Top

ആത്മവിശ്വാസമുണ്ട്, എന്തും വിറ്റഴിക്കാമെന്ന്!

ഇലക്ട്രോണിക്സ്, ഗൃഹോപകരണ വിപണന മേഖലയിലെ മുന്‍നിര സ്ഥാപനമാണ് നിക്ഷാന്‍ ഇലക്ട്രോണിക്സ്. വടക്കേ മലബാറിന്റെ പ്രിയപ്പെട്ട സ്ഥാപനമായി വളര്‍ന്ന നിക്ഷാന് ഇ പ്ലാനറ്റ് എന്ന പേരില്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ ചെറു പട്ടണങ്ങളില്‍ 15 ഓളം ഷോറൂമുകളുണ്ട്. കേരളത്തിലെ ഈ മേഖലയിലെ ഏറ്റവും വലിയ ഷോറൂമായ കോഴിക്കോട്ടെ ഇഹം ഡിജിറ്റല്‍ മലബാര്‍ ഗ്രൂപ്പുമായി ചേര്‍ന്നുള്ള സംരംഭമാണ്. കോട്ടക്കലിലും തിരുവനന്തപുരത്തും ശാഖകളുള്ള സ്ഥാപനം കേരളത്തിന് പുറത്തേക്കും വളര്‍ന്നു കൊണ്ടിരിക്കുന്നു. റീറ്റെയ്ല്‍ മേഖലയില്‍ വിജയത്തിന്റെ പുതു മാതൃകകള്‍ സൃഷ്ടിച്ച നിക്ഷാന്‍ ഇലക്ട്രോണിക്സിന്റെ മാനേജിംഗ് പാര്‍ട്ണറും ഇഹം ഡിജിറ്റല്‍ മാനേജിംഗ് ഡയറക്റ്ററുമായ എം എം വി മൊയ്തു സംസാരിക്കുന്നു

1. എങ്ങനെയാണ് നിക്ഷാന്‍ മുന്നേറ്റം സാധ്യമാക്കുന്നത്?

പുതുമകളാണ് വൈറ്റ് ഗുഡ്‌സ് മേഖലയെ നിലനിര്‍ത്തുന്നത്. അത് നിക്ഷാനും പിന്തുടരുന്നു. മുമ്പ് ചെറിയ വിലയ്ക്ക് ലഭിച്ചിരുന്നത് ചെറിയ ബ്രാന്‍ഡുകളാണെങ്കില്‍ ഇന്ന് പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ താരതമ്യേന കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നു. അത് പൊതുവില്‍ ഗുണം ചെയ്തിട്ടുണ്ട്. അതിനു പുറമേ ഉപഭോക്താക്കള്‍ക്ക് മികച്ച ഫിനാന്‍സ് സൗകര്യങ്ങള്‍ നല്‍കി. ഡൗണ്‍ പേയ്‌മെന്റ് ഇല്ലാതെ തന്നെ നിക്ഷാന്‍ അവര്‍ക്കായി ഇഎംഐ സൗകര്യമൊരുക്കി. കമ്പനികള്‍ നല്‍കുന്ന വാറന്റിക്കു പുറമേ അധിക വര്‍ഷ വാറന്റി ഓഫര്‍ ചെയ്തു. മൊബീല്‍ ഫോണുകള്‍ക്ക് സ്വന്തം നിലയില്‍ സ്‌ക്രീന്‍ പ്രൊട്ടക്ഷന്‍ കവറേജ് നല്‍കി. സമ്മാനങ്ങള്‍ നല്‍കുന്നതിനു പകരം ഇത്തരത്തില്‍ ഉപഭോക്താവിന് ആവശ്യമായത് നല്‍കാന്‍ ശ്രമിച്ചു. ബ്രാന്‍ഡുകളുടെ വിശ്വാസം നേടിയെടുക്കാനും സ്ഥാപനത്തിന് കഴിഞ്ഞു. പല ഉല്‍പ്പന്നങ്ങളുടെയും കേരളത്തിലെ ലോഞ്ച് നടക്കുന്നത് നിക്ഷാനിലാണ്. എന്തും വിറ്റഴിക്കാമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്. പല കാര്യങ്ങളിലും ആദ്യ സ്ഥാനക്കാരാവുന്നതും ഇതുകൊണ്ടു തന്നെയാണ്.

2. എന്താണ് വൈറ്റ് ഗുഡ്‌സ് വിപണിയിലെ പുതിയ പ്രവണതകള്‍?

ഏറ്റവും വലിയ മാറ്റങ്ങള്‍ നടക്കുന്ന മേഖലയാണിത്. ഓരോ ഉല്‍പ്പന്നങ്ങളുടെയും ഫീച്ചേഴ്‌സ് മാറിക്കൊണ്ടിരിക്കുന്നു. അവ അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്നു. കമ്പനികള്‍ തമ്മില്‍ ഇതിന്റെ പേരിലാണ് മത്സരം. വലിയ തോതില്‍ ആര്‍ & ഡി വിഭാഗം ഓരോരുത്തര്‍ക്കുമുണ്ട്.

ഓഫീസില്‍ നിന്ന് നിയന്ത്രിക്കാവുന്ന എസിയും ഫ്രിഡ്ജുമൊക്കെ കേരളത്തില്‍ പോലും വ്യാപകമായി. കംപ്യൂട്ടറിന് പകരം വെക്കാവുന്നവയായി ടിവി. ടിവിയുടെ വില്‍പ്പനയില്‍ ചെറിയവയ്ക്ക് ഡിമാന്‍ഡ് കുറഞ്ഞു എന്നതാണ് മറ്റൊരു കാര്യം. 32 ഇഞ്ച് ടിവി എടുത്തിരുന്നവര്‍ ഇപ്പോള്‍ 40-43 റേഞ്ചിലെത്തി. വില കുറഞ്ഞു എന്നതാണ് ഇതിന് പ്രധാന കാരണം. ഏതു ഉല്‍പ്പന്നവും വിറ്റഴിക്കാവുന്ന വിപണിയായി കേരളം മാറി. രാജ്യത്ത് ആദ്യമായി സാംസംഗിന്റെ 8സ ടിവി വിറ്റത് നിക്ഷാനിലാണ്. മാന്ദ്യകാലത്ത് ഇത്തരം വില കൂടിയ ഉല്‍പ്പന്നങ്ങള്‍ വിറ്റു പോകുമോ എന്ന ചോദ്യത്തിന് കമ്പനി മാനേജ്‌മെന്റ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചൂണ്ടിക്കാട്ടിയത് കേരളത്തിലെ നിക്ഷാന്‍ ഇലക്ട്രോണിക്‌സിനെയാണ്.

3. എങ്ങനെ ഒരു റീറ്റെയ്‌ലര്‍ക്ക് വിജയിക്കാനാകും?

ഓണ്‍ലൈന്‍ ഭീഷണി ഏറ്റവുമധികം ബാധിക്കുക ബ്രിക് ആന്‍ഡ് മോര്‍ട്ടാര്‍ ഷോറൂമുകളെയാണ്. അത് മറികടക്കാനായി മികച്ച ഷോപ്പിംഗ് അനുഭവവും സര്‍വീസും നല്‍കണം. ഗൃഹോപകരണങ്ങളുടെ ഏറ്റവും വലിയ നേട്ടമെന്നത് ഓണ്‍ലൈനില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ ആളുകള്‍ മുന്‍ഗണന നല്‍കുക സമീപത്തെ ഷോപ്പുകള്‍ക്കാണ് എന്നതാണ്. വില്‍പ്പനാനന്തര സേവനം എങ്ങനെ നല്‍കുന്നു എന്നതാണ് ഈ മേഖലയില്‍ നിങ്ങളുടെ ഭാവി നിശ്ചയിക്കുക. ഇപ്പോള്‍ വിലക്കുറവ് ഷോറൂമുകളിലും നല്‍കാനാവുന്നു എന്നത് നേട്ടമാണ്.

4. നിക്ഷാനെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത് എങ്ങനെയാണ്?

ഒരു ബന്ധുവീട്ടില്‍ എത്തുന്ന പ്രതീതിയാണ് നിക്ഷാനില്‍ ഓരോ ഉപഭോക്താവിനും ലഭിക്കുക എന്ന് ഉറപ്പാക്കും. വ്യക്തിപരമായി പരിഗണന നല്‍കി അവര്‍ക്ക് ആവശ്യമുള്ളത് മികച്ച വിലയില്‍ ലഭ്യമാക്കും. മാത്രമല്ല, ഏത് ഉല്‍പ്പന്നമാണ് അവര്‍ക്ക് യോജിക്കുകയെന്ന് കണ്ടെത്തി നമ്മള്‍ തന്നെ മികച്ച ഉല്‍പ്പന്നം നിര്‍ദേശിക്കും. മറ്റിടങ്ങളില്‍ ലഭ്യമല്ലാത്തവയടക്കം എല്ലാ ബ്രാന്‍ഡുകളുടെയും വിപുലമായ ശേഖരം ഇവിടെയുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കില്‍ തുടങ്ങി ആഡംബര പൂര്‍ണമായത് വരെ. മറ്റുജില്ലകളില്‍ നിന്നു പോലും ഉപഭോക്താക്കള്‍ നിക്ഷാനെ തേടിയെത്തുന്നതും ഇതൊക്കെ കൊണ്ടാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it