സ്റ്റോറുകളുടെ ബിസിനസ് വര്‍ധിപ്പിക്കാൻ ഗൂഗിളിന്റെ കൈയ്യിലുണ്ട് ചില പൊടിക്കൈകൾ

സ്റ്റോറുകളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിനായി ഇപ്പോൾ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഡിജിറ്റല്‍ മീഡിയയെയാണ്.

87 ശതമാനം ആളുകളും ഒരു സ്‌റ്റോര്‍ സന്ദര്‍ശിക്കുന്നതിന് മുമ്പായി ഇന്റര്‍നെറ്റില്‍ അതിനെക്കുറിച്ച് തിരയുന്നുണ്ടെന്ന് ഗൂഗ്ള്‍ ഇന്ത്യ ഗ്രോത്ത് പ്രോഗ്രാം ഹെഡ് സ്വപ്‌നില്‍ മറാത്തെ പറയുന്നു. 79 ശതമാനം ആളുകള്‍ റിവ്യൂസും വിലയുമൊക്കെ ഇന്റര്‍നെറ്റിലാണ് പരിശോധിക്കുന്നത്.

35 ശതമാനം ആളുകള്‍ സ്‌റ്റോറില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങിയശേഷവും വാറന്റിയെക്കുറിച്ചും റിവ്യൂസുമൊക്കെ വീണ്ടും ഇന്റര്‍നെറ്റില്‍ പരിശോധിച്ച് ഉറപ്പാക്കുന്നു.

റീറ്റെയ്ല്‍ വില്‍പ്പനയുടെ 92 ശതമാനവും ഇപ്പോഴും ഓഫ്‌ലൈന്‍ മുഖേനയാണ് നടക്കുന്നത്. എന്നാല്‍ ഓഫ്‌ലൈന്‍ വില്‍പ്പനയുടെ 62 ശതമാനവും ഡിജിറ്റല്‍ മീഡിയയുടെ സ്വാധീനത്താലുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റീറ്റെയ്ല്‍ സ്റ്റോറുകളിലേക്ക് എത്തുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും ഓരോ സന്ദര്‍ശകരുടെയും ശരാശരി മൂല്യം ഇരട്ടിയായിട്ടുണ്ട്. പണ്ടത്തെപ്പോലെ മൂന്നും നാലും പ്രാവശ്യം സ്റ്റോര്‍ സന്ദര്‍ശിക്കുന്നതിന് പകരം ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത് വിവരങ്ങള്‍ മനസ്സിലാക്കിയശേഷം ആദ്യത്തെയോ അല്ലെങ്കില്‍ രണ്ടാമത്തെയോ സന്ദര്‍ശനത്തില്‍ തന്നെ അവര്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നുവെന്നതാണ് അതിന് കാരണം.

പിന്തുണ ഗൂഗ്ള്‍ മൈ ബിസിനസിലൂടെ

ലോകത്തെ ഏറ്റവും വലിയ ഓമ്‌നിചാനല്‍ മെഷര്‍മെന്റ് പ്ലാറ്റ്‌ഫോമാണ് ഗൂഗ്ള്‍. അത് സാധ്യമാക്കിയിരിക്കുന്നതാകട്ടെ ഗൂഗ്ള്‍ മാപ്‌സിലൂടെയാണ്. ആളുകള്‍ സന്ദര്‍ശിക്കുന്ന മിക്ക സ്ഥലങ്ങളും ഗൂഗ്ള്‍ മാപ്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അതിനാല്‍ ഓണ്‍ലൈനിലുള്ള ഒരോ ഉപഭോക്താവും ഒരു സ്‌റ്റോര്‍ സന്ദര്‍ശിക്കുമ്പോള്‍ ഗൂഗ്ള്‍ അത് കൃത്യമായി നിര്‍ണ്ണയിക്കുന്നു. ഓഫ്‌ലൈന്‍ സ്റ്റോറുടമകളെ സഹായിക്കുന്നതിനായി 'ഗൂഗ്ള്‍ മൈ ബിസിനസ്' എന്നൊരു ഉല്‍പ്പന്നവും ഞങ്ങള്‍ ലോഞ്ച് ചെയ്തിട്ടുണ്ട്.

സ്‌റ്റോറുടമകള്‍ക്ക് അതില്‍ അവരുടെ സ്‌റ്റോറിന്റെ വിശദാംശങ്ങള്‍ സൗജന്യമായി ലിസ്റ്റ് ചെയ്യാം. കൂടാതെ ഫോട്ടോകള്‍, വീഡിയോകള്‍, ഫോണ്‍ നമ്പര്‍, ഡയറക്ഷന്‍ തുടങ്ങിയ വിശദാംശങ്ങളും അതില്‍ സൗജന്യമായി കൂട്ടിച്ചേര്‍ക്കാനാകും.

സ്റ്റോറുടമകള്‍ക്ക് വ്യത്യസ്ത തരത്തില്‍ ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. ഗൂഗ്ള്‍ മൈ ബിസിനസ് മുഖേന നിങ്ങളുടെ ഉപഭോക്താക്കളെ സ്റ്റോര്‍ തുറക്കുന്നതും അടക്കുന്നതുമായ സമയം അറിക്കാമെന്നതാണ് ഒരു പ്രധാന നേട്ടം.

നിങ്ങളുടെ സ്‌റ്റോറിലേക്ക് ഉപഭോക്താക്കളെ നയിക്കുക എന്നതാണ് അടുത്തഘട്ടം. അതിലേക്കായി ഗൂഗ്ള്‍ മാപ്‌സുമായി ബന്ധപ്പെടുത്തിയിട്ടുള്ള ലൊക്കേഷന്‍ എക്‌സ്റ്റെന്‍ഷന്‍ സംവിധാനം ഉപയോഗിക്കുകയാണ് വേണ്ടത്. ഉപഭോക്താവ് നില്‍ക്കുന്നിടത്ത് നിന്ന് നിങ്ങളുടെ സ്‌റ്റോറിലേക്കുള്ള ദൂരവും ഡയറക്ഷനും ഗൂഗ്ള്‍ നല്‍കുന്നതാണ്. അതിലൂടെ നിങ്ങളുടെ സ്‌റ്റോറിലേക്ക് എത്തുന്ന
ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കും.

ലോക്കല്‍ സെര്‍ച്ച് ആഡ്‌സിലൂടെ ശ്രദ്ധനേടാം

ഉപഭോക്താവ് ലൊക്കേഷന്‍ എക്‌സ്‌റ്റെന്‍ഷനുമായി ഇന്ററാക്ട് ചെയ്താല്‍ മാപ്‌സില്‍ രേഖപ്പെടുത്തിയിട്ടുള്ള അനേകം വിവരങ്ങള്‍ അയാള്‍ക്ക് ലഭിക്കും.

മറ്റുള്ള ഉപഭോക്താക്കളുടെ റിവ്യൂസ് വരെ അതിലൂടെ അയാള്‍ക്ക് കാണാനാകും. ഇത്തരം ഉപഭോക്താക്കളോട് ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി വാങ്ങാനല്ല ഞങ്ങള്‍ പറയുന്നത് പകരം അവര്‍ ആഗ്രഹിക്കുന്ന സ്‌റ്റോറിലേക്കെത്താന്‍ അവരെ സഹായിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്.

പ്രാദേശിക സ്റ്റോറുകളുടെ വിവരങ്ങള്‍ സെര്‍ച്ച് ചെയ്യുന്ന ഉപഭോക്താക്കളെ കൂടുതലായി നിങ്ങളുടെ സ്‌റ്റോറിലേക്ക് ആകര്‍ഷിക്കണമെന്നുണ്ടെങ്കില്‍ ലോക്കല്‍ സെര്‍ച്ച് ആഡ്‌സ് അതിനായി ഉപയോഗിക്കാം.

നിങ്ങളുടെ സ്‌റ്റോറിലേക്ക് പരമാവധി എത്ര ദൂരെ നിന്നുവരെ ഉപഭോക്താക്കള്‍ വരുമെന്നത് കണക്കാക്കുകയും പ്രസ്തുത പരിധിക്കുള്ളില്‍ മാത്രം ലോക്കല്‍ സെര്‍ച്ച് ആഡ്‌സ് നല്‍കുകയും ചെയ്യുന്നതിനുള്ള സംവിധാനമുണ്ട്.

വില്‍പ്പന മൂല്യം കണ്ടെത്തുകയെന്നതാണ് അടുത്ത ഘട്ടം. എത്ര ആളുകള്‍ സ്റ്റോര്‍ സന്ദര്‍ശിച്ചുവെന്നതിന്റെ ഡാറ്റ, വാങ്ങിയ ഉല്‍പ്പന്നങ്ങളുടെ വില എന്നിവയുടെ അനലിറ്റിക്‌സിലൂടെ ഓരോ ഉപഭോക്താവിന്റെയും ശരാശരി ബയിംഗ് വാല്യു, കണ്‍വെര്‍ഷന്‍ നിരക്ക് എന്നിവയൊക്കെ കണ്ടെത്താനാകും.

ചിലതരം ഉല്‍പ്പന്നങ്ങള്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങിയാലും വാറന്റിക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അത്തരം വിശദാംശങ്ങള്‍ ശേഖരിക്കുന്നതിലൂടെ ഡിജിറ്റല്‍ ആക്ടിവിറ്റിയുടെ ഫലമായിട്ടാണോ ആ വില്‍പ്പന ഉണ്ടായതെന്ന വസ്തുതയും ഞങ്ങള്‍ക്ക് കണ്ടെത്താനാകും.

ഇത്തരത്തില്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതില്‍ ഗൂഗിള്‍ മൈ ബിസിനസ് വളരെ നിര്‍ണ്ണായകമായൊരു പങ്ക് വഹിക്കുന്നുണ്ട്.

സംരംഭകര്‍ ശ്രദ്ധിച്ചാല്‍ നേട്ടം കൊയ്യാം

ഇന്റര്‍നെറ്റിന്റെ സാദ്ധ്യതകള്‍ പരമാവധി മുതലെടുത്താല്‍ പ്രാദേശകിക തലത്തിലുള്ള സാധാരണ സ്റ്റോറുകള്‍ക്ക് പോലും വളരെയേറെ നേട്ടമുണ്ടാക്കാനാകും. കാരണം ഓഫ്‌ലൈന്‍ പര്‍ച്ചേസുകള്‍ നടത്തുന്നതിന് മുന്‍പ് സ്റ്റോറുകളെയും ഉല്‍പ്പന്നങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങളൊക്കെ ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ് മനസ്സിലാക്കുന്നുണ്ട്.

2013ല്‍ ഇത്തരം ഉപഭോക്താക്കളുടെ നിരക്ക് വെറും 13 ശതമാനമായിരുന്നെങ്കില്‍ 2017ല്‍ അത് 58 ശതമാനമായി വര്‍ധിച്ചിരിക്കുകയാണ്. മൊബീലുകളിലുള്ള 'Shop near me' എന്ന സെര്‍ച്ചില്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടെ ഉണ്ടായ വര്‍ധനവ് 3 ഇരട്ടിയാണ്. ഇന്ന് സ്‌റ്റോറിലേക്ക് എത്തുന്ന 80 ശതമാനം ഉപഭോക്താക്കളും ഉടനടി വാങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു ഉല്‍പ്പന്നത്തിന് വേണ്ടിയാണ് വരുന്നത്. ഓഫ്‌ലൈന്‍ ബിസിനസില്‍ മുന്നേറാന്‍ സംരംഭകരെ സഹായിക്കുന്ന ചില തന്ത്രങ്ങള്‍ ഇവയൊക്കെയാണ്.

  • ഗൂഗ്ള്‍ മൈ ബിസിനസിലുള്ള നിങ്ങളുടെ സ്റ്റോറിന്റെ പ്രൊഫൈല്‍ എപ്പോഴും ഫ്രഷ് ആയിരിക്കണം.
  • സ്റ്റോറിനെക്കുറിച്ചുള്ള പുതിയ പോസ്റ്റുകള്‍, ഫോട്ടോസ് എന്നിവ എല്ലായ്‌പ്പോഴും കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കണം.
  • ഓഫറുകളും ഡിസ്‌ക്കൗണ്ടുകളും നല്‍കി ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചെടുക്കാന്‍ ശ്രമിക്കണം.
  • റിവ്യൂസിന് നേരിട്ട് മറുപടി നല്‍കുന്നതിലൂടെ ഉപഭോക്താക്കളുമായി മികച്ച ബന്ധം സൃഷ്ടിക്കണം.
  • ലോക്കല്‍ സെര്‍ച്ച് ആഡ്‌സിലൂടെ പ്രാദേശിക തലത്തിലുള്ള കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്താന്‍ ശ്രമിക്കണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it