ഫ്ളിപ്പ്കാര്‍ട്ടും ആമസോണും ബിസിനസ് അന്തരീക്ഷം വഷളാക്കുന്നതായി പരാതി

പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ഫ്ളിപ്പ്കാര്‍ട്ടിനും ആമസോണിനുമെതിരായുള്ള പരാതികളിന്മേല്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അന്വേഷണമാരംഭിച്ചു. ഇ-കൊമേഴ്സ് ചട്ടം ലംഘിച്ചുവെന്നും ചില വില്‍പ്പനക്കാരെ മാത്രം സഹായിക്കുന്ന നിലപാട് ഇരുകമ്പനികളും സ്വീകരിക്കുന്നുവെന്നുമാണ് പരാതി.

ഡല്‍ഹി വ്യാപാര്‍ മഹാസംഘമാണ് ഇരുകമ്പനികള്‍ക്ക് എതിരെ കോമ്പറ്റീഷന്‍ കമ്മീഷനെ സമീപിച്ചത്. ചെറുകിട,ഇടത്തരം ബിസിനസ് സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയാണിത്. ആമസോണും ഫ്ളിപ്പ്കാര്‍ട്ടും തെരഞ്ഞെടുത്ത വില്‍പ്പനക്കാര്‍ക്ക് കമ്പനികളുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടെന്നും കമ്പനികള്‍ തന്നെയാണ് ഇവ നിയന്ത്രിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ഇവര്‍ക്ക് കൂടുതല്‍ ഡിസ്‌കൗണ്ടുകളും മുന്‍ഗണനകളും നല്‍കി അന്യായ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നു. ചുരുക്കം ചില വില്‍പ്പനക്കാരെ മാത്രം സഹായിക്കുന്ന നിലപാട് ബിസിനസ് അന്തരീക്ഷം വഷളാവാന്‍ ഇടയാക്കുന്നതായും പരാതിയില്‍ പറയുന്നു.

വ്യാപാരമേഖലയില്‍ ആരോഗ്യകരമായ മത്സരം ഉറപ്പാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. ചെറുകിട വില്‍പ്പനക്കാരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഫ്ളിപ്പ്കാര്‍ട്ടിന്റെയും ആമസോണിന്റെയും പ്രവര്‍ത്തനമെന്ന ആരോപണം ശക്തമാണ്.

അതേസമയം, എല്ലാ നിയമങ്ങളും പാലിച്ചാണ് മുമ്പോട്ട് പോകുന്നതെന്ന് ഫ്ളിപ്പ്കാര്‍ട്ട് സീനിയര്‍ വൈസ് പ്രസിഡന്റ് രജനീഷ് കുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഉത്തരവ് പരിശോധിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കമ്പനിക്ക് എതിരെയുള്ള ആരോപണങ്ങള്‍ അഭിസംബോധന ചെയ്യാന്‍ അവസരം ലഭിച്ചുവെന്ന് ആമസോണ്‍ പ്രതികരിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it