ലോക്ക്ഡൗണ്‍:ചില്ലറ വ്യാപാരികളില്‍ 25% രംഗം വിട്ടേക്കുമെന്ന് സര്‍വേ

സാരമായ മൂലധന താങ്ങ് ആവശ്യമെന്ന് റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ

25 percent retailers will be out of business post lock down

രാജ്യവ്യാപക ലോക്ക്ഡൗണിന്റെ ആഘാതം നേരിടാന്‍ സര്‍ക്കാരില്‍ നിന്നു ഫലപ്രദമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ചില്ലറ വ്യാപാരികളില്‍  25% പേരും ബിസിനസ്സില്‍ നിന്ന് പുറത്താകുമെന്ന് റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ. പിടിച്ചുനില്‍ക്കണമെങ്കില്‍ ഈ മേഖലയില്‍ നിലവിലുള്ള തൊഴിലാളികളില്‍ 20-30 ശതമാനത്തെ ഒഴിവാക്കേണ്ടിവരുമെന്നും ചില്ലറ വ്യാപാരികള്‍ പറയുന്നു.

ലോക്ക്ഡൗണ്‍ സമയത്ത് ചില്ലറ വ്യാപാരികള്‍ക്ക് വരുമാനമൊന്നുമില്ലെങ്കിലും അവരുടെ നിശ്ചിത ചെലവ് തുടരുകയാണെന്ന് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കുമാര്‍ രാജഗോപാലന്‍ പറഞ്ഞു. ചില്ലറ വ്യാപാരികളുടെ 35-40% ചെലവ് വാടക ഇനത്തിലാണ്. തൊഴില്‍ ഇനത്തില്‍ 30 % ചെലവും വരും. വാടക ഇളവുണ്ടാകാത്ത പക്ഷം പിടിച്ചുനില്‍പ്പ് അസാധ്യമാകും. ലോക്ഡൗണ്‍ കാലത്തെ വാടക ഒഴിവാക്കുന്നതിനു പുറമേ, തുടര്‍ന്നും കാര്യമായ ഇളവ് വേണ്ടിവരും.ജിഎസ്ടി, വൈദ്യുതി ചാര്‍ജ് ഇളവുകളും പ്രോപ്പര്‍ട്ടി ടാക്‌സ് മൊറട്ടോറിയം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.

ചെറുകിട, ഇടത്തരം, വന്‍ ശൃംഖലകള്‍ ഉള്‍പ്പെടെ സംഘടിത ചില്ലറ വില്‍പ്പന മേഖലയിലെ 768 അംഗങ്ങളെ ഉള്‍പ്പെടുത്തി പഠനം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് അസോസിയേഷന്‍ പ്രസിദ്ധീകരിച്ചു. ലോക്ക്ഡൗണ്‍ കഴിഞ്ഞാലും 6-12 മാസത്തിനുള്ളില്‍ മാത്രമേ വീണ്ടെടുക്കല്‍ പ്രതീക്ഷിക്കുന്നുള്ളൂവെന്നാണ്  51 %  പേര്‍ പ്രതികരിച്ചത്. 3- 6 മാസമേ വേണ്ടിവരൂവെന്ന് 24 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. പ്രതികരിച്ചവരില്‍ 80% പേര്‍ക്കും ഓഗസ്റ്റ് വരെ യാതൊരു വിധ ലാഭ പ്രതീക്ഷയുമില്ല.  കഴിഞ്ഞ വര്‍ഷം നേടിയ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ അടുത്ത 6 മാസത്തിനുള്ളില്‍, ഭക്ഷ്യേതര ചില്ലറ വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത് കഴിഞ്ഞ വര്‍ഷം ഇതേ സമയത്തു നേടിയതിന്റെ 40% മാത്രം.

പ്രതികരിച്ചവരില്‍ 18% ഭക്ഷ്യ ചില്ലറ വ്യാപാരികളാണ്.അവര്‍ ലോക്ക്ഡൗണ്‍ സമയത്ത് പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടില്ല. ബാക്കിയുള്ളവര്‍ ഭക്ഷ്യേതര ചില്ലറ വ്യാപാരികളാണ്. അവര്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായി. ലോക്ക്ഡൗ ണ്‍ സമയത്ത് വാടക എഴുതിത്തള്ളല്‍ അംഗീകരിക്കാന്‍ പല മാള്‍ ഉടമകളും തയ്യാറായിട്ടുണ്ട്. എങ്കിലും, മിക്ക ചില്ലറ വ്യാപാരികള്‍ക്കും പണമൊഴുക്ക് സംബന്ധിച്ച പ്രശ്‌നങ്ങള്‍ കുറഞ്ഞത് 2-3 പാദമെങ്കിലും നിലനില്‍ക്കുമെന്ന ആശങ്കയാണുള്ളത്. അതിനാല്‍, സാരമായ മൂലധന താങ്ങ് അവര്‍ പ്രതീക്ഷിക്കുന്നു.

കോവിഡ് 19 നിയന്ത്രിതമായശേഷം  ഷോപ്പിംഗ് രീതികള്‍ അടിസ്ഥാനപരമായി മാറുമെന്ന ആശങ്കയും ഉയരുന്നുണ്ട്. വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും വാങ്ങുന്നതില്‍ മില്ലേനിയലുകള്‍ കൂടുതല്‍ പിശുക്കു കാണിക്കുമെന്ന നിരീക്ഷണം ശക്തമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here