പലവ്യഞ്ജനങ്ങള്‍ വീട്ടുപടിക്കലെത്തിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകളും

രാജ്യം ലോക്ക് ഡൗണിലായിരിക്കെ നിത്യോപയോഗ സാധനങ്ങള്‍ പോലും വാങ്ങാന്‍ പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ് പലയിടങ്ങളിലുമുള്ളത്. ഇതിന് പരിഹാരം കാണാന്‍ കേരള സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍.

ഫോണിലൂടെയോ വാട്ട്‌സ് ആപ്പിലൂടെയോ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതിനായാണ് അസോസിയേഷന്‍ ശ്രമിക്കുന്നത്. ഇതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. മലപ്പുറത്തെയും കോഴിക്കോട്ടെയും സൂപ്പര്‍മാര്‍ക്കറ്റുകളുടെ പേരും ഫോണ്‍ നമ്പരും അടക്കമുള്ള പട്ടിക പുറത്തിറക്കി. കേരളത്തിലെമ്പാടും ഇത് വ്യാപിപ്പിക്കാനാണ് ശ്രമം. മലപ്പുറം ജില്ലയില്‍ 150 ലേറെ അംഗങ്ങളാണ് അസോസിയേഷനു കീഴിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും ഈ സേവനം നല്‍കാന്‍ തയാറാണ്. ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടതു പ്രകാരം സൂപ്പര്‍മാര്‍ക്കറ്റുകളുടെ പേരടങ്ങിയ ലിസ്റ്റ് സമര്‍പ്പിച്ചിട്ടുണ്ട്, അസോസിയേഷന്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് തസ്‌നീം പി പറയുന്നു.

തങ്ങളുടെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളും ഇത്തരത്തിലുള്ള സേവനം നല്‍കാന്‍ തയാറാക്കി നിര്‍ത്തിയിരിക്കുകയാണെന്ന് പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ജാംജൂമിന്റെ മാനേജിംഗ് ഡയറക്റ്റര്‍ അബ്ദുല്‍ കബീര്‍ പറയുന്നു. മലപ്പുറത്തെ ഷോറൂമിനു കീഴില്‍ അഞ്ച് വാഹനങ്ങള്‍ ഇതിനായി നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ വണ്ടി തടയുന്ന സാഹചര്യം പലയിടത്തുമുള്ളതിനാല്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാനാകുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ടു തന്നെ ഫോണിലൂടെ ലഭിക്കുന്ന ഓര്‍ഡറുകള്‍ പ്രകാരമുള്ള സാധനങ്ങള്‍ തയാറാക്കിയ ശേഷം ഉപഭോക്താവ് തന്നെ വന്നെടുക്കുന്ന സംവിധാനത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

അതേസമയം പ്രതിബന്ധങ്ങള്‍ നീക്കാനുള്ള ശ്രമത്തിലാണെന്ന് തസ്‌നീം പറയുന്നു. ജീവനക്കാരുടെ ലഭ്യതക്കുറവാണ് മറ്റൊരു പ്രശ്‌നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാധനസാമഗ്രികള്‍ക്ക് നേരിയ ക്ഷാമവും അനുഭവപ്പെടുന്നുണ്ടെന്ന് തസ്‌നീം പറയുന്നു. ഇന്നലെയും ഇന്നും കടകളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടിട്ടില്ല. സാധനങ്ങള്‍ മുമ്പേ സ്റ്റോക്ക് ചെയ്ത് വെച്ചതാണ് കാരണം. ഒരാഴ്ച കഴിഞ്ഞാല്‍ ജനങ്ങള്‍ കടകളിലേക്ക് എത്തും. നിലവില്‍ ചരക്കു നീക്കം ഭാഗികമായി തടസ്സപ്പെട്ടതിനാല്‍ സാധനങ്ങള്‍ കടകളിലേക്ക് എത്തുന്നതിന് തടസ്സമുണ്ട്. എന്നാല്‍ അവശ്യസാധനങ്ങള്‍ക്ക് മുട്ടുണ്ടാവില്ലെന്നും ചരക്കു നീക്കത്തെ ലോക്ക് ഡൗണ്‍ ബാധിക്കില്ലെന്നും അധികൃതര്‍ ആവര്‍ത്തിച്ച് ഉറപ്പു നല്‍കുന്നത് പ്രതീക്ഷ നല്‍കുന്നുമുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it