ഇ-കോമേഴ്‌സ് കമ്പനികൾക്ക് ആശ്വസിക്കാം; നികുതി പിരിവ് തൽക്കാലം വേണ്ട

ആമസോണും ഫ്ലിപ്കാർട്ടും പോലുള്ള ഇ-കോമേഴ്‌സ് കമ്പനികൾക്ക് നികുതി പിരിവിൽ നിന്ന് തൽക്കാലാശ്വാസം. ടാക്സ് കളക്ഷൻ അറ്റ് സോഴ്സ് (TCS) അഥവാ സ്രോതസ്സിൽ നിന്നും നേരിട്ട് നികുതി ശേഖരിക്കുന്ന നടപടി മൂന്ന് മാസത്തേയ്ക്ക് വേണ്ടെന്ന് വെച്ചിരിക്കുകയാണ് സർക്കാർ.

ടിസിഎസ് എന്നാൽ ഇ-കോമേഴ്‌സ് വെബ്സൈറ്റുകളിൽ വില്പന നടത്തുന്ന വ്യപാരികളിൽ നിന്ന് ഇ-കോമേഴ്‌സ് കമ്പനികൾ ശേഖരിക്കേണ്ട നികുതിയാണ്. ജൂലൈ ഒന്ന് മുതൽ നടപ്പാക്കായിരുന്നു തീരുമാനിച്ചിരുന്നത്. നികുതി ശരിയായി അടക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താനും ഇത്തരം പണമിടപാടുകൾ നിരീക്ഷിക്കാനും വേണ്ടി സർക്കാർ ഏർപ്പെടുത്തിയതാണ് ടിസിഎസ്.

ചെറുതും വലുതുമായ വളരെയധികം വിൽപനക്കാർ ഇ-കോമേഴ്‌സ് പ്ലാറ്റ് ഫോമുകൾ ഉപയോഗിക്കുന്നതിനാൽ, ടാക്സ് കോംപ്ലയൻസ് കൂടുതൽ സങ്കീർണമാകുമോ എന്ന് കമ്പനികൾ ഭയക്കുന്നു.

ടിസിഎസ് നിലവിൽ വന്നാൽ രണ്ടര ലക്ഷം രൂപ വരെയുള്ള സംസ്ഥാനത്തിനകത്തുള്ള ഇടപാടുകൾക്ക് ഒരു ശതമാനം വീതം സംസ്ഥാന ജിഎസ്ടിയും കേന്ദ്ര ജിഎസ്ടിയും ഇ-കോമേഴ്‌സ് കമ്പനികൾ ഈടാക്കണം. സംസ്ഥാനത്തിന് പുറത്തുള്ള 2.5 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾക്ക് രണ്ട് ശതമാനം ഇന്റഗ്രേറ്റഡ് ജിഎസ്ടിയാണ് ഈടാക്കുക.

ഓരോ സാധനങ്ങളും വിറ്റുപോകുമ്പോൾ ഇപ്പറഞ്ഞ നികുതി കിഴിച്ച് വേണം ഇ-കോമേഴ്‌സ് കമ്പനി സെല്ലറിന് തുക കൈമാറാൻ. ഇ-കോമേഴ്‌സ് കമ്പനികൾ ജിഎസ്ടി യിൽ രജിസ്റ്റർ ചെയ്തിരിക്കണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it