വിപണിയില്‍ ഓഫറുകളുടെ കാലം ഉടനെങ്ങുമുണ്ടാകില്ല: എഫ്.എം.സി.ജി കമ്പനികള്‍

സാധാരണ ഉപഭോക്തൃ വസ്തുക്കളുടെ റീട്ടെയില്‍ വിപണനത്തില്‍ എഫ്.എം.സി.ജി മേഖല ലോക്ക്ഡൗണിനുശേഷം നേരിടാന്‍ പോകുന്നത് ഏറ്റവും വിഷമം പിടിച്ച സാഹചര്യമാകുമെന്ന് നിരീക്ഷണം. കമ്പനികള്‍ സപ്ലൈ ചെയിന്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനും വിപണിയില്‍ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും ക്‌ളേശിക്കുമെന്നും ഡിമാന്‍ഡിന്റെ കാര്യത്തിലുള്ള അവ്യക്തത തുടരുമെന്നും വിദഗ്ധര്‍ കരുതുന്നു.

വില ഇളവനുവദിച്ചും മറ്റും ഉപഭോക്തൃ പ്രമോഷനു വേണ്ടി നല്‍കിവന്ന ഓഫറുകള്‍ കമ്പനികള്‍ മാറ്റിവയ്ക്കുമെന്ന് പാര്‍ലെ ബിസ്‌കറ്റ്‌സ് കാറ്റഗറി വിഭാഗം മേധാവി മായങ്ക് ഷാ പറഞ്ഞു. മാനവ ശേഷി വിനിയോഗവും ഉല്‍പാദനവും സാരമായി തടസ്സപ്പെട്ടിരിക്കുന്നതിനാല്‍ കമ്പനികള്‍ക്ക് പ്രമോഷനുകള്‍ മുന്നോട്ട് കൊണ്ടുപോകാനാകില്ല.പ്രത്യേകിച്ചും ഡിമാന്‍ഡ് നിറവേറ്റാന്‍ പാടുപെടുമെന്ന ആശങ്ക നിലനില്‍ക്കുമ്പോള്‍.പരസ്യം നല്‍കുന്നതു പഴയ നിലയില്‍ പുനരാരംഭിക്കാനും സമയമെടുത്തേക്കും.

ഉപഭോക്തൃ, വാണിജ്യ പ്രമോഷനുകള്‍ വിപണിയില്‍ പൂര്‍ണ്ണമായും ഇല്ലെന്ന് ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് ഡിസ്ട്രിബ്യൂഷന്‍ ഫെഡറേഷന്റെ (എ ഐ സി എഫ്) ദേശീയ പ്രസിഡന്റ് ധൈര്യാഷില്‍ പാട്ടീല്‍ പറഞ്ഞു. പാക്കേജുചെയ്ത ഭക്ഷണങ്ങള്‍, ഹോം കെയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിഭാഗങ്ങളിലെല്ലാം ഉപഭോക്തൃ പ്രമോഷനുകള്‍ ഇനിയും കുറവായിരിക്കും.സാധാരണ നില ഒരു പരിധിവരെ യെങ്കിലും തിരിച്ചെത്തിയാല്‍, ഉപഭോക്തൃ പ്രോത്സാഹന ഓഫറുകള്‍ തിരികെ വരും - എംടിആര്‍ ഫുഡ്‌സ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ സുനായ ഭാസിന്‍ പറഞ്ഞു.

'ഇപ്പോള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉല്‍പാദന, വിതരണ ശൃംഖല ഉറപ്പുവരുത്തുന്നതിലും ശരിയായ ഉല്‍പ്പന്നം ശരിയായ സ്ഥലത്ത് എത്തിക്കുന്നതിലുമാണ്. സേവന നിലവാരം ഉയര്‍ത്തുക എന്നതാണ് ഇപ്പോള്‍ ഏറ്റവും അനിവാര്യം' - യെല്ലോ ഡയമണ്ട് ബ്രാന്‍ഡിന് കീഴില്‍ ലഘുഭക്ഷണ ഇനങ്ങള്‍ വിതരണം ചെയ്യുന്ന പ്രതാപ് സ്‌നാക്‌സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (സിഒയു) സുഭാഷിസ് ബസു പറഞ്ഞു.

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, മാരികോ തുടങ്ങിയ കമ്പനികള്‍ വില്‍പ്പനയില്‍ ഇടിവാണ് പ്രകടമാക്കിയത്. ലോക്ക്ഡൗണ്‍ അവസാനിച്ച് കാര്യങ്ങള്‍ സാധാരണ ഗതിയില്‍ എത്തിയാല്‍ മാത്രമേ വിപണിയിലെ യഥാര്‍ത്ഥ ആവശ്യകത സംബന്ധിച്ച് വ്യക്തത ഉണ്ടാകൂവെന്നാണ് ഈ കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്.മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ നീല്‍സണ്‍, കോവിഡ് -19 വരുന്നതിനു മുമ്പു തന്നെ എഫ്എംസിജി മേഖലയിലെ വാര്‍ഷിക വളര്‍ച്ചാ കാഴ്ചപ്പാട് 5-6 ശതമാനമായി കുറച്ചിരുന്നു. മുന്‍ വര്‍ഷം 9-10 ശതമാനമായിരുന്നു.

രാജ്യത്ത് മാര്‍ച്ചില്‍ ആരംഭിച്ച ലോക്ക്ഡൗണ്‍ കാലയളവില്‍ പലചരക്ക് ഉല്‍പ്പന്നങ്ങളുടെയും ദൈനംദിന ഉപഭോഗ വസ്തുക്കളുടെയും വില്‍പ്പനയില്‍ വലിയ ചാഞ്ചാട്ടമുണ്ടായി. ലോക്ക്ഡൗണിന് തുടക്കമായ മാര്‍ച്ച് അവസാന വാരത്തില്‍ 79 ശതമാനം വര്‍ധന ഇന്ത്യയില്‍ എഫ്എംസിജി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ രേഖപ്പെടുത്തി.അവശ്യ സാധനങ്ങള്‍ ലഭ്യമാകുന്നതിന് ലോക്ക്ഡൗണില്‍ പ്രയോസം നേരിട്ടേക്കുമെന്ന ആശങ്കയാണ് ഇതിന് കാരണമെന്ന് ആഗോള ഉപഭോക്തൃ ഗവേഷണ കമ്പനിയായ കന്‍ടാര്‍ വേള്‍ഡ്പാനല്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഏപ്രില്‍ ആദ്യ വാരത്തില്‍ വില്‍പ്പന 49 ശതമാനം ഇടിഞ്ഞു. എന്നാല്‍ ലോക്ക്ഡൗണ്‍ രണ്ടാം ഘട്ടത്തിലേക്ക് നീളുന്നതായി പ്രഖ്യാപിക്കപ്പെട്ട ഏപ്രില്‍ മൂന്നാം വാരത്തില്‍ 239 ശതമാനത്തിന്റെ വര്‍ധനവാണ് എഫ്എംസിജി വില്‍പ്പനയില്‍ ഉണ്ടായത്. കൊറോണ വൈറസ് വ്യാപനം സൃഷ്ടിക്കുന്ന പ്രതിസന്ധി കൂടുതല്‍ സമയം നിലനിന്നേക്കുമെന്ന് വ്യക്തമായതോടെ പരിഭ്രാന്തമായ വാങ്ങലുണ്ടായി.മാര്‍ച്ചില്‍ മിക്ക ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികളും ഉല്‍പ്പാദനം ഗണ്യമായി ഉയര്‍ത്തിയിരുന്നു. കൊറോണയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിലവില്‍ വന്നതും രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഉണ്ടായേക്കും എന്ന ആശങ്കകളുമാണ് ഇതിന് കാരണം.

ആവശ്യകതയില്‍ വലിയ കുതിപ്പുണ്ടാകുമെന്നും ഉല്‍പ്പാദനം തടസപ്പെട്ടേക്കും എന്നും കമ്പനികള്‍ ്‌വിലയിരുത്തി. ജനുവരിയിലും ഫെബ്രുവരിയിലും എഫ്എംസിജി വില്‍പ്പന മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മാന്ദ്യത്തിലായിരുന്നു. മിതമായ വില്‍പ്പനാ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കമ്പനികള്‍ ഉല്‍പ്പാദനവും അത്തരത്തില്‍ ക്രമീകരിച്ചു. ലോക്ക്ഡൗണിന് ശേഷം എഫ്എംസിജി വില്‍പ്പന വളര്‍ച്ച മാന്ദ്യത്തിലാകുമെന്നാണ് കരുതുന്നത്. എന്നാല്‍ മാസങ്ങളോളം ഉപയോഗിക്കാന്‍ ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ നിരവധി കുടുംബങ്ങള്‍ സംഭരിച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it