റീറ്റെയ്ല്‍ മേഖലയെ ഞെട്ടിച്ച് ആമസോണും ഫ്യൂച്ചര്‍ ഗ്രൂപ്പും

മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് ഇ കൊമേഴ്‌സ് രംഗത്തേക്കുള്ള വരവ് പ്രഖ്യാപിച്ചതിനു പിന്നാലെ വമ്പന്‍ നീക്കവുമായി ആമസോണ്‍. റീറ്റെയ്ല്‍ മേഖലയിലെ രാജ്യത്തെ പ്രമുഖ സ്ഥാപനമായ ഫ്യൂച്ചര്‍ ഗ്രൂപ്പുമായി സഖ്യമുണ്ടാക്കിയാണ് ആമസോണ്‍ ഞെട്ടിച്ചിരിക്കുന്നത്.

ഗ്രൂപ്പിന് കീഴിലുള്ള എഫ്എംസിജി കമ്പനിയായ ഫ്യൂച്ചര്‍ കണ്‍സ്യൂമറും ആമസോണും തമ്മിലാണ് ധാരണ ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെ, ആമസോണിന് ഫ്യൂച്ചര്‍ ഗ്രൂപ്പിന് കീഴിലുള്ള റീറ്റെയ്ല്‍ സ്റ്റോറുകളെ ഉപയോഗിച്ച് ഉപഭോക്താക്കളിലേക്ക് പെട്ടെന്ന് ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനാകും. അതേസമയം ഫ്യൂച്ചര്‍ ഗ്രൂപ്പിന് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ആമസോണിലൂടെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമാകും.
ഫ്യൂച്ചര്‍ കണ്‍സ്യൂമറിന് കീഴിലുള്ള ബിഗ് ബസാര്‍ റീറ്റെയ്ല്‍ ശൃംഖലയ്ക്ക് ഗ്രോസറി, ജനറല്‍ മെര്‍ക്കന്‍ഡൈസ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫൂട്ട് വെയര്‍, ജൂവല്‍റി, വാച്ച്, ലഗേജ് എന്നിവയെല്ലാം ആമസോണിലൂടെ ഇന്ത്യയിലെമ്പാടും വില്‍ക്കാനാകും. മാത്രമല്ല, ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ബ്രാന്‍ഡുകളായ ടേസ്റ്റി ട്രീറ്റ്, ഫാബ്രിക് കെയര്‍ ബ്രാന്‍ഡ് വൂം, ഡയറി ഉല്‍പ്പന്നമായ ഡ്രീമറി, കാര്‍മിക് ഡ്രൈ ഫ്രൂട്ട്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ആമസോണില്‍ ലഭ്യമാക്കുകയും ചെയ്യും.

ആമസോണിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ രണ്ടു മണിക്കൂറിനകം ഉപഭോക്താവിലേക്കെത്തിക്കുന്ന ആമസോണ്‍ പ്രൈം സേവനം ഇതിനകം തന്നെ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. ഡല്‍ഹി, മുംബൈ, ബെഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഫ്യൂച്ചര്‍ റീറ്റെയ്‌ലിന് കീഴിലുള്ള 22 സ്റ്റോറുകളുമായി ബന്ധപ്പെടുത്തിയാണിത് സാധ്യമാക്കുന്നത്.

ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള കൂട്ടുകെട്ടിലൂടെ 3900 കോടി ഡോളറില്‍ നിന്ന് ആമസോണിന്റെ വിറ്റുവരവ് 2025 ഓടെ 18800 കോടി ഡോളറായി ഉയരുമെന്നാണ് കണക്കു കൂട്ടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളിലൊന്നാണ് ആമസോണ്‍. അതേസമയം ഓഫ്‌ലൈന്‍ റീറ്റെയ്ല്‍ മേഖലയില്‍ രാജ്യത്ത് 400 നഗരങ്ങളിലായി 1500 ലേറെ സ്‌റ്റോറുകളുണ്ട് ഫ്യൂച്ചര്‍ ഗ്രൂപ്പിന്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it