'കൈയ്യും വീശി എല്ലാം വാങ്ങാം', നിങ്ങളുടെ കൈ ആമസോണ്‍ ക്രെഡിറ്റ് കാര്‍ഡാക്കും

ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഇനി നിങ്ങളുടെ കൈ പറയും. സാങ്കേതികവിദ്യയിലെ ഭീമനായ ആമസോണില്‍ നിന്ന് മറ്റൊരു വിപ്ലവം. ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തങ്ങളുടെ കൈകളുമായി ബന്ധിപ്പിക്കാനാകും. അതായത് കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയിട്ട് ചെക്കൗട്ട് ചെയ്യാന്‍നേരം വെറുതെ കൈപ്പത്തി കാണിച്ചാല്‍ മതി.

ആമസോണ്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ പദ്ധതിയെക്കുറിച്ച് ദി വാള്‍ സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ പദ്ധതി പ്രാവര്‍ത്തികമായാല്‍ റീറ്റെയ്ല്‍ മേഖലയില്‍ വലിയൊരു വിപ്ലവത്തിനായിരിക്കും തുടക്കം കുറിക്കുന്നത്. കമ്പനി നേരത്തെ തന്നെ ഹാന്‍ഡ് സ്‌കാനര്‍ അടങ്ങിയ നോണ്‍-കോണ്ടാക്റ്റ് ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ സംവിധാനത്തിന് പേറ്റന്റ് അപേക്ഷിച്ചിട്ടുണ്ട്.

ഈ പദ്ധതി ഇപ്പോള്‍ ശൈശവദശയിലാണെങ്കിലും വിസയുമായി ചേര്‍ന്ന് ഇത് തങ്ങളുടെ ടെര്‍മിനലുകളില്‍ പരീക്ഷണം നടത്തുകയാണ് ആമസോണ്‍. മാസ്റ്റര്‍കാര്‍ഡ്, ജെപിമോര്‍ഗണ്‍ ചെയ്‌സ്, വെല്‍സ് ഫാര്‍ഗോ, സിന്‍ക്രണി ഫിനാന്‍ഷ്യല്‍ തുടങ്ങിയവയുമായി ആമസോണ്‍ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.

ഇക്കാര്യത്തില്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനികളുടെ ആകുലതകളും തട്ടിപ്പുകള്‍ക്കുള്ള സാധ്യത, വ്യക്തിവിവരങ്ങള്‍ എത്രത്തോളം കമ്പനിക്ക് ലഭിക്കും എന്നുതുടങ്ങഉന്ന ഉപഭോക്താക്കളുടെ ആശങ്കകളും ആമസോണ്‍ പരിഗണിക്കും. ടെര്‍മിനലുകളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ആമസോണ്‍ ക്ലൗഡില്‍ സ്‌റ്റോര്‍ ചെയ്യുകയും ഉപഭോക്താക്കളുടെ ചെലവഴിക്കല്‍ ശീലങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്യും.

കാഷ്യറോ ചെക്കൗട്ടുകളോ ഇല്ലാത്ത തങ്ങളുടെ ആമസോണ്‍ ഗോ സ്‌റ്റോറുകളും വോയ്‌സ് പേയ്‌മെന്റ് സര്‍വീസ് ആയ ആമസോണ്‍ പേയും വിപുലമാക്കുന്നതിനുള്ള വമ്പന്‍ പദ്ധതികളാണ് ആമസോണിനുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it