'വിദേശി വിരോധ'ത്തിനു വിട; ബഹുരാഷ്ട്ര കമ്പനികളുമായി 'പതഞ്ജലി' കൈകോര്‍ക്കുന്നു

യോഗ ഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള 'സ്വദേശി' എഫ്.എം.സി.ജി ബ്രാന്‍ഡ് പതഞ്ജലിയുടെ വിദേശ വ്യവസായികളോടുള്ള വിരോധം തീര്‍ന്നു. വിദേശ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പതഞ്ജലി ആയുര്‍വേദ് നീക്കമാരംഭിച്ചു.
അന്താരാഷ്ട്ര തലത്തില്‍ വ്യാപാരം വികസിപ്പിക്കാന്‍ ഉദ്ദേശിച്ച് നാലോളം കമ്പനികളുമായി ചര്‍ച്ചയിലാണെന്ന് കമ്പനിയുടെ സിഇഒ ആചാര്യ ബാല്‍കൃഷ്ണ പറഞ്ഞു. എന്നാല്‍, ഏത് കമ്പനികളുമായാണ് ചര്‍ച്ച നടത്തിയതെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
ഇന്ത്യന്‍ വിപണിയില്‍ സ്വദേശി ആയുര്‍വേദ ഉല്‍പ്പന്നമെന്ന പ്രഖ്യാപനത്തോടെ കടന്നുവന്നതാണ് പതഞ്ജലി. ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള സ്ഥാപനം വിപണിയിലെ വിദേശ കമ്പനികളോട് കിടപിടിക്കുന്ന തരത്തില്‍ വളര്‍ന്നിരുന്നു.ഹിന്ദുസ്ഥാന്‍ ലിവര്‍, പി ആന്‍ഡ് ജി തുടങ്ങിയവയെപ്പോലും വിറപ്പിക്കാന്‍ ബാബ രാംദേവിനു കഴിഞ്ഞിരുന്നു. എന്നാല്‍, സമീപകാലത്ത് പതഞ്ജലിക്ക് തങ്ങളുടെ വിപണിയിലെ സ്വാധീനത്തില്‍ ഇടിവുണ്ടായി. ഇതിനിടെയാണ് അന്താരാഷ്ട്ര കമ്പനികളുമായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള തീരുമാനം.രാംദേവ് എംഎന്‍സികളെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. 2025 ഓടെ പതഞ്ജലി ലോകത്തിലെ ഏറ്റവും വലിയ എഫ്എംസിജി ബ്രാന്‍ഡായിരിക്കുമെന്നും അവകാശപ്പെട്ടുപോന്നു.
ആഡംബര ഉല്‍പ്പന്ന രംഗത്തെ ഫ്രഞ്ച് ഭീമന്‍ എല്‍എംവിഎച്ച് മുന്‍പ് പതഞ്ജലിയില്‍ ഓഹരികള്‍ വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.ഇതിനിടെ ഡിറ്റര്‍ജന്റ്, കേശ സംരക്ഷണം, സോപ്പ്, നൂഡില്‍സ് എന്നിവയിലെല്ലാം 2018 ജൂലൈ മുതല്‍ 2019 ജൂലൈ വരെ പതഞ്ജലിയുടെ സ്വാധീനം താഴേക്ക് പോയി. ഈ കാലയളവില്‍ ടൂത്ത്‌പേസ്റ്റ് വിപണിയില്‍ മാത്രമാണ് വ്യാപാരം വര്‍ധിപ്പിക്കാന്‍ കമ്പനിക്ക് സാധിച്ചത്. പതഞ്ജലിയുടെ 2019 സെപ്തംബര്‍ മാസത്തെ വിറ്റുവരവ് 1,769 കോടിയാണ്.