റീറ്റെയ്ല്‍ വിപണിയില്‍ വരുന്നത് പ്രവചനാതീതവും അത്ഭുതകരവുമായ മാറ്റങ്ങള്‍

രാജ്യത്തെ അതിവേഗം വളരുന്ന മേഖലയാണ് റീറ്റെയ്ല്‍ ഇന്‍ഡസ്ട്രി. നൂതന സാങ്കേതികവിദ്യകള്‍ റീറ്റെയ്ല്‍ ഉപഭോക്താക്കളുടെ ഷോപ്പിംഗ് എക്‌സ്പീരിയന്‍സിനെ മാറ്റിമറിക്കാന്‍ തയാറെടുക്കുകയുമാണ്. ഒരു ട്രാന്‍സാക്ഷണല്‍ മോഡില്‍ നിന്നും സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു എക്‌സ്പീരിയന്‍ഷ്യല്‍ മോഡിലേക്കാണ് റീറ്റെയ്ല്‍ ഇന്‍ഡസ്ട്രി ഇപ്പോള്‍ കടന്നിരിക്കുന്നത്. അടുത്തഘട്ടത്തില്‍ ട്രാന്‍സ്ഫര്‍മേഷണല്‍ മോഡിലേക്കായിരിക്കും ഇതിന്റെ കുതിപ്പ്. റീറ്റെയ്ല്‍ വിപണിയിലെ ഇത്തരം നൂതന ചലനങ്ങളെക്കുറിച്ച് വിശദമായി വിശകലനം ചെയ്യുന്ന ഒന്നായിരുന്നു മാറുന്ന പ്രവണതകളും കാലഘട്ടത്തിന്റെ വെല്ലുവിളികളും എന്ന വിഷയത്തെ അധീകരിച്ച് ധനം റീറ്റെയ്ല്‍ സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2018 ല്‍ നടന്ന പാനല്‍ ചര്‍ച്ച.

ബ്രഹ്മ ലേണിംഗ് സൊലൂഷന്‍സിന്റെ സ്ഥാപക ചെയര്‍മാനായ സജീവ് നായര്‍ നയിച്ച ചര്‍ച്ചയില്‍ റിസള്‍ട്ട്‌സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് സി.ഇ.ഒ ടിനി ഫിലിപ്പ്, ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ്, സെക്യുറ ഡെവലപ്പേഴ്‌സ് എം.ഡി മെഹബൂബ് എം.എ എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ചയുടെ പ്രസക്തഭാഗങ്ങള്‍.

ടിനി ഫിലിപ്പ്

'ഭാവി മാന്ദ്യകാലത്തെ ചെറുക്കാന്‍ സജ്ജരാകുക'

ഗള്‍ഫ് പ്രതിസന്ധി കേരളത്തെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഈ വര്‍ഷവും കൂടുതല്‍ വിദേശ മലയാളികള്‍ കേരളത്തിലേക്ക് തിരിച്ചെത്തിയേക്കാനിടയുണ്ട്.

കറന്‍സി റദ്ദാക്കല്‍, ജി.എസ്.ടി നടപ്പാക്കല്‍ എന്നിവയ്ക്ക് പുറമേ ഇപ്പോഴത്തെ വരള്‍ച്ച, ട്രഷറി പേമെന്റുകളിലെ കാലതാമസം എന്നിവയൊക്കെ കേരളത്തിലെ റീറ്റെയ്ല്‍ വിപണിയെ മോശമായി ബാധിച്ചിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാനത്തെ റീറ്റെയ്ല്‍ വിപണി വളരെയേറെ മോശമായതിനാല്‍ ഒട്ടേറെ സംരംഭകര്‍ വിപണി വിട്ടൊഴിയുകയും അതിനാല്‍ മത്സരം കുറയുകയും ചെയ്തു.

ഗള്‍ഫില്‍ നിന്നും മടങ്ങിവന്ന മലയാളികള്‍ സംസ്ഥാനത്തൊട്ടാകെ 800 മുതല്‍ 1500 ചതുരശ്രയടി വരെ വിസ്തീര്‍ണ്ണമുള്ള റീറ്റെയ്ല്‍ ഷോപ്പുകള്‍ തുറന്നെങ്കിലും അവരാരും തന്നെ പണമുണ്ടാക്കുകയല്ല മറിച്ച് പണം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

കുറഞ്ഞ മുതല്‍മുടക്ക്, റെഡി കാഷ് സെയ്ല്‍സ്, അഭിമാനകരമായ ബിസിനസ്, വീടിനടുത്ത് സംരംഭം നടത്താം എന്നീ ഘടകങ്ങളാലാണ് റീറ്റെയ്ല്‍ രംഗത്തേക്ക് വിദേശ മലയാളികള്‍ വരുന്നത്.

വിദേശ മലയാളികളുടെ ഗ്രൂപ്പുകളും റീറ്റെയ്ല്‍ ബിസിനസിലേക്ക് വരുന്നുണ്ട്.

റീറ്റെയ്ല്‍ വിപണി ഇപ്പോള്‍ വളരെയേറെ മോശമായ അവസ്ഥയിലാണുള്ളത്. പണം നഷ്ടപ്പെടുന്നതില്‍ ഖേദമില്ലാത്തവര്‍ക്ക് മാത്രമേ ഇപ്പോള്‍ ഈ രംഗത്ത് നിക്ഷേപം നടത്താനാകൂ. അതേസമയം ചില സംരംഭകര്‍ റെക്കോഡ് സെയ്ല്‍സ് നേടുകയും ചെയ്യുന്നുണ്ട്.

സംരംഭകരെ സംബന്ധിച്ചിടത്തോളം 2018 വളരെയേറെ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും.

ഉല്‍പ്പന്നങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന, മൈക്രോ സെഗ്‌മെന്റേഷന്‍, മൈക്രോ മാര്‍ക്കറ്റിംഗ് എന്നിവ കാരണം ഷോപ്പ് മാനേജ്‌മെന്റില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

നിങ്ങളുടെയും നിങ്ങളുടെ എതിരാളിയുടെയും ഷോപ്പുകളെ വ്യത്യസ്തമാക്കുന്നത് ഉല്‍പ്പന്നങ്ങളുടെ വൈവിധ്യമാണ്. അതിനാല്‍ റീറ്റെയ്‌ലില്‍ എല്ലായ്‌പ്പോഴും ഉല്‍പ്പന്നങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കേണ്ട ആവശ്യമുണ്ട്.

പ്രതിമാസം 260 കോടിയായിരുന്ന കേരളത്തിലെ മൊബീല്‍ വില്‍പ്പന ഇപ്പോള്‍ 160 കോടി രൂപയുടേതായി ചുരുങ്ങി. ഇതൊരു നെഗറ്റീവ് ഗ്രോത്താണ്.

റീറ്റെയ്ല്‍ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാജിക് സൊലൂഷനുകള്‍ ഒന്നുമില്ല. എന്നാല്‍ വിപണിയുടെ ഒരു ബൂം ടൈമില്‍ പിന്നീട് ഉണ്ടായേക്കാവുന്ന റിസഷനെ പ്രതിരോധിക്കുന്നതിനു വേണ്ട തന്ത്രങ്ങള്‍ സംരംഭകര്‍ രൂപപ്പെടുത്തേണ്ടതുണ്ട്.

തിരുവനന്തപുരത്ത് ഒരു ഷോപ്പും കാസര്‍കോഡ് മറ്റൊരു ഷോപ്പും തുടങ്ങുന്ന തരത്തിലുള്ള സ്‌കാറ്റേര്‍ഡ് ഗ്രോത്ത് പാടില്ല. ഒരു പ്രദേശത്ത് തന്നെയുള്ള ക്ലസ്റ്റര്‍ അധിഷ്ഠിത വികസനമാണ് നല്ലത്. ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ്, സപ്ലൈചെയിന്‍ എന്നിവ ഫലപ്രദമായി മാനേജ് ചെയ്യാന്‍ ഇത് സഹായിക്കും.

മാര്‍ക്കറ്റ് വിഹിതം പരിമിതപ്പെടുത്തുക. ഒരു റിസഷന്‍ ഉണ്ടാകില്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ മാത്രമേ വായ്പ എടുത്ത് വിപണി വിഹിതം ഉയര്‍ത്താന്‍ ശ്രമിക്കാവൂ.

ഡിമാന്‍ഡ് ഡ്രിവണ്‍ സപ്ലൈ, റിവേഴ്‌സ് ലൊജിസ്റ്റിക്‌സ് എന്നിവയൊക്കെ റീറ്റെയ്ല്‍ രംഗത്ത് ശ്രദ്ധിക്കേണ്ട വസ്തുതകളാണ്.

നിശ്ചിത ടാര്‍ജറ്റുകള്‍ ഒരോ ദിവസത്തെയും വില്‍പ്പനയ്ക്ക് നിശ്ചയിക്കുക. പരമ്പരാഗത റീറ്റെയ്‌ലേഴ്‌സും ഫാമിലി ബിസിനസുകളും ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിട്ടില്ല.

നിങ്ങളുടെ 30 ശതമാനം സെയില്‍സ് ഫോഴ്‌സും കഴിവുറ്റവരായിരിക്കും. എന്നാല്‍ അടുത്തൊരു 30 ശതമാനം ജീവനക്കാരെ പ്രോല്‍സാഹിപ്പിക്കുന്നതിന് സെയ്ല്‍സ് കോംപറ്റീഷനുകള്‍ ഗുണകരമായിരിക്കും. അതോടൊപ്പം സെയ്ല്‍സ് ടീമിലെ നോണ്‍ പെര്‍ഫോമേഴ്‌സിനെ എത്രയും വേഗം പുറത്താക്കുകയും പകരം പുതിയ ആളുകളെ കൊണ്ടുവരികയും ചെയ്യണം.

ടാര്‍ജറ്റഡ് മാര്‍ക്കറ്റിംഗ് നടത്തുക. നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കളുടെ തരത്തിന് അനുസരിച്ച് ഓഫറുകള്‍ വിഭജിച്ച് നല്‍കുക.

സജീവ് നായര്‍

'റീറ്റെയ്ല്‍ മേഖലയ്ക്ക് വന്‍ വളര്‍ച്ചാ സാധ്യത'

ഏകദേശം 600 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ റീറ്റെയ്ല്‍ വിപണി 2020 ഓടെ 1 ട്രില്യണ്‍ ഡോളറിന്റേതായി മാറുമെന്നാണ് കണക്ക്. പരമ്പരാഗത ഷോപ്പുകളും ഇ-കൊമേഴ്‌സും ഉള്‍പ്പെടെയുള്ള ഈ വിപണി 2020 ലെ ചൈനയുടെ റീറ്റെയ്ല്‍ വിപണിയുടെ 20 ശതമാനം മാത്രമേ വരുകയുള്ളൂ.

വരുന്ന രണ്ട് വര്‍ഷത്തിനകം രാജ്യത്തെ മോഡേണ്‍ ട്രേഡ് 10 ശതമാനത്തില്‍ നിന്നും 18 ശതമാനമാകും. അതായത് 2020ല്‍ 180 ബില്യണ്‍ ഡോളറായിരിക്കും അതിന്റെ മൂല്യം.

ഇപ്പോള്‍ 15 ശതമാനമുള്ള ഇ-കൊമേഴ്‌സ് വിപണി 2020 ല്‍ 70 ബില്യണ്‍ ഡോളറിന്റേതാകും.

ഇപ്പോഴത്തെ ഇ-കൊമേഴ്‌സ് വിപണിയുടെ 20 ശതമാനം ഉല്‍പ്പന്നങ്ങളും ബാക്കി സേവനങ്ങളുമാണെങ്കില്‍ അടുത്ത രണ്ട് വര്‍ഷത്തിനകം അതില്‍ 50 ശതമാനവും ഉല്‍പ്പന്നങ്ങളായിരിക്കുമെന്നതാണ് ഒരു സുപ്രധാന പ്രവണത.

കണക്ടഡ്‌നസ്, റോബോട്ടിക്‌സ്, അനലിറ്റിക്‌സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്‌സ്, ബിഗ് ഡാറ്റ എന്നിവയൊക്കെ റീറ്റെയ്ല്‍ മേഖലയെ മാറ്റിമറിക്കും.

കണ്‍സ്യൂമറുടെ ആസ്പിറേഷന്‍ തുടങ്ങുന്നത് മുതല്‍ അതയാളെ എവിടേക്ക് നയിക്കുന്നുവെന്നത് വരെ സ്‌പോട്ട് ചെയ്യുന്ന ഡിസൈന്‍ തിങ്കിംഗ് മാനേജ്‌മെന്റ് സങ്കേതവും വികസിക്കുകയാണ്.

നിങ്ങളുടെ ചിന്തകളെ ഉപയോഗിച്ച് വെയറബിള്‍സിനെ കണ്‍ട്രോള്‍ ചെയ്യാനാകുന്നവിധത്തില്‍ സാങ്കേതികവിദ്യ പുരോഗമിച്ചു കഴിഞ്ഞതിനാല്‍ ഇനി വരുന്ന റീറ്റെയ്ല്‍ ലോകം തികച്ചും വ്യത്യസ്തമായിരിക്കും.

മെഹബൂബ്.എം.എ

'ചെറിയ നഗരങ്ങളില്‍ ഇടത്തരം മാളുകള്‍ക്ക് അവസരം'

ഒരു ബ്രാന്‍ഡഡ് സ്‌റ്റോര്‍ തെരഞ്ഞെടുക്കുമ്പോള്‍ അതിന്റെ സൈസിലും മൊത്തം ചെലവിലുമൊക്കെ മുന്‍പ് അതീവ ശ്രദ്ധയുണ്ടായിരുന്നെങ്കില്‍ അത്തരമൊരു ശരിയായ പ്ലാനിംഗ് ഇന്നത്തെ സംരംഭകര്‍ക്കിടയില്‍ കാണുന്നില്ല.

ആവശ്യത്തിലും അധികം സ്ഥലം ഏറ്റെടുക്കുക, ചെലവുകള്‍ക്ക് നിയന്ത്രണമില്ലാതിരിക്കുക എന്നിവ കാരണം ഒരു വിപണിയില്‍ കിട്ടാവുന്ന വില്‍പ്പന പൂര്‍ണമായി കിട്ടിയാല്‍പ്പോലും സംരംഭം ലാഭകരമാകാത്ത സ്ഥിതി വിശേഷമാണുള്ളത്.

ഭാവിയില്‍ എല്ലാ പ്ലാറ്റ്‌ഫോമുകളും ഒന്നിച്ച് പോകുന്ന ട്രെന്‍ഡായിരിക്കും റീറ്റെയ്ല്‍ വിപണിയില്‍ കാണാനാകുക.

ചെറിയൊരു സ്ഥലത്തെ ആളുകളെ ഫോക്കസ് ചെയ്തുകൊണ്ട് അവരുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാനുതകുന്ന വിധത്തില്‍ രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള ചെറിയ മാളുകള്‍ക്ക് കേരളത്തില്‍ ഏറെ സാധ്യതയുണ്ട്.

ഫുഡിനും വിനോദത്തിനുമായി 35 ശതമാനം സ്ഥലം വിനിയോഗിച്ചുകൊണ്ട് പുതിയൊരു ഫോര്‍മാറ്റില്‍ കേരളത്തിലെ ചെറിയ ടൗണുകളിലൊക്കെ മാളുകള്‍ നിര്‍മിക്കാനൊരുങ്ങുകയാണ് ഞങ്ങള്‍. ആദ്യത്തേത് കണ്ണൂരിലാണ് ആരംഭിക്കുക. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്തരമൊരു വിപണിയിലൂടെ സെക്യുറ സെന്റര്‍ എന്ന ബ്രാന്‍ഡിനെ കേരളത്തിലൊട്ടാകെ പിപ്പിക്കുകയാണ് ലക്ഷ്യം.

ഷിബു ഫിലിപ്‌സ്

'നൂതന സാങ്കേതിക വിദ്യകള്‍ വിപണിയെ മാറ്റിമറിക്കും'

ഷോപ്പിംഗ് ട്രെന്‍ഡുകള്‍ മാറുന്നതിനാല്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കി അതിന് അനുസരിച്ചായിരിക്കണം സ്റ്റോര്‍ പ്ലാന്‍ ചെയ്യേണ്ടത്. ഷോറൂമിലെ ഓഫറുകള്‍ ഡിജിറ്റലായി നല്‍കുന്നതിനും ഉപഭോക്താവിന് ആവശ്യമുള്ളപ്പോള്‍ സെയ്ല്‍സിലെ ജീവനക്കാരെ അവര്‍ക്കടുത്തേക്ക് എത്തിക്കാനും സാധിക്കണം.

വെര്‍ച്വല്‍ മിറര്‍ സാങ്കേതികവിദ്യ റീറ്റെയ്ല്‍ വിപണനത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. ഇതുപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങളും അവയുടെ കളറും വരെ തെരെഞ്ഞെടുക്കാനാകും. അമേരിക്കയിലെ ഒരു പ്രമുഖ മെന്‍സ്‌വെയര്‍ ബ്രാന്‍ഡ് ഷോറൂമില്‍ സെയ്ല്‍സിനായി ആരുംതന്നെ ഉണ്ടാകില്ല. പകരം മൊബീലില്‍ അവരുടെ ആപ് ഡൗണ്‍ലോഡ് ചെയ്ത ശേഷം ഷോറൂമില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഐറ്റം സ്‌കാന്‍ ചെയ്താല്‍ 30 സെക്കന്റിനുള്ളില്‍ സെലക്ട് ചെയ്ത ഉല്‍പ്പന്നം ട്രയല്‍ റൂമില്‍ ലഭിക്കും. 2024 ഓടെ ഇത്തരം പുത്തന്‍ സാങ്കേതികവിദ്യകള്‍ കേരളത്തിലേക്കും എത്തിയേക്കും.

അത്യാധുനിക ഷോപ്പിംഗ് സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്ന ആമസോണ്‍ ഗോ പോലുള്ളവ റീറ്റെയ്ല്‍ വിപണിയെ മാറ്റിമറിക്കുകയാണ്. അതിനാല്‍ കാലത്തിന് അനുസരിച്ച് മാറുക, സാങ്കേതികവിദ്യ സ്വാംശീകരിക്കുക, ഡാറ്റ കൃത്യമായി മനസിലാക്കുക, സ്റ്റോറിനെ കസ്റ്റമൈസ് ചെയ്യുക എന്നിവയൊക്കെ റീറ്റെയ്ല്‍ രംഗത്ത് വിജയിക്കാന്‍ അനിവാര്യമാണ്

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it