ആമസോണും ഫ്ലിപ്കാർട്ടും വിറ്റഴിച്ചിരുന്നത് വ്യാജ കോസ്‌മെറ്റിക്കുകളോ?

ഓൺലൈൻ ഷോപ്പിംഗ് തകൃതിയായി നടക്കുന്നതിനിടയിൽ ഇ-കോമേഴ്‌സ് വമ്പന്മാരായ ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും പ്ലാറ്റ് ഫോമിൽ ചില വ്യാജന്മാരും കടന്നുകയറി. സൗന്ദര്യ വർധന വസ്തുക്കളുടെ വിഭാഗത്തിലായിരുന്നു ഇക്കൂട്ടരിലധികവും.
ഡ്രഗ് കൺട്രോളർ-ജനറൽ നടത്തിയ അന്വേഷണത്തിലാണ് ഈ വ്യാജന്മാരുടെ കള്ളി വെളിച്ചത്തായത്. ഈ രണ്ട് കമ്പനികളുടെയും പ്ലാറ്റ് ഫോമിലൂടെ വിൽപന നടത്തിയ ചിലർ നിയമവിരുദ്ധമായി ഇറക്കുമതിചെയ്ത കോസ്‌മെറ്റിക് ഉൽപന്നങ്ങൾ വ്യാപകമായി വിറ്റഴിച്ചിരുന്നു എന്നാണ് കണ്ടെത്തിയത്.
തുടർന്ന്, ഓൺലൈൻ കമ്പനികളുടെ പ്രതിനിധികൾ ഡ്രഗ് കൺട്രോളർ-ജനറലിന്റെ ഓഫീസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അത്തരം, ഉൽപ്പനങ്ങൾ കൃത്യമായി കണ്ടെത്തി നിരോധിക്കുമെന്നും വില്പനക്കാർക്കെതിരെ നിയമപരമായ നടപടികൾ എടുക്കുമെന്നും ഓൺലൈൻ കമ്പനികൾ അറിയിച്ചിട്ടുണ്ട്.
1940 ലെ ഡ്രഗ് ആൻഡ് കോസ്മെറ്റിക് ആക്ട് പ്രകാരം ചട്ടലംഘനം നടന്നു എന്നറിഞ്ഞതിനെത്തുടർന്ന് നവംബർ ഒന്നിന് കമ്പനികൾക്ക് നോട്ടീസ് ലഭിച്ചിരുന്നു.
സ്റ്റെം-സെൽ അധിഷ്ഠിതമായ കോസ്‌മെറ്റിക്കുകൾ, സെറം, സ്കിൻ വൈറ്റ്നിംഗ് ക്രീമുകൾ, പലതരം കോസ്‌മെറ്റിക് ഇൻജെക്ഷനുകൾ എന്നിവയാണ് നിയമവിരുദ്ധമായി ഇറക്കുമതിചെയ്ത് ആമസോണിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും വിറ്റഴിക്കപ്പെട്ടിരുന്നത്. ഇവയിൽ പലതിന്റെയും ചേരുവകൾ മനുഷ്യരിൽ ഉപയോഗിക്കാൻ പാടില്ലാത്തവയാണ്.