റീറ്റെയ്ല്‍ ചെയ്‌നുകള്‍ക്ക് പരീക്ഷിക്കാം, റിവേഴ്‌സ് ലോജിസ്റ്റിക്‌സ്

രാജ്യത്ത് ഇപ്പോള്‍ അതിവേഗ മുന്നേറ്റം കാഴ്ചവയ്ക്കുന്ന ഇന്‍ഡസ്ട്രിയാണ് സംഘടിത റീറ്റെയ്ല്‍ മേഖല. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഡസ്ട്രിയാണിത് (2016 ല്‍ 672 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യം). ഇവിടുത്തെ ജനസംഖ്യാപരമായ അനുകൂല സാഹചര്യങ്ങള്‍ മൂലം 2020 ഓടെ 1 ട്രില്യണ്‍ യുഎസ് ഡോളറായി ഈ മേഖല വളരുമെന്നാണ് കരുതപ്പെടുന്നത്.

പക്ഷേ ഇപ്പോഴും ചിന്നിച്ചിതറിക്കിടക്കുന്ന ഇന്‍ഡസ്ട്രിയാണിത്. വെറും ഒന്‍പത് ശതമാനം മാത്രമാണ് സംഘടിത മേഖല, 2020 ആകുമ്പോഴേക്കും ഇത് 19 ശതമാനമായി വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. അസംഘടിത മേഖലയില്‍ കൂടുതലും സിംഗിള്‍ റീറ്റെയ്ല്‍ ഷോപ്പുകളാണ്. നേരേമറിച്ച്, സംഘടിത മേഖലയില്‍ റീറ്റെയ്ല്‍ ചെയ്‌നുകളാണ് കൂടുതലും.

സിംഗിള്‍ റീറ്റെയ്ല്‍ ഷോപ്പുകളും റീറ്റെയ്ല്‍ ചെയ്‌നുകളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളെ കുറിച്ച് മുന്‍ ലേഖനങ്ങളില്‍ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം വ്യത്യാസങ്ങള്‍ ഭൂരിഭാഗവും സിംഗിള്‍ റീറ്റെയ്ല്‍ ഷോപ്പുകളെ അപേക്ഷിച്ച് റീറ്റെയ്ല്‍ ചെയ്‌നുകള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ സംഭാവന ചെയ്യുന്നവയാണ്.

എന്നാല്‍ ഇത്തരം ഗുണകരമായ അവസരങ്ങളുണ്ടായിട്ടും വലിയൊരു ഭാഗം റീറ്റെയ്ല്‍ ചെയ്‌നുകളും ഇപ്പോഴും വളര്‍ച്ച നേടാന്‍ പൊരുതിക്കൊണ്ടിരിക്കുന്നുവെന്നതാണ് അതിശയകരം. വര്‍ഷങ്ങളായി പണമിറക്കിയിട്ടും ലാഭം നേടാനാകാത്തതിനാല്‍ പ്രമോട്ടര്‍മാര്‍ പിന്തുണയ്ക്കാതെ നില്‍ക്കുന്ന ഇത്തരം റീറ്റെയ്ല്‍ ചെയ്‌നുകള്‍ മിക്കതും അടച്ചുപൂട്ടലിന്റെ വക്കിലാണ്.

കേന്ദ്രീകൃത വെയര്‍ഹൗസ് സിസ്റ്റം ഉണ്ടെന്നതാണ് സിംഗിള്‍ റീറ്റെയ്ല്‍ ഷോപ്പിനെ അപേക്ഷിച്ച് റീറ്റെയ്ല്‍ ചെയ്‌നുകള്‍ക്കുള്ള ഒരു പ്രധാന സവിശേഷത. റീറ്റെയ്ല്‍ ചെയ്‌നിന് എല്ലാ സപ്ലൈയേഴ്‌സിന്റെയും ഉല്‍പ്പന്നങ്ങള്‍ സെന്‍ട്രല്‍ വെയര്‍ഹൗസ് സംവിധാനത്തിലേക്ക് കൊണ്ടുവരാനാകുന്നു.

സിംഗിള്‍ റീറ്റെയ്ല്‍ ഷോപ്പുകളെ അപേക്ഷിച്ച് കച്ചവടം കൂടുതലായതിനാല്‍ സെന്‍ട്രല്‍ വെയര്‍ഹൗസുകളിലേക്ക് കൂടുതല്‍ തവണ വിതരണക്കാര്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യും.

റീറ്റെയ്ല്‍ ചെയിനുകള്‍ സെന്‍ട്രല്‍ വെയര്‍ഹൗസുകളില്‍ നിന്ന് ഒരേ പ്രദേശത്തുള്ള അവരുടെ വിവിധ സ്റ്റോറുകളിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ സ്വന്തമായി എത്തിക്കുന്നതാണ്.

സിംഗിള്‍ റീറ്റെയ്ല്‍ ഷോപ്പുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ സ്‌റ്റോക്ക് നിലനിര്‍ത്തികൊണ്ടു തന്നെ മതിയായ ഉല്‍പ്പന്ന ലഭ്യതയും ഉല്‍പ്പന്ന വൈവിധ്യവും ഉറപ്പാക്കാന്‍ ഈ സംവിധാനം വ്യക്തിഗത സ്റ്റോറുകളെ പ്രാപ്തമാക്കുന്നു.

ഉല്‍പ്പന്ന വൈവിധ്യം കൂടിയാലും പ്രശ്‌നം

മതിയായ ഉല്‍പ്പന്ന ലഭ്യതയും ഉല്‍പ്പന്ന വൈവിധ്യവുമാണ് സിംഗിള്‍ റീറ്റെയ്ല്‍ ഷോപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ റീറ്റെയ്ല്‍ ചെയ്‌നുകളുടെ മെച്ചം.

എന്നിരുന്നാലും കഴിഞ്ഞ കുറച്ചു ദശാബ്ദമായി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാകാനും കസ്റ്റമറുടെ ആവശ്യങ്ങള്‍ നിറവേറ്റാനും വേണ്ടി ബ്രാന്‍ഡുകള്‍ തന്നെ ഉല്‍പ്പന്നങ്ങളിലെ വൈവിധ്യവത്കരണം കാര്യമായി കൂട്ടിയിട്ടുണ്ട്. റീറ്റെയ്ല്‍ ഷോപ്പുകളില്‍ പ്രത്യേകിച്ചും റീറ്റെയ്ല്‍ ചെയ്‌നുകളില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിലേക്കാണ് അത് നയിച്ചത്.

ഇപ്പോള്‍ സാധാരണ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളില്‍ പോലും 50,000 ത്തിനടുത്ത് സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകള്‍ നിലനിര്‍ത്തേണ്ട അവസ്ഥയിലേക്ക് ഇത് കൊണ്ടുചെന്നെത്തിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം.

വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ ചില പ്രത്യേക റീറ്റെയ്ല്‍ സ്റ്റോറില്‍ പരിമിതമായ ചില സ്റ്റോക്ക് യൂണിറ്റുകള്‍ മാത്രം വേഗത്തില്‍ വിറ്റഴിയുന്നു (Fast Moving). കുറച്ച് സ്‌റ്റോക്ക് യൂണിറ്റുകള്‍ ചെറിയ വില്‍പ്പന (Medium Moving) ആണ്. വലിയൊരു ഭാഗത്തില്‍ തീരെ മോശം വില്‍പ്പന (Slow Moving) യാണ് നടക്കുന്നത്. ഇത് Slow Moving ഉല്‍പ്പന്നങ്ങളുടെ റീറ്റെയ്ല്‍ സ്‌പേസ് സ്തംഭനാവസ്ഥയിലാക്കുന്നു, ഇതിന്റെ ഫലമായി കാലാവധി കഴിഞ്ഞ, പഴകിയ സ്റ്റോക്കുകളുടെ എണ്ണം ഉയരുന്നു.

മിക്ക റീറ്റെയ്ല്‍ ചെയ്‌നുകളും കാലാവധി കഴിയാറായ, പഴകിയ സ്ലോ മൂവിംഗ് സ്‌റ്റോക്കുകള്‍ വ്യക്തിഗത സ്‌റ്റോറുകളിലൂടെ സ്ഥിരം ഡിസ്‌കൗണ്ട് ഓഫര്‍ വഴി വിറ്റഴിക്കുകയാണ് സാധാരണ ചെയ്യുന്നത്.

പ്രോഡക്ട് ക്ലാസിഫിക്കേഷന്റെ ഗുണം

ഉല്‍പ്പന്ന വൈവിധ്യം ഉയര്‍ന്നതും, അതിന്റെ മോശം അന്തരഫലങ്ങളും സിംഗിള്‍ റീറ്റെയ്ല്‍ ഷോപ്പുകളില്‍ നിന്നു വ്യത്യസ്തമായി റീറ്റെയ്ല്‍ ചെയ്‌നുകള്‍ക്കു സെന്‍ട്രല്‍ വെയര്‍ഹൗസ് സംവിധാനം മൂലം ലഭിച്ച ഗുണം ഇല്ലാതാക്കാന്‍ തുടങ്ങി. സിംഗിള്‍ റീറ്റെയ്ല്‍ ഷോപ്പുകളേക്കാള്‍ മികച്ച നേട്ടം നിലനിര്‍ത്താന്‍ റീറ്റെയ്ല്‍ ചെയ്‌നുകള്‍ സെന്‍ട്രല്‍ വെയര്‍ഹൗസ് സംവിധാനത്തെ അടുത്ത തലത്തിലേക്ക് കൊണ്ടു പോകേണ്ടി വരുന്നു. ഇതിന്റെ ആദ്യപടി എന്നു പറയുന്നത് ടേബിള്‍ Iല്‍ കാണുന്നതുപോലെ പുതിയ പ്രൊഡക്ട് ക്ലാസിഫിക്കേഷന്‍ നടപ്പാക്കുകയാണ്.

മിക്ക റീറ്റെയ്ല്‍ ചെയ്ന്‍ സ്റ്റോറുകളിലും വിറ്റഴിയുന്ന ഉല്‍പ്പന്നങ്ങളാണ് ടൈപ്പ് I ഉല്‍പ്പന്നങ്ങള്‍.

അതേസമയം ചില റീറ്റെയ്ല്‍ ചെയ്ന്‍ സ്റ്റോറുകളില്‍ നന്നായി വില്‍പ്പന നടക്കുകയും മറ്റു ചില സ്റ്റോറുകളില്‍ കുറവ് വില്‍പ്പന നടക്കുകയും ചെയ്യുന്നതാണ് ടൈപ്പ് II ഉല്‍പ്പന്നങ്ങള്‍.

മിക്ക റീറ്റെയ്ല്‍ ചെയ്ന്‍ സ്റ്റോറുകളിലും ഏറ്റവും മോശം വില്‍പ്പന നടക്കുന്നതാണ് ടൈപ്പ് III ഉല്‍പ്പന്നങ്ങള്‍.

ടൈപ്പ് I ഉല്‍പ്പന്നങ്ങള്‍ എല്ലാ റീറ്റെയ്ല്‍ ചെയ്ന്‍ സ്റ്റോറുകളിലും ലഭ്യമാക്കേണ്ടതിനാല്‍ സെന്‍ട്രല്‍ വെയര്‍ഹൗസില്‍ ശരിയായ രീതിയില്‍ സ്റ്റോക്കുകള്‍ സംഭരിച്ചു വയ്‌ക്കേണ്ടതായി വരും.

അപര്യാപ്തത കുറച്ചുകൊണ്ട് റീറ്റെയ്ല്‍ ചെയ്‌നുകളില്‍ ടൈപ്പ് I ഉല്‍പ്പന്നങ്ങളുടെ മൊത്ത വില്‍പ്പന ഉയര്‍ത്തണമെങ്കില്‍ വിതരണ കാലയളവ് കാര്യമായി വര്‍ധിപ്പിക്കുകയും സപ്ലൈ ലീഡ്-ടൈം കുറയ്ക്കുകയും വേണം.

വില്‍പ്പനയിലും ലാഭത്തിലും വലിയ വര്‍ധനയുണ്ടാക്കാന്‍ ടൈപ്പ് I ഉല്‍പ്പന്നങ്ങളുടെ വിതരണ കാലാവധി കാര്യമായി വര്‍ധിപ്പിക്കുകയും സപ്ലൈ ലീഡ്-ടൈം കുറയ്ക്കുകയും ചെയ്യണമെങ്കില്‍ റീറ്റെയ്ല്‍ ചെയ്‌നുകള്‍ വലിയ ശ്രമം തന്നെ നടത്തേണ്ടി വരും.

റിവേഴ്‌സ് ലോജിസ്റ്റിക്‌സ് സഹായിക്കുമോ?

റീറ്റെയ്ല്‍ ചെയ്‌നിലെ ടൈപ്പ് II ഉല്‍പ്പന്നങ്ങളുടെ സ്റ്റോക്കും നഷ്ടമാര്‍ജിനും കുറച്ച് മൊത്ത വില്‍പ്പന ഉയര്‍ത്താന്‍ അവ ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്ന സ്റ്റോറുകളില്‍ ലഭ്യമാക്കുകയാണ് വേണ്ടണ്ടത്, അതേപോലെ ടൈപ്പ് II ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കുറവ് വില്‍പ്പന നടത്തുന്ന സ്‌റ്റോറുകളില്‍ നിന്ന് അവ പിന്‍വലിച്ച് സെന്‍ട്രല്‍ വെയര്‍ഹൗസുകളില്‍ ബഫര്‍ സ്റ്റോക്കായി സൂക്ഷിക്കുകയും വേണം.

ടൈപ്പ് II ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന സ്റ്റോറുകള്‍ വെയര്‍ഹൗസ് ശേഖരത്തില്‍ നിന്ന് ആവശ്യമായ സ്‌റ്റോക്ക് സംഭരിക്കണം.

റീറ്റെയ്ല്‍ ചെയ്‌നുകളില്‍ ടൈപ്പ് III ഉല്‍പ്പന്നങ്ങളിലെ നഷ്ട മാര്‍ജിനും മൊത്ത സ്‌റ്റോക്കും കുറയ്ക്കാന്‍ അവ സെന്‍ട്രല്‍ വെയര്‍ ഹൗസുകളില്‍ സ്റ്റോക്ക് ചെയ്യരുത്.

ഏതെങ്കിലും സ്‌റ്റോറുകള്‍ ടൈപ്പ് III ഉല്‍പ്പന്നങ്ങള്‍ കൂടതലായി വില്‍ക്കുന്നുണ്ടെങ്കില്‍ അധികം വില്‍പ്പന നടക്കാത്ത മറ്റ് ഷോപ്പുകളില്‍ നിന്ന് ഈ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ച് ഈ സ്റ്റോറുകളില്‍ സംഭരിക്കാവുന്നതാണ്. ഒപ്പം ഇത് വിറ്റഴിക്കുന്ന മറ്റ് സ്റ്റോറുകള്‍ക്ക് സപ്ലൈ ചെയ്യുകയുമാവാം.

എല്ലാ റീറ്റെയ്ല്‍ ചെയ്‌നുകളും ടൈപ്പ് III ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും വിറ്റഴിക്കുന്നതു വരെ ഇത് തുടരുക.

മേല്‍പറഞ്ഞ പ്രവര്‍ത്തനം റീറ്റെയ്ല്‍ ഷോപ്പുകളുടെ സ്റ്റോക്കും മാര്‍ജിന്‍ നഷ്ടവും കുറച്ച് വില്‍പ്പന വര്‍ധിപ്പിക്കും. ഇതു മൂലം സിംഗിള്‍ റീറ്റെയ്ല്‍ ഷോപ്പുകളെ അപേക്ഷിച്ച് മത്സരാത്മകമായ നേട്ടം നല്‍കാനും സാധിക്കും.

സെന്‍ട്രല്‍ വെയര്‍ഹൗസുകളില്‍ നിന്ന് സ്‌റ്റോറുകളിലേക്ക് ടൈപ്പ് II, ടൈപ്പ് III ഉല്‍പ്പന്നങ്ങള്‍ യഥാസമയം മാറ്റാനുള്ള റീറ്റെയ്ല്‍ ചെയ്‌നുകളുടെ കഴിവാണ് ടൈപ്പ് II, ടൈപ്പ് III ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ വിജയതന്ത്രം എന്ന് മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ നിന്നും മനസിലാക്കാവുന്നതാണ്. റിവേഴ്‌സ് ലൊജിസ്റ്റിക്‌സ് എന്നാണ് ഈ പ്രക്രിയയെ വിളിക്കുന്നത്.

ഇപ്പോള്‍ മിക്ക റീറ്റെയ്ല്‍ ചെയ്‌നുകളും റിവേഴ്‌സ് ലോജിസ്റ്റിക്‌സ് എന്ന ഉപായത്തോട് പുറംതിരിഞ്ഞു നില്‍ക്കുകയാണ്. മതിയായ നേട്ടം ലഭിക്കാതെ ആവശ്യമില്ലാത്ത പരിശ്രമം എടുക്കുകയാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്.

എന്നാലും റീറ്റെയ്‌ലില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ സിംഗിള്‍ റീറ്റെയ്ല്‍ ഷോപ്പുകളെയും ഈ സംവിധാനമില്ലാത്ത മറ്റ് റീറ്റെയ്ല്‍ ചെയ്‌നുകളെയും അപേക്ഷിച്ച് മികച്ച നേട്ടം ഉണ്ടാക്കാന്‍ റിവേഴ്‌സ് ലോജിസ്റ്റിക്‌സ് നടപ്പാക്കുന്ന റീറ്റെയ്ല്‍ ചെയ്‌നുകള്‍ക്ക് സാധിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഇന്ത്യയിലും ജി.സി.സി രാഷ്ട്രങ്ങളിലുമായി സ്ഥായിയായ ബിസിനസ് മോഡലുകള്‍ വളര്‍ത്തിയെടുക്കുന്നതിനുവേണ്ടി ദീര്‍ഘകാല അടിസ്ഥാനത്തില്‍ സംരംഭകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബിസിനസ് അഡൈ്വസറാണ് ലേഖകന്‍.

1992ല്‍ IIM (L) നിന്ന് PGDM എടുത്തതിനു ശേഷം ബിസിനസ് അഡൈ്വസറായി പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം റിസള്‍ട്ട്‌സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറാണ്. website: www.we-deliver-results.com, email: tinyphilip@gmail.com

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it