സിയാല്‍ ടി1 ടെര്‍മിനല്‍ സജ്ജമായി, ഉദ്ഘാടനം ഡിസംബര്‍ 12ന്

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) നവീകരിച്ച ഒന്നാം ടെര്‍മിനല്‍ ആഭ്യന്തര ഓപ്പറേഷന് സജ്ജമായി. ഉദ്ഘാടനം ഡിസംബര്‍ 12 ന് വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പ്രിണറായി വിജയന്‍ നിര്‍വഹിക്കും.

നിലവിലെ വിമാനത്താവളങ്ങളുടെ വാസ്തുശില്‍പ മാതൃകയില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണമായും കേരളീയ പൈതൃകപ്പെരുമ ഉള്‍ക്കൊണ്ടാണ് ഒന്നാം ടെര്‍മിനല്‍ നവീകരണം സിയാല്‍ സാക്ഷാത്ക്കരിച്ചത്. ആധുനിക വിമാനത്താവള സൗകര്യങ്ങള്‍ക്കൊപ്പം പരമ്പരാഗത വാസ്തുശില്‍പ്പ ശൈലി സമന്വയിപ്പിച്ച് നവീകരിച്ചിട്ടുള്ള ഒന്നാം ടെര്‍മിനല്‍, യാത്രക്കാരോടുള്ള സിയാലിന്റെ പ്രതിബദ്ധതയ്ക്ക് ഉദാഹരണമാകുമെന്ന് മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ പറഞ്ഞു.

'ഇന്ത്യന്‍ ആഭ്യന്തര വ്യോമയാന മേഖലയില്‍ സംഭവിക്കുന്ന കുതിച്ചുചാട്ടം മുന്‍കൂട്ടി കണ്ടാണ് സിയാല്‍ ടെര്‍മിനല്‍1 നവീകരിച്ചത്. നിലവിലെ ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിന്ന് ആറു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലേയ്ക്കാണ് ആഭ്യന്തര ടെര്‍മിനല്‍ മാറുന്നത്. ഇപ്പോള്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് എയ്‌റോബ്രിഡ്ജ് സൗകര്യം ലഭ്യമല്ല. നവീകരിച്ച ടെര്‍മിനലില്‍ ഏഴ് എയ്‌റോബ്രിഡ്ജുകള്‍ ഉണ്ടാകും. 240 കോടി രൂപയാണ് നവീകരണച്ചെലവ് 'കുര്യന്‍ പറഞ്ഞു.

സൗരോര്‍ജ്ജ ഉല്‍പ്പാദനശേഷി 40 മെഗാവാട്ട്

പൂര്‍ണമായി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളമാണു സിയാല്‍. നിലവില്‍ 30 മെഗാവാട്ടാണ് സൗരോര്‍ജ പ്ലാന്റുകളുടെ മൊത്തം സ്ഥാപിതശേഷി. ഒന്നാം ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങുതോടെ മുഴുവന്‍ ഊര്‍ജാവശ്യവും നിറവേറ്റപ്പെടാന്‍ സൗരോര്‍ജ ഉല്‍പാദന ശേഷി മൊത്തം 40 മെഗാവാട്ടായി ഉയര്‍ത്തുകയാണ്.

ഒന്നാം ടെര്‍മിനലിന്റെ കാര്‍ പാര്‍ക്കിന്റെ മേല്‍ക്കൂരയില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതിയും ഇതിന്റെ ഭാഗമാണ്. സിയാലിന്റെ സൗരോര്‍ജ കാര്‍പോര്‍ട്ടുകളുടെ മൊത്തം സ്ഥാപിത ശേഷി 5.1 മെഗാവാട്ടാണ്. ലോകത്തിലെ വിമാനത്താവളങ്ങളില്‍ നിലവില്‍ ഏറ്റവും വലിയ സൗരോര്‍ജ കാര്‍പോര്‍ട്ട് ഉള്ളത് ജര്‍മനിയിലെ വീസ് വിമാനത്താവളത്തിലാണ്.

നാല് മെഗാവാട്ടാണ് ഇതിന്റെ സ്ഥാപിതശേഷി. ഇനി ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ കാര്‍പോര്‍ട്ടുള്ള വിമാനത്താവളമെന്ന റെക്കോഡ് കൂടി സിയാല്‍ സ്വന്തമാക്കുന്നു. ഇവിടെ നിന്നുള്ള വൈദ്യുതി കൂടി ലഭ്യമാകുന്നതോടെയാണ് മൊത്തം സൗരോര്‍ജ സ്ഥാപിത ശേഷി 40 മെഗാവാട്ടായി ഉയരുക.

2015 ഓഗസ്റ്റില്‍ 13 മെഗാവാട്ട് സൗരോര്‍ജ പ്ലാന്റ് ഉദ്ഘാടനം ചെയ്തതോടെയാണ് സിയാല്‍ ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായി മാറിയത്. വന്‍കിട ഊര്‍ജ ഉപയോഗം ആവശ്യമുള്ള വിമാനത്താവളങ്ങളിലും സൗരോര്‍ജ്ജം ഉപയോഗിക്കാമെന്ന ആശയത്തിന് ഐക്യരാഷ്ട്ര സഭയുടെ ചാമ്പ്യന്‍ ഓഫ് എര്‍ത്ത് പുരസ്‌ക്കാരത്തിനും സിയാല്‍ അര്‍ഹമായിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it