കേരളത്തിലെ ഗൃഹോപകരണ വിപണി ഉണര്‍വ്വിലേക്ക്?

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ ഒരു വ്യാപാര മേഖലയാണ് കേരളത്തിലെ ഗൃഹോപകരണ വിപണി. സാധാരണ ഓണക്കാലത്താണ് പ്രതിവര്‍ഷ വില്‍പനയുടെ 50 ശതമാനത്തോളവും കേരളത്തിലെ ഇലക്ട്രോണിക്‌സ് ആന്റ് ഹോം അപ്ലയന്‍സസ് ഡീലര്‍മാര്‍ നേടിയെടുക്കുന്നത്. അടുത്തകാലത്തായി വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ്, എല്‍.ഇ.ഡി ടിവി, വാട്ടര്‍ ഹീറ്റര്‍ തുടങ്ങിയ ഉല്‍പന്നങ്ങളുടെ ജി.എസ്.ടി നിരക്ക് കുറച്ചിരുന്നതിനാല്‍ മുന്‍വര്‍ഷത്തെക്കാള്‍ മികച്ച വില്‍പനയാണ് ഈ ഓണക്കാലത്ത് വിപണി പ്രതീക്ഷിച്ചിരുന്നത്.

ബ്രാന്‍ഡഡ് കമ്പനികള്‍ ഓണക്കാലത്ത് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും പ്രഖ്യാപിച്ചിരുന്നു. ഡീലേഴ്‌സ് അസോസിയേഷന്‍ ഓഫ് ടിവി ആന്റ് അപ്ലയന്‍സസിന്റെ (DATA) സമ്മാനപദ്ധതി പ്രകാരം ഉപഭോക്താക്കള്‍ക്ക് ഒരു കിലോ സ്വര്‍ണ്ണമാണ് ബംബര്‍ പ്രൈസായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഓണക്കാലത്തെ ബിസിനസ് പകുതിയില്‍ താഴെയായി കുറഞ്ഞെന്ന് തിരുവനന്തപുരത്തെ സുപ്രിയ ഏജന്‍സീസിന്റെ മാനേജിംഗ് ഡയറക്ടറായ ഡി.സുരേന്ദ്രന്‍ പറഞ്ഞു.

വെള്ളപ്പൊക്കത്തിന്റെ ആഘാതം ആലപ്പുഴ മുതല്‍ വടക്കോട്ടുള്ള ജില്ലകളിലെ ഏതാനും ഹോം അപ്ലയന്‍സസ് ഡീലര്‍മാരെയാണ് കൂടുതല്‍ ദുരിതത്തിലാക്കിയത്. ഓണക്കാല വിപണി ലക്ഷ്യമിട്ട് കമ്പനികളുടെ ഓഫറുകള്‍ പ്രകാരം വന്‍തോതില്‍ ഉല്‍പന്നങ്ങള്‍ സമാഹരിച്ച ഇവരുടെ സ്‌റ്റോക്ക് വെള്ളം കയറി ഉപയോഗശൂന്യമായതാണ് പ്രശ്‌നം.

വിപണിയിലെ ഡിമാന്‍ഡ് ഉയര്‍ന്നേക്കും

പ്രളയദുരിതത്തിലകപ്പെട്ടവര്‍ക്ക് ബാങ്കുകളുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപയുടെ പലിശരഹിത വായ്പ ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ പലിശ സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കും. ഗുണഭോക്താക്കള്‍ കുടുംബശ്രീ മുഖേന വായ്പയുടെ തിരിച്ചടവ് നടത്തണം. വീട് നഷ്ടപ്പെട്ടവരും ഗൃഹോപകരണങ്ങള്‍ നഷ്ടപ്പെട്ടവരും ഉള്‍പ്പെടെ ഏകദേശം 2 ലക്ഷം പേരാണ് കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇവരില്‍ പകുതിയോളം പേര്‍ക്കെങ്കിലും ഗൃഹോപകരണങ്ങളാണ് ഉടനടി ആവശ്യമുള്ളത്. ഇവര്‍ക്കായി പരമാവധി ഡിസ്‌ക്കൗണ്ടില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. റിപ്പയര്‍ ചെയ്യാനാകാത്തവിധം കേടുപാടുകള്‍ സംഭവിച്ച ഉപകരണങ്ങള്‍ക്ക് പകരം പുതിയ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുകയാണ് പരിഹാരം. അതിനാല്‍ വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ ഗൃഹോപകരണ വിപണിയില്‍ ഏകദേശം 2000 കോടി രൂപയുടെ ഡിമാന്‍ഡ് ഉണ്ടായേക്കുമെന്ന് സി.ഐ.ഐ കേരള ഘടകത്തിന്റെ മുന്‍ ചെയര്‍മാനായ പി.ഗണേഷ് അഭിപ്രായപ്പെട്ടു.

അതേസമയം സര്‍ക്കാര്‍ ഉല്‍പന്നങ്ങള്‍ നേരിട്ട് പര്‍ച്ചേസ് ചെയ്യുകയാണെങ്കില്‍ അതുകൊണ്ട് വ്യാപാര മേഖലക്ക് ഗുണമുണ്ടാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. കാരണം കമ്പനികളില്‍ നിന്നും വന്‍ഡിസ്‌ക്കൗണ്ടോടെ ബള്‍ക്ക് പര്‍ച്ചേസ് നടത്തുകയും സര്‍ക്കാര്‍ അവക്ക് നികുതി ഒഴിവാക്കി കൊടുക്കുകയും ചെയ്യുകയാണെങ്കില്‍ വ്യാപാരികള്‍ മുഖേന അവ സംഭരിക്കാനാകില്ല. അതിനാല്‍ പൊതുവിപണിയില്‍ അത് പ്രതിഫലിക്കില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

സര്‍ക്കാരിന്റെ പര്‍ച്ചേസ് കമ്പനികളും വ്യാപാരികളും വഴിയാണെങ്കില്‍ മാത്രമേ വ്യാപാര മേഖലയിലും അത് ഉണര്‍വ്വുണ്ടാക്കുകയുള്ളൂ. ഇപ്പോള്‍ എന്‍.ആര്‍.ഐ കുടുംബങ്ങള്‍ മാത്രമാണ് വിപണിയില്‍ സജീവമായിട്ടുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു. വരുന്ന പൂജാ-ദീപാവലി ആഘോഷങ്ങളോടെ വിപണി വീണ്ടും സജീവമായേക്കുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ.

N.S Venugopal
N.S Venugopal  

Related Articles

Next Story

Videos

Share it