ഡെലിവറിക്കു വേണ്ടി ആമസോണ്‍ ഒരു ലക്ഷം ഇ - വാനുകള്‍ വാങ്ങും

ഡെലിവറി ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പരമാവധി വര്‍ദ്ധിപ്പിക്കുന്നു ആമസോണ്‍. ഈ ലക്ഷ്യത്തോടെ അമേരിക്കന്‍ ഇവി സ്റ്റാര്‍ട്ടപ്പായ റിവിയനില്‍നിന്ന് ഒരു ലക്ഷം ഇലക്ട്രിക് വാനുകള്‍ വാങ്ങാന്‍ ഇ-കൊമേഴ്സ് കമ്പനി ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു.

പാരിസ് കാലാവസ്ഥാ ഉച്ചകോടിയുടെ ലക്ഷ്യങ്ങള്‍ പത്ത് വര്‍ഷം മുന്നേ കൈവരിക്കാന്‍ ആമസോണ്‍ പരിപാടികള്‍ ആസൂത്രണം ചെയ്തുവരുന്നുണ്ട്. ആമസോണിന്റെ 'കാലാവസ്ഥാ പ്രതിജ്ഞ' അനുസരിച്ച്, 2040 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കമ്പനി തീരുമാനമെടുത്തിരുന്നു.ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം ഇതിന്റെ കൂടി ഭാഗമാണ്. ഡെലിവറിയുമായി ബന്ധപ്പെട്ട് ചെലവുകള്‍ കുറയ്ക്കുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി കുറേക്കാലമായി വിവിധ മാര്‍ഗ്ഗങ്ങള്‍ തേടുന്നുമുണ്ട് ആമസോണ്‍.

തുടക്കത്തില്‍ അമേരിക്കയിലെ പ്രധാന നഗരങ്ങളിലായിരിക്കും റിവിയന്‍ വാനുകള്‍ ഉപയോഗിക്കുന്നത്. റിവിയന്റെ ആദ്യത്തെ വാനുകള്‍ 2021 ല്‍ ഉപയോഗിച്ചുതുടങ്ങാനാണ് പരിപാടി. 2022 ഓടെ പതിനായിരം ഇലക്ട്രിക് വാഹനങ്ങള്‍ ഡെലിവറി ആവശ്യങ്ങള്‍ക്കായി നിരത്തുകളിലുണ്ടാകും. 2030 ഓടെ ആകെ ഒരു ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിച്ചുതുടങ്ങും.

ഈ വര്‍ഷം ഫെബ്രുവരിയില്‍ റിവിയനില്‍ ആമസോണ്‍ 440 ദശലക്ഷം ഡോളറിന്റെ (ഏകദേശം 3119.18 കോടി ഇന്ത്യന്‍ രൂപ) നിക്ഷേപം നടത്തിയിരുന്നു. ഫോഡ് ഉള്‍പ്പെടെയുള്ള കമ്പനികളും റിവിയനിലെ നിക്ഷേപകരാണ്.

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it