ആമസോൺ, ഫ്ലിപ്കാർട്ട് ഉൽസവ വിൽപ്പനയ്‌ക്കെതിരെ വ്യാപാരികളുടെ സംഘടന

ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും വന്‍ വിലയിളവുകളോടെ ആരംഭിക്കാനിരിക്കുന്ന ഉത്സവ വില്‍പ്പന നിരോധിക്കണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്ഡിഐ) മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള ഉത്സവ വില്‍പ്പനയാണ് ആമസോണും ഫ്‌ളിപ്കാര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സിഐടി സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ടേല്‍വാള്‍ പറഞ്ഞു.

ഇരു കമ്പനികളും എഫ്ഡിഐ നയം ലംഘിക്കുന്നത് പരിശോധിച്ച് നിര്‍ദ്ദിഷ്ട ഉത്സവ വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനോട് സിഐടി അഭ്യര്‍ത്ഥിച്ചു. ഈ കമ്പനികളുടെ ബിസിനസ് മോഡലുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും ന്യായീകരണങ്ങള്‍ യുക്തിക്കും നിയമത്തിനും നിരക്കാത്തതാണെന്ന് പ്രവീണ്‍ ഖണ്ടേല്‍വാള്‍ പറഞ്ഞു.ഇ-കൊമേഴ്സ് നയത്തിന്റെ ലംഘനവും കൂടിയാണ് ഉത്സവ വില്‍പ്പനയിലൂടെ സംഭവിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓഫര്‍ പെരുമഴയാണ് ആമസോണും ഫ്‌ളിപ്കാര്‍ട്ടും വാഗ്ദാനം ചെയ്യുന്നത്.ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2019 സെപ്റ്റംബര്‍ 29ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കുമെന്നാണു പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൈം അംഗങ്ങള്‍ക്കായി 28 ന് ഉച്ചയ്ക്ക് 12 മുതല്‍ വില്‍പന തുടങ്ങും. ഒക്ടോബര്‍ 4ന് അര്‍ദ്ധരാത്രിയാണ് ഫെസ്റ്റിവല്‍ സമാപിക്കുക. ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡെയ്സിന്റെ അതേ തീയതികളില്‍ തന്നെയാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും നടക്കുന്നത്.

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ സ്മാര്‍ട്ട്ഫോണുകള്‍, ടിവികള്‍, വീട്ടുപകരണങ്ങള്‍, ഉപഭോക്തൃ ഇലക്ട്രോണിക്സ്, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് കിഴിവുകളും ഓഫറുകളുമുണ്ട്. തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ വില നല്‍കിയാല്‍ മതിയാകുമെന്ന് ആമസോണ്‍ അധികൃതര്‍ അറിയിച്ചു. ഇതോടൊപ്പം പുതിയ ഉത്പന്നങ്ങളും ഈ സീസണിയില്‍ വിപണിയില്‍ എത്തിക്കും. വണ്‍പ്ലസ്, സാംസങ്, ആമസോണ്‍ ബേസിക്സ്, ഫോസില്‍ ഉല്‍പ്പന്നങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പനയ്ക്കിടെ വണ്‍പ്ലസ് ടിവിയും വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

മൊബൈല്‍ ഫോണുകള്‍ക്ക് എക്സ്ചേഞ്ച് ഓഫറുകളും നോകോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭിക്കും. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പനയ്ക്കിടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ അടിസ്ഥാന വിലയ്ക്ക് നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഉയര്‍ന്ന വിലയുള്ള ഉത്പന്നങ്ങള്‍ക്ക് പണമടയ്ക്കുന്നതിന് നിരവധി പേയ്മെന്റ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. നോകോസ്റ്റ് ഇഎംഐ, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലെ ഇഎംഐ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ 10 ശതമാനം തല്‍ക്ഷണ കിഴിവ് എന്നിവ ഇതില്‍പ്പെടും.

ഫ്ളാറ്റ് ഡിസ്‌കൗണ്ടുകള്‍ക്ക് പുറമെ, ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2019 വില്‍പ്പനയില്‍ എക്സ്ചേഞ്ച് ഓഫറുകളുടെ രൂപത്തിലുള്ള ബണ്ടില്‍ ചെയ്ത ഓഫറുകളും തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളുമായുള്ള ക്യാഷ്ബാക്ക് ഡീലുകളും ഉണ്ടാകും. ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് 'ഫെസ്റ്റിവല്‍ ക്യാഷ്ബാക്ക് ഓഫറുകള്‍' ഉപയോഗിക്കാം. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും ആര്‍ട്ടിസ്റ്റുകള്‍ക്കും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരവും ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു.

രാജ്യത്തുടനീളമുള്ള ചെറുകിട, ഇടത്തരം ബിസിനസുകളില്‍ നിന്നുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ വിപണിയില്‍ നിന്ന് 600 ലധികം ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ഉത്സവ സീസണിലുടനീളം ആമസോണ്‍ റോഡ് ഷോ നടത്തും. പ്രത്യേകം തയ്യാറാക്കിയ ട്രക്കുകള്‍ 13 നഗരങ്ങളിലൂടെ സഞ്ചിച്ചുകൊണ്ടിരിക്കുമെന്ന് കമ്പനിയുടെ അറിയിപ്പില്‍ പറയുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it