ഇ-ടെയ്ല്‍ ലോജിസ്റ്റിക്‌സ് വ്യവസായം കുതിപ്പിന്റെ പാതയില്‍

രാജ്യത്തെ ഇകോമേഴ്‌സ് റീറ്റെയ്ല്‍ (ഇ-ടെയ്ല്‍) മേഖലയുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്‌സ് വ്യവസായം ഉയര്‍ന്ന വളര്‍ച്ച നേടുമെന്ന് പഠനം. അഞ്ച് വര്‍ഷത്തിനുള്ളില്‍ 36 ശതമാനം വളര്‍ച്ച ഈ മേഖലയില്‍ കൈവരിക്കാനാകുമെന്നാണ് കെപിഎംജി യും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ടറിയും (സിഐഐ) ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യന്‍ ഇ-ടെയ്ല്‍ ലോജിസ്റ്റിക്‌സ് വിപണിയുടെ ഇന്നത്തെ മൂല്യം 3500 കോടി ഡോളര്‍ ആണ്.
പരമ്പരാഗത ലോജിസ്റ്റിക്‌സ് കമ്പനികള്‍, ഇ-ടെയ്ല്‍ മേഖലയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക്‌സ് സേവനദാതാക്കള്‍, ഇ-കോമേഴ്‌സ് കമ്പനികളുടെ ലോജിസ്റ്റിക്‌സ് വിഭാഗം സബ്‌സിഡിയറികള്‍ എന്നിവയാണ് ഈ മേഖലയില്‍ സേവനം നല്‍കിവരുന്നത്.
റിപ്പോര്‍ട്ട് പ്രകാരം ഇ-ടെയ്ല്‍ ലോജിസ്റ്റിക്‌സ് വിപണിയുടെ 49 ശതമാനവും ക്യാപ്റ്റീവ് മാര്‍ക്കറ്റ് ആണ്. അതായത്, സേവനദാതാക്കളുടെ എണ്ണം കുറവായതുകൊണ്ട് ഉപഭോക്താവിന് തങ്ങള്‍ക്കിഷ്ടമുള്ളവരെ തെരഞ്ഞെടുക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇ-ടെയ്ല്‍ മേഖലയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക്‌സ് സേവനദാതാക്കള്‍ക്കാണ് വിപണിയില്‍ മുന്‍തൂക്കം.
രാജ്യത്തെ ഇകോമേഴ്‌സ് സൈറ്റുകള്‍ വഴി ഡെലിവര്‍ ചെയ്ത സാധനങ്ങളില്‍ 18 മുതല്‍ 20 ശതമാനം വരെ തിരിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടിലെ മറ്റൊരു കണ്ടെത്തല്‍. എന്നാല്‍ 2020 ആകുമ്പോഴേക്കും കൂടുതല്‍ കര്‍ശനമായ റിട്ടേണ്‍ പോളിസിയും മികവുറ്റ രീതിയിലുള്ള ഇടപാടുകളും മടങ്ങുന്ന സാധനങ്ങളുടെ എണ്ണം 10 മുതല്‍ 12 ശതമാനമായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.