റിലയന്‍സ് ജിയോയും, റീട്ടെയിലും ലിസ്റ്റ് ചെയ്യും -മുകേഷ് അംബാനി

റിലയന്‍സ് ജിയോ, റിലയന്‍സ് റീട്ടെയില്‍ കമ്പനികള്‍ അടുത്ത അഞ്ചു വര്‍ഷത്തിനകം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്ന് കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനി. രണ്ട് കമ്പനികള്‍ക്കും ആഗോള പങ്കാളികളെ കണ്ടെത്തുമെന്നും വാര്‍ഷിക പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞു.

'ഈ സാമ്പത്തിക വര്‍ഷം കടരഹിത ലക്ഷ്യം കൈവരിക്കുന്നതോടെ ഉയര്‍ന്ന ലാഭവിഹിതം, ആനുകാലിക ബോണസ് തുടങ്ങി ധാരാളം പ്രതിഫലം ഓഹരി ഉടമകള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു; ഒപ്പം നമ്മുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ലാഭവിഹിതവും': അംബാനി അറിയിച്ചു.

അടുത്ത 18 മാസത്തിനുള്ളില്‍ കടരഹിത കമ്പനിയാകാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് വളരെ വ്യക്തമായ ഒരു പദ്ധതിയുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ സൗദി അരാംകോ, ബി.പി എന്നിവയുമായുള്ള ഇടപാടുകള്‍ പൂര്‍ത്തിയാക്കും. ഇതുവഴി 1.15 ലക്ഷം കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു, ചെയര്‍മാന്‍ പറയുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസും ബ്രിട്ടീഷ് ബഹുരാഷ്ട്ര കമ്പനിയായ ബിപിയും തമ്മിലുള്ള പെട്രോളിയം റീട്ടെയിലിംഗ് പങ്കാളിത്തം വലിയൊരു കാല്‍വയ്പ്പാകും.

'യഥാര്‍ത്ഥ റിലയന്‍സ് ധാര്‍മ്മികതയില്‍, ഞങ്ങളുടെ എന്‍ഡ്-ടു-എന്‍ഡ് ഡിജിറ്റല്‍, ഫിസിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ ശേഷി ഉപയോഗിച്ച് 30 ദശലക്ഷം വ്യാപാരികളെയും ചെറുകിട കട ഉടമകളെയും സമ്പുഷ്ടമാക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. റിലയന്‍സിന്റെ പുതിയ കൊമേഴ്സ് പ്ലാറ്റ്‌ഫോം വന്‍കിട ചെറുകിട സംരംഭങ്ങളുടെ ഡിജിറ്റല്‍ കൂട്ടായ്മയെ പ്രതിനിധീകരിക്കുന്നു. ചെറിയവര്‍ അതിജീവിക്കുക മാത്രമല്ല, പുതിയ ഇന്ത്യയെ ശക്തിപ്പെടുത്തുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.'

'കഴിഞ്ഞ അഞ്ചുവര്‍ഷമായി 5.4 ലക്ഷം കോടി രൂപ റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിക്ഷേപിച്ചു. ഇതുവഴി ബില്യണ്‍ ഡോളറിലധികം വരുമാനമുണ്ടാക്കാന്‍ കഴിഞ്ഞു. ലോകത്തെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയില്‍ ലോകോത്തര നിലവാരമുള്ളതും വളരെ മൂല്യവത്തായതുമായ ആസ്തികളുടെ ഒരു സവിശേഷ പോര്‍ട്ട്ഫോളിയോ റിലയന്‍സ് ഇന്‍ഡസ്ട്രീസ് യാഥാര്‍ത്ഥ്യമാക്കിയിട്ടുണ്ട്. ഈ ബിസിനസുകള്‍ ഓരോന്നും രാജ്യപുരോഗതിക്ക് സംഭാവന നല്‍കുകയും സാമൂഹിക മൂല്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.'

'ഞങ്ങള്‍ ജമ്മു- കശ്മീര്‍, ലഡാക്ക് ജനതയ്ക്കായി നിക്ഷേപം നടത്താന്‍ പ്രതിജ്ഞാബദ്ധരാണ്. ഇതിനായി ഒരു പ്രത്യേക ടാസ്‌ക് ഫോഴ്സ് സൃഷ്ടിക്കും, താഴ് വരയില്‍ നിരവധി പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ ഉടന്‍ വരും.-'മുകേഷ് അംബാനി പറഞ്ഞു.' രാജ്യത്തൊട്ടാകെയുള്ള 29 ദശലക്ഷത്തിലധികം ആളുകളെ സഹായിക്കാന് റിലയന്‍സ് ഫൗണ്ടേഷനായി. ഇതില്‍ അഭിമാനമുണ്ട്. ബിസിനസ്സിലൂടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും റിലയന്‍സ് ഇപ്പോള്‍ നിരവധി ആളുകളുടെ ജീവിതത്തില്‍ വലുതും ഗുണപരവുമായ സ്വാധീനം ചെലുത്തുന്നു. ഇതുതന്നെയാണ് ഏറ്റവും സന്തോഷദായകം.'

'ജിയോ പ്രൈം പാര്‍ട്ണര്‍ പിഒഎസ് എന്നറിയപ്പെടുന്ന ഞങ്ങളുടെ മെര്‍ച്ചന്റ് പോയിന്റ് ഓഫ് സെയില്‍ സംവിധാനം ചെറുകിട വ്യാപാരികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നു. ഈ ഉപയോക്തൃ-സൌഹൃദ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഏറ്റവും ചെറിയ ഷോപ്പിനെ പോലും ഡിജിറ്റൈസ് ചെയ്ത സ്റ്റോറായി മാറ്റും,' മുകേഷ് അംബാനി പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it