ഓഫറുകളുടെ പെരുമഴയില്‍ പഞ്ചഗുസ്തിക്കൊരുങ്ങി ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്

ഈ മാസം 29 മുതല്‍ ഒക്ടോബര്‍ 4 വരെ മെഗാ ഫെസ്റ്റിവല്‍ സീസണ്‍ വില്‍പ്പനാ ഓഫറിന്റെ ബലത്തില്‍ മല്‍സരിക്കാനൊരുങ്ങുന്നു ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും. വലിയ ഡിസ്‌കൗണ്ടുകളാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ രണ്ട് ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകളും നല്‍കുന്നത്.

ഉത്സവ സീസണിന് മുന്നോടിയായി സപ്ലൈ ചെയിന്‍, ലോജിസ്റ്റിക് വിഭാഗം, ഉപഭോക്തൃ പിന്തുണ എന്നിവയുമായി ബന്ധപ്പെട്ട് 90,000 ലധികം പേര്‍ക്ക് പുതുതായി നിയമനം നല്‍കിയതായി ആമസോണ്‍ അറിയിച്ചു. 50,000 പേര്‍ക്ക് ഫ്‌ളിപ്കാര്‍ട്ടും നിയമനം നല്‍കി.മെഗാ ഉത്സവ സീസണില്‍ ഭീമന്മാര്‍ ഏറ്റുമുട്ടുമ്പോള്‍ വിജയികളാകാന്‍ തയ്യാറെടുക്കുന്നു ഉപഭോക്താക്കള്‍.

ആമസോണിന്റെ 'ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍' ഉത്സവ ക്യാഷ്ബാക്ക്, കൂപ്പണുകള്‍, ആകര്‍ഷകമായ ഇഎംഐ ഓപ്ഷനുകള്‍ എന്നിവ വാഗ്ദാനം ചെയ്യുമ്പോള്‍, ഫ്‌ളിപ്കാര്‍ട്ടിന്റെ 'ദി ബിഗ് ബില്യണ്‍ ഡെയ്സ്' സൗജന്യ ഡെലിവറിക്കു പുറമേ പരിമിത ഇനങ്ങളില്‍ 90 ശതമാനം വരെ ഡിസ്‌കൗണ്ട് ഓഫറുകള്‍ നല്‍കുമെന്നു പറയുന്നു.

ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്കായി സെപ്റ്റംബര്‍ 28 ന് ഉച്ചയ്ക്ക് 12 മുതല്‍ വില്‍പ്പന ആരംഭിക്കും.അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ ഭാഗ്യമുള്ള ഉപയോക്താക്കള്‍ക്ക് 5 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍ നേടാന്‍ അവസരം ലഭിക്കും. മൊബൈല്‍ ഫോണുകളില്‍ 40 ശതമാനവും ഓണ്‍ലൈന്‍ ഫാഷന്‍ സ്റ്റോറില്‍ 90 ശതമാനവും പരമാവധി കിഴിവു നല്‍കും.ചെറിയ വീട്ടുപകരണങ്ങള്‍ 88 രൂപ മുതലുള്ള വിലയ്ക്കു ലഭ്യമാകും.തല്‍ക്ഷണ, ബോണസ് ഓഫറുകളുമായി നിരവധി പുതിയ ഗാഡ്ജെറ്റുകളും ഇലക്ട്രോണിക് ഇനങ്ങളും വില്‍പനയ്ക്കുണ്ടാകുമെന്ന് ആമസോണ്‍ വെബ്സൈറ്റ് പറയുന്നു.

ദി ബിഗ് ബില്യണ്‍ ഡെയ്സ് വില്‍പ്പനയുടെ ഒന്നാം ദിവസം ഫ്‌ളിപ്പ്കാര്‍ട്ട് 10 ശതമാനം അധിക കിഴിവ് വാഗ്ദാനം ചെയ്യുന്നു. പ്രത്യേക 'ഗ്രാന്‍ഡ് സ്റ്റീല്‍സ്' ഓഫറില്‍ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, ബാഗുകള്‍, ഷൂകള്‍ എന്നിവ 'സീറ്റ് ബെല്‍റ്റ് പിഴയേക്കാള്‍ കുറഞ്ഞ' വിലയ്ക്കു നല്‍കുമെന്ന് വെബ്സൈറ്റ് പറയുന്നു.ചുരുങ്ങിയ വില ഉറപ്പാക്കുന്ന രസകരമായ ഡീലുകള്‍, ഫ്‌ളാഷ് വില്‍പ്പന തുടങ്ങിയവയും ഉണ്ടാകും.

സെപ്റ്റംബര്‍ 29, 30 തീയതികളില്‍ അര്‍ദ്ധരാത്രി 12 മുതല്‍ ഉച്ചയ്ക്ക് 2 വരെ 'തിരക്കുള്ള സമയ' പരിഗണനയോടെ അധിക കിഴിവുകള്‍ ലഭ്യമാക്കും. ദി ബിഗ് ബില്യണ്‍ ഡെയ്സ് സമയത്ത് ഫ്‌ളൈറ്റ് ബുക്കിംഗില്‍ 25,000 രൂപ വരെ കിഴിവ് ഫ്‌ളിപ്പ്കാര്‍ട്ട് ട്രാവല്‍ വാഗ്ദാനം ചെയ്യുന്നു.

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it