എം.എസ്.എം.ഇ മേഖലയ്ക്ക് ഇ-കൊമേഴ്സ് സഹകരണം ഉറപ്പാക്കാന്‍ ' ജെ സംവാദ് '

പ്രാദേശിക വില്‍പ്പനക്കാരെ ഇ-കൊമേഴ്സ് മേഖലയിലേക്ക് കൊണ്ടുവരാന്‍ വന്‍ ഉദ്യമവുമായി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഇ-കൊമേഴ്സ് പോര്‍ട്ടലായ ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്പ്ലെയ്സ് (ജിഇഎം) രംഗത്ത്. ഇതിനായി തുടക്കമിട്ട ജെ സംവാദ് എന്ന പ്രചാരണ പരിപാടി രണ്ടു മാസം നീളും. വാണിജ്യ വകുപ്പ് സെക്രട്ടറി അനുപ് വാധവാന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ കമ്പനികളുടെ പാത പിന്തുടരുകയാണ് ജിഇഎമ്മും. ചെറിയ നഗരങ്ങളിലെ കരകൗശലവിദഗ്ധരെയും ഉല്‍പ്പാദകരെയും ചെറുകിട, മധ്യവര്‍ത്തി സംരംഭങ്ങളെയും തങ്ങളുടെ പ്ലാറ്റ്ഫോമുമായി ചേര്‍ത്തു നിര്‍ത്തുന്ന സ്വകാര്യ ഇ-കൊമേഴ്സ് കമ്പനികളുടെ മാതൃകയില്‍ എംഎസ്എംഇ മേഖലകളിലെ സംരംഭകരുമായി ചര്‍ച്ച നടത്തി അവരെ ജെമ്മില്‍ രജിസ്റ്റര്‍ ചെയ്യിക്കാനാണ് ജെ സംവാദ്.

പതിനഞ്ച് ലക്ഷത്തിലധികം ഉല്‍പ്പന്നങ്ങളും ഇരുപതിനായിരത്തോളം സേവനങ്ങളും ലഭ്യമായ ജിഇഎം പോര്‍ട്ടല്‍ വരുംകാലങ്ങളില്‍ കരാറുകാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി തുറന്നുനല്‍കാനുള്ള നീക്കം സര്‍ക്കാര്‍ തുടങ്ങിയിരുന്നു. നിലവില്‍ 63,410 സൂക്ഷ്മ, ചെറുകിട സംരംഭകര്‍ അടക്കം 3.1 ലക്ഷം വില്‍പ്പനക്കാര്‍ ജെമ്മിനുണ്ട്. മൊത്ത വ്യാപാര മൂല്യത്തില്‍ 41,364 കോടി രൂപയുടെ 29.18 ലക്ഷം ഓര്‍ഡറുകള്‍ ജെം ഇതുവരെ നടത്തിയിട്ടുണ്ട്. അതില്‍ 51.18% എംഎസ്എംഇകളില്‍ നിന്നാണ്.

സര്‍ക്കാര്‍ തലത്തിലുള്ള വാങ്ങലുകള്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി 2016 ഓഗസ്റ്റിലാണ് പൊതു സംഭരണ പ്ലാറ്റ്ഫോമായ ജെം ആരംഭിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാര്‍ സംഘടനകള്‍ എന്നിവയ്ക്കാണ് ജെമ്മില്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ സംരംഭകരില്‍ നിന്ന് വാങ്ങാന്‍ അനുമതിയുള്ളത്.

എംഎസ്എംഇകള്‍ വഴിയുള്ള ഇടപാടിലൂടെ നടപ്പ് വര്‍ഷത്തിന്റെ ആദ്യ 10 മാസ കാലയളവില്‍ ശരാശരി 32.79% പണം ലാഭിക്കാന്‍ ജെം വാങ്ങലുകാരെ സഹായിച്ചിട്ടുണ്ട്. ഒക്ടോബര്‍ മാസത്തില്‍ 24.84 കോടി രൂപ ലാഭം അഞ്ച് കേന്ദ്ര മന്ത്രാലയങ്ങള്‍ക്ക് മാത്രം ലഭിച്ചു. ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് 16.47 കോടി രൂപയും കല്‍ക്കരി മന്ത്രാലയത്തിന് 7.74 കോടി രൂപയും ലാഭം കിട്ടി. ടൂറിസം മന്ത്രാലയത്തിന് 46.19 ലക്ഷം രൂപയും പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയത്തിന് 14.29 ലക്ഷം രൂപയും കുടിവെള്ള ശുചിത്വ മന്ത്രാലയത്തിന് 2.80 ലക്ഷം രൂപയും ലാഭിക്കാന്‍ സാധ്യമായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it