലയന്സിന്റെ സ്വന്തം ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ അജിയോ ഡോട്ട് കോമിലൂടെ മാത്രം ഇവ വിറ്റാൽ മതിയെന്നാണ് സബ്‌സിഡിയറികൾക്ക് നൽകിയിരിക്കുന്ന നിർദേശം.

2018 ജൂലൈയിലാണ് കമ്പനിയുടെ ഓൺലൈൻ-ടു-ഓഫ്‌ലൈൻ സംരംഭത്തെപ്പറ്റി ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചത്. റിലയൻസ് ഇൻഫോകോം, റിലയൻസ് റീറ്റെയ്ൽ എന്നീ രണ്ട് സ്ഥാപനങ്ങളുടെ കൂട്ടായ പ്രവർത്തനമായിരിക്കും പുതിയ സംരംഭത്തിൽ പ്രതിഫലിക്കുക.

ഓഗ്മെന്റഡ് റിയാലിറ്റി, ഹോളോഗ്രാഫ്, വെർച്വൽ റിയാലിറ്റി എന്നിവ ഉപയോഗിച്ച് ഒരു കിടിലൻ യുസർ എക്സ്പീരിയൻസ് നൽകുന്ന പ്ലാറ്റ് ഫോമായിരിക്കും റിലയൻസ് ഒരുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here