'അടുത്ത വര്‍ഷം ഇന്ത്യന്‍ ഇ കോമേഴ്‌സ് വിപണി 100 ബില്യണ്‍ ഡോളറിലെത്തും'

2020ല്‍ ഇന്ത്യന്‍ ഇ കോമേഴ്‌സ് വിപണി 100 ബില്യണ്‍ ഡോളറിന്റേതാകുമെന്ന് ബിഗ് ബാസ്‌കറ്റ് ഡോട്ട്‌കോമിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ ഹരി മേനോന്‍. ധനം ബിസിനസ് മാഗസിന്‍ സംഘടിപ്പിച്ച ധനം റീറ്റെയ്ല്‍, ബ്രാന്‍ഡ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2019 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''മുന്‍കാലങ്ങളില്‍ ഇ കോമേഴ്‌സ് രംഗത്തുണ്ടായ വളര്‍ച്ച കുറേയേറെ ഊതിവീര്‍പ്പിച്ചതായിരുന്നുവെങ്കില്‍ ഇന്ന് കരുത്തുറ്റ അടിത്തറയില്‍ നിന്നാണ് ഈ രംഗം വളരുന്നത്. "

ഇന്ത്യയില്‍ കുതിച്ചുയരുന്ന ഓണ്‍ലൈന്‍ പോപ്പുലേഷന്‍, ഇന്റര്‍നെറ്റിന്റെ വ്യാപനം, സ്മാര്‍ട്ട് ഫോണുകള്‍ വിലകുറഞ്ഞ് ലഭിക്കുന്നത് തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഇ കോമേഴ്‌സ് വിപണിയുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്.'' ഹരി മേനോന്‍ ചൂണ്ടിക്കാട്ടി. അടുത്ത മാസത്തോടെ ബിഗ് ബാസ്‌കറ്റ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിശ്വസ്തരായ ഉപഭോക്താക്കളെ സൃഷ്ടിക്കാനും ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താനും അവരെ ആകര്‍ഷിക്കുന്ന കഥകളുള്ള ബ്രാന്‍ഡുകള്‍ സൃഷ്ടിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഐഐഎം അഹമ്മദാബാദിലെ മുന്‍ മാര്‍ക്കറ്റിംഗ്
പ്രൊഫസര്‍ പ്രൊഫ. ഏബ്രഹാം കോശി അഭിപ്രായപ്പെട്ടു.

കേരളത്തില്‍ കച്ചവടം മെച്ചപ്പെടാന്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മനോഭാവം മാറണമെന്നും സത്യസന്ധമായി നികുതി നല്‍കി ബിസിനസ് ചെയ്യുന്ന സംരംഭകരെ വേട്ടയാടുന്ന രീതി അവസാനിപ്പിക്കണമെന്നും മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം പി അഹമ്മദ് അഭിപ്രായപ്പെട്ടു.

കൊച്ചി ലെ മെറിഡിയനില്‍ നടന്ന സമിറ്റില്‍ ഗൂഗ്ള്‍ മാര്‍ക്കറ്റിംഗ് സൊലൂഷന്‍സ് ഇന്ത്യഗ്രോത്ത് പ്രോഗ്രാംസ് ഹെഡ് സ്വപ്നില്‍ മറാത്തെ, ഇന്ത്യന്‍ ഓയ്ല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്റ്റേറ്റ് ഹെഡും ചീഫ് ജനറല്‍ മാനേജരുമായ പി.എസ് മണി, റിസള്‍ട്ട്സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് സിഇഒ ടിനി ഫിലിപ്പ്, വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ വി. നൗഷാദ്, ഫ്രാഞ്ചൈസിംഗ് റൈറ്റ് വേ സ്ഥാപകനും സിഇഒയുമായ ഡോ. ചാക്കോച്ചന്‍ മത്തായി എന്നിവര്‍ പ്രഭാഷണം നടത്തി.

ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍, ഐഐഎം കോഴിക്കോട് അസോസിയേറ്റ് പ്രൊഫസര്‍ പ്രൊഫ. ജോഷി ജോസഫ് എന്നിവര്‍ നിയന്ത്രിച്ച രണ്ട് പാനല്‍ ചര്‍ച്ചകള്‍ സമിറ്റിലുണ്ടായി.
അജ്മല്‍ ബിസ്മി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ വി എ അജ്മല്‍, സിവമെറ്റേണിറ്റി വെയര്‍ സാരഥി മെയ് ജോയ്, കൊട്ടാരം ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്റ്റര്‍ ആന്റണി കൊട്ടാരം, ബ്രാഹ്മിന്‍സ് ഫുഡ്സിന്റെ എക്സിക്യൂട്ടിവ്ഡയറക്റ്റര്‍ ശ്രീനാഥ് വിഷ്ണു, റെയ്മണ്ട് ലിമിറ്റഡ് റീറ്റെയ്ല്‍ സൗത്ത് ഇന്ത്യ ഹെഡ് ശശീന്ദ്രന്‍ നായര്‍, ഇന്‍ഡസ് മോട്ടോര്‍ കമ്പനി പ്രൈവറ്റ്ലിമിറ്റഡ് ഡയറക്റ്റര്‍ അഫ്ദല്‍ അബ്ദുള്‍ വഹാബ്, ബൈഫ ഡ്രഗ് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ അജയ് ജോര്‍ജ് വര്‍ഗീസ്, സെക്യുറ ഡെവലപ്പേഴ്സ് മാനേജിംഗ് ഡയറക്റ്റര്‍ എം എ മെഹബൂബ് തുടങ്ങിയവര്‍ പാനല്‍ ചര്‍ച്ചകളില്‍ സംബന്ധിച്ചു.

അവാര്‍ഡ് നിശയിലെ മുഖ്യാകര്‍ഷണം ബ്രാന്‍ഡിംഗ്, കണ്‍സള്‍ട്ടിംഗ് രംഗത്തെ പ്രമുഖനായ പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ വി എ ശ്രീകുമാര്‍ മേനോന്റെ പ്രഭാഷണമായിരുന്നു. അവാര്‍ഡ് നിശയില്‍ വെച്ച് റീറ്റെയ്ലര്‍ ഓഫ് ദി ഇയര്‍ 2018 പുരസ്‌കാരം ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് സമ്മാനിച്ചു. കേരള റീറ്റെയ്ലര്‍ ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ 2018 ന് അര്‍ഹമായിരിക്കുന്നത് ജോസ്‌കോ ജൂവല്ലേഴ്സാണ്.

മറ്റ് പുരസ്‌കാരങ്ങള്‍: റെയ്മണ്ട് (ഫ്രാഞ്ചൈസി ബ്രാന്‍ഡ് ഓഫ് ദി ഇയര്‍), സപ്ലൈകോ (എഫ് എം സി ജി റീറ്റെയ്ലര്‍ ഓഫ് ദി ഇയര്‍), സ്വിസ് ടൈം ഹൗസ് (ബെസ്റ്റ് റീറ്റെലര്‍ 2018 - ലക്ഷ്വറി പ്രോഡക്റ്റ്സ്), ഇന്‍ഡസ് മോട്ടോഴ്സ് (ബെസ്റ്റ് റീറ്റെയ്ലര്‍ 2018 - ഓട്ടോമൊബീല്‍സ്), ഡോ.ചാക്കോച്ചന്‍ മത്തായി ( എക്സലന്‍സ് ഇന്‍ റീറ്റെയ്ല്‍ മെന്ററിംഗ്)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it