വ്യാപാര സ്ഥാപനങ്ങള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്; അറിയാം

കച്ചവട സ്ഥാപനങ്ങള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കുമുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഭാഗമായി അവശ്യ സാധനങ്ങളുടെ വില്‍പ്പനയല്ലാത്തതെല്ലാം തടയുന്നുണ്ട്. ഒപ്പം ആരോഗ്യ വകുപ്പ് കച്ചവടസ്ഥാപനങ്ങള്‍ക്കായുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നതായും ഇവ പാലിക്കാന്‍ എല്ലാ സംരംഭകരും ബാധ്യസ്ഥരായിട്ടുള്ളതായും ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു.

ഈ സാഹചര്യത്തില്‍ വില്‍ക്കുന്നവരും വാങ്ങുന്നവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. കൂട്ടം കൂടാതെ മതിയായ അകലം പാലിച്ച് മാത്രമേ കടകളില്‍ പ്രവേശിക്കാവൂ. ഇക്കാര്യം വ്യാപാരികള്‍ ഉറപ്പു വരുത്തണം. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള കുറിപ്പുകളും പ്രദര്‍ശിപ്പിക്കണം.

കടകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ:

  1. എല്ലാ കടകളും കച്ചവടസ്ഥാപനങ്ങളും കൈകള്‍ കഴുകുന്നതിനുള്ള സൗകര്യം ഉറപ്പാക്കണം.
  2. ജീവനക്കാരും ഉപഭോക്താക്കളും തമ്മിലും ഉപഭോക്താക്കളും ഉപഭോക്താക്കളും തമ്മിലും കുറഞ്ഞത് ഒരു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണം.
  3. കടയുടെ പ്രവേശന കവാടങ്ങളിലും കൗണ്ടറുകളിലും മതിയായ ഹാന്റ് സാനിറ്റൈസര്‍ കരുതുകയും എല്ലാ ജീവനക്കാരും ഉപഭോക്താക്കളും സാനിറ്റൈസര്‍ ശരിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക.
  4. പേയ്മെന്റ് കൗണ്ടറുകളില്‍ ഇരിക്കുന്ന ജീവനക്കാരും ഇടപാട് നടത്തുന്ന ഉപഭോക്താക്കളും ഓരോ ഇടപാടിന് ശേഷവും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
  5. വാഷ് റൂമുകളില്‍ ശുചിത്വം പാലിക്കുക. ആവശ്യത്തിന് ടിഷ്യു പേപ്പറുകളും സോപ്പ് സൊല്യൂഷനും കരുതുക. (സോപ്പ് വെക്കരുത്)
  6. കൈ കഴുകുന്ന വിധം, ഹാന്റ് റബ്ബിന്റെ ഉപയോഗം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകള്‍ ഉപയോഗിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ എല്ലാ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കണം.
  7. ഫലപ്രദമായി കൈ കഴുകുന്നതിന്റെ ഘട്ടങ്ങള്‍ കാണിക്കുന്ന പോസ്റ്ററുകള്‍ വാഷിംഗ് ഏരിയയില്‍ പതിക്കണം.
  8. ഓണ്‍ലൈന്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുക.
  9. ഓരോ സ്ഥാപനവും അവരുടെ തൊഴിലാളികള്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ദിവസവും ഉറപ്പാക്കേണ്ടതാണ്.
  10. രോഗലക്ഷണമുള്ള ജീവനക്കാരെ ഒരു കാരണവശാലും സ്ഥാപനത്തില്‍ നില്‍ക്കാന്‍ അനുവദിക്കരുത്.
  11. കോവിഡ് 19 രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരോ അവരുമായി സമ്പര്‍ക്ക ലിസ്റ്റിലുള്ളവരോ വീട്ടിലെ നിരീക്ഷണത്തിലുള്ളവരോ സ്ഥാപനത്തിലുണ്ടെങ്കില്‍ തൊട്ടടുത്ത ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെടണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം ഉടന്‍ തന്നെ സ്ഥാപനം അടക്കേണ്ടതാണ്.
  12. ഷേക്ക് ഹാന്റ് ഒഴിവാക്കുക.
  13. ദിശയുടെയും ജില്ലാ കണ്‍ട്രോള്‍ റൂമിന്റേയും ഫോണ്‍ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കണം.

സംശയങ്ങള്‍ക്കും പരാതികള്‍ക്കും: ദിശ ഹെല്‍പ്പ് ലൈന്‍ 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it