മുഖച്ഛായ മാറുന്ന റീറ്റെയ്ല് രംഗം

ഇന്ത്യന്‍ റീറ്റെയ്ല്‍ മേഖല വന്‍ കുതിപ്പിനൊരുങ്ങുകയാണ്. അനുകൂലമായ ഒട്ടനവധി ഘടകങ്ങളാണ് ഈ മുന്നേറ്റത്തിന് ഊര്‍ജ്ജം പകരുന്നത്. ഇന്ത്യന്‍ ജനസംഖ്യയില്‍ വന്‍ ക്രയശേഷിയുള്ള യുവതലമുറയുടെ ഉയര്‍ന്ന ശതമാനം, അതിവേഗമുള്ള നഗരവല്‍ക്കരണം, സമൂഹത്തിലെ ഇടത്തരക്കാരുടെ വരുമാനത്തിലുണ്ടാകുന്ന വര്‍ധന, ഡിജിറ്റല്‍ കണക്റ്റിവിറ്റി എന്നിവയ്‌ക്കെല്ലാം പുറമേ സംഘടിത റീറ്റെയ്ല്‍ മേഖലയുടെ വളര്‍ച്ചയ്ക്കുതകുന്ന നയങ്ങളും റീറ്റെയ്ല്‍ റീറ്റെയ്ല്‍ രംഗത്തിന് കരുത്തേകുന്നു. അതുപോലെ തന്നെ സമൂഹത്തിലെ എല്ലാതലത്തിലുമുള്ളവരെയും ഇത്രമേല്‍ സ്പര്‍ശിക്കുന്ന മറ്റൊരു മേഖല കണ്ടെത്താനാകില്ല.

അതുകൊണ്ടു തന്നെയാണ് ഈ രംഗത്തെ പുതുചലനങ്ങളെ എല്ലാ മേഖലയിലുമുള്ളവരും ഉറ്റുനോക്കുന്നതും. ഇമേജ് മള്‍ട്ടി മീഡിയ പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കിയ ഇന്ത്യ റീറ്റെയ്ല്‍ റിപ്പോര്‍ട്ട് 2017-18 പ്രകാരം 2016ല്‍ ഇന്ത്യന്‍ റീറ്റെയ്ല്‍ മേഖലയുടെ വലിപ്പം 55,31,471 കോടി രൂപയായിരുന്നു. അതായത് ഏകദേശം 864 ബില്യണ്‍ ഡോളറിന്റേത്. ഇതില്‍ സംഘടിത റീറ്റെയ്ല്‍ മേഖലയുടെ സംഭാവന 13.7 ശതമാനം മാത്രമാണ്. (7,55,948 കോടി രൂപ).

2020 ഓടെ ഇന്ത്യന്‍ റീറ്റെയ്ല്‍ രംഗം 98,35,076 കോടി രൂപയുടേതായി മാറുമെന്നാണ് കണക്ക്.

ഈ കണക്കുകളിലേക്ക് ഒന്നു കണ്ണോടിക്കൂ. കോടികളുടെ ഈ വലുപ്പമാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി റീറ്റെയ്ല്‍ മേഖലയെ മാറ്റുന്നതും. ഒപ്പം ഓരോ സംരംഭകനെയും ആവേശത്തിലാഴ്ത്തുന്നതും. അത്രമാത്രം സാധ്യതകളുടെ കടലാണ് റീറ്റെയ്ല്‍ മേഖല. അതുപോലെ തന്നെ അനുനിമിഷ മാറ്റങ്ങളുടെ കേന്ദ്രവും. റീറ്റെയ്ല്‍ മേഖലയെ വരും നാളുകളില്‍ സ്വാധീനിക്കുന്ന ഘടകങ്ങളെന്തൊക്കെയാകും? ഇതെ കുറിച്ചുള്ള ധാരണ ഏത് മേഖലയിലുമുള്ള ബിസിനസുകാര്‍ക്കും ഇന്ന് അനിവാര്യമായിരിക്കുകയാണ്.

ഭാവിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

2016-17 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ റീറ്റെയ്ല്‍ മേഖലയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായൊരു കാലഘട്ടമായിരുന്നു. ഹ്രസ്വകാലത്തേക്ക് മാത്രമല്ല, ഇന്ത്യന്‍ റീറ്റെയ്ല്‍ മേഖലയുടെ ഭാവിയെ തന്നെ മാറ്റിമറിക്കുന്ന നിരവധി മാറ്റങ്ങള്‍ക്കാണ് ഈ വര്‍ഷം സാക്ഷ്യം വഹിച്ചത്.

റീറ്റെയ്ല്‍ മേഖലയുടെ ഭാവിയെ സ്വാധീനിക്കുന്ന ആ സുപ്രധാനഘടകങ്ങള്‍ ഇതൊക്കെയാണ്.

• നോട്ട് പിന്‍വലിക്കലും ഡിജിറ്റൈസേഷനും (മേലില്‍ കറന്‍സിയല്ല രാജാവ് എന്ന നിലയിലേക്ക് കാര്യങ്ങളുടെ പോക്ക് ആരംഭിച്ചു)

• ചരക്ക് സേവന നികുതി: പുതിയ തുടക്കം

• റീറ്റെയ്ല്‍ മേഖലയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ വാതിലുകള്‍ തുറന്നത്

• ഇ കോമേഴ്‌സ് തരംഗം

• റീറ്റെയ്ല്‍ മേഖലയിലേക്കു വേണ്ട വൈദഗ്ധ്യമുള്ളവരെ വാര്‍ത്തെടുക്കാനുള്ള പദ്ധതികള്‍

ഇത്തരം ഘടകങ്ങള്‍ എങ്ങനെയാണ് ഇന്ത്യന്‍ റീറ്റെയ്ല്‍ മേഖലയെ സ്വാധീനിച്ചത് എന്നറിഞ്ഞാല്‍ മാത്രമേ വരും കാലത്തെ പ്രവണതകളും ഊഹിക്കാന്‍ സാധിക്കൂ. ആ മാറ്റങ്ങളെന്തൊക്കെയെന്ന് നോക്കാം.

നോട്ട് പിന്‍വലിക്കല്‍ മൂലം സംഭവിച്ചത്

• കൊച്ചു കടകളേക്കാള്‍ ജനങ്ങള്‍ കാര്‍ഡുകള്‍ സ്വീകരിക്കുന്ന സംഘടിത റീറ്റെയ്ല്‍ സ്റ്റോറുകളിലേക്ക് കൂടുതല്‍ പോകാന്‍ തുടങ്ങി.

• കാഷ് നല്‍കി 80 ശതമാനത്തോളം ബിസിനസ് നടക്കുന്ന കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍ ബിസിനസ് രംഗത്ത് 40 ശതമാനം കച്ചവട ഇടിവ് രേഖപ്പെടുത്തി.

• സിനിമ കാണലുകളെ വരെ മാറ്റി. പണം നല്‍കി ടിക്കറ്റെടുത്ത് സിനിമ കാണുന്ന രീതിയില്‍ നിന്ന് ജനങ്ങള്‍ ടെക്‌നോളജിക്കലി അഡ്വാന്‍സ്ഡായ രീതികള്‍ കൂടുതല്‍ അവലംബിക്കാന്‍ തുടങ്ങി. സിംഗ്ള്‍ സ്‌ക്രീന്‍ വ്യൂവര്‍ഷിപ്പ് 25-50 ശതമാനം ഇടിഞ്ഞു.

• ഹോട്ടലുകളിലെയും റെസ്‌റ്റോറന്റുകളിലേയും കച്ചവടം ഇടിഞ്ഞപ്പോള്‍ സൊമാറ്റോ പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഫുഡ് ഓര്‍ഡറുകള്‍ കുത്തനെ കൂടി.

• ചരക്ക് സേവന നികുതി നടപ്പാക്കപ്പെട്ടതിന്റെ ആദ്യഘട്ടത്തില്‍ റീറ്റെയ്ല്‍ മേഖല ഒന്നടങ്കം ആടിയുലഞ്ഞു. പക്ഷേ ഇന്ത്യന്‍ വിപണിയെ ഒന്നിപ്പിക്കുന്ന ഈ നീക്കം ഭാവിയില്‍ റീറ്റെയ്ല്‍ മേഖലയുടെ പ്രവര്‍ത്തന മൂലധന ചെലവ് തന്നെ വന്‍തോതില്‍ കുറച്ചേക്കും.

• സംസ്ഥാന തലത്തില്‍ വെയര്‍ ഹൗസുകളോ അമിതമായ കടത്ത് കൂലിയോ ഇനിയുണ്ടാകില്ല. എഫ്എംസിജി ഡിസ്ട്രിബ്യൂഷന്‍ രംഗത്തു തന്നെ ചെലവ് 25-30 ശതമാനം കുറഞ്ഞിട്ടുണ്ടെന്നാണ് സൂചന. സമാനമായ സാഹചര്യം മറ്റ് രംഗങ്ങളിലും അധികം താമസിയാതെ ദൃശ്യമാകും.

വിദേശനിക്ഷേപം: കളിക്കളത്തെ മാറ്റും

ഇന്ത്യന്‍ റീറ്റെയ്ല്‍ മേഖല അതിദ്രുത വളര്‍ച്ച രേഖപ്പെടുത്തുമ്പോള്‍ അതിനെ ത്വരിതപ്പെടുത്തുന്ന വിധമുള്ള നയം മാറ്റമാണ് ഈ രംഗത്തേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കൈകൊണ്ടത്.

ഇതേ തുടര്‍ന്ന് ഇന്ത്യയിലേക്ക് വിദേശ റീറ്റെയ്ല്‍ ശൃംഖലകള്‍ വന്‍ പദ്ധതികളുമായാണ് കടന്നുവരുന്നത്. നിലവില്‍ ഇന്ത്യയില്‍ സാന്നിധ്യമുള്ളവ ആവിഷ്‌കരിച്ചിരിക്കുന്നത് വിപുലമായ പദ്ധതികളും.

ഈ രംഗത്തെ പ്രധാന പ്രവണതകള്‍ ഇവയൊക്കെയാണ്.

• 100 ശതമാനം കാഷ് ആന്‍ഡ് കാരി ഫോര്‍മാറ്റിലുള്ള വിദേശ റീറ്റെയ്ല്‍ ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യ മികച്ച ഡെസ്റ്റിനേഷനായി മാറുന്നു. തായ്‌ലന്റില്‍ നിന്നുള്ള ടശമാ ങമസൃീ ആണ് ഈ രംഗത്തെ പുതുബ്രാന്‍ഡ്. ങലൃേീ, ആീീസലൃ, ണമഹാമൃ എന്നിവയെല്ലാം ഇന്ത്യയിലുണ്ട്.

• സ്വീഡിഷ് ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ ഐക്കിയ ഹൈദരാബാദില്‍ ആദ്യ സ്റ്റോര്‍ തുറക്കുന്നു. ഇന്ത്യയിലെമ്പാടുമായി 25 സ്റ്റോറുകള്‍ പ്ലാന്‍ ചെയ്യുന്ന ഐക്കിയ ഇന്ത്യയില്‍ 1.56 ബില്യണ്‍ ഡോളറാണ് നിക്ഷേപിക്കാന്‍

പോകുന്നത്.

• അടുത്ത രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ വാള്‍ മാര്‍ട്ട് രാജ്യത്തെമ്പാടുമായി 50 പുതിയ കാഷ് ആന്‍ഡ് കാരി സ്റ്റോറുകള്‍ തുറക്കാന്‍ പദ്ധതിയിട്ടിരിക്കുന്നു.

• ഒട്ടനവധി ലക്ഷ്വറി ബ്രാന്‍ഡുകള്‍ രാജ്യത്ത് പുതുതായി സ്റ്റോറുകള്‍ തുറന്നിരിക്കുന്നു.

• വിദേശ ഓണ്‍ലൈന്‍ റീറ്റെയ്ല്‍ സ്‌റ്റോറുകളും ഇന്ത്യയിലേക്ക് കൂടുതലായി എത്തുന്നു.

• അടുത്ത ആറുമാസത്തിനുള്ളില്‍ ഇന്ത്യയിലേക്ക് വിദേശത്തെ 50 ഓളം മിഡില്‍ സൈസിലുള്ള റീറ്റെയ്ല്‍ ബ്രാന്‍ഡുകള്‍ കൂടി കടന്നുവന്നേക്കും. Korres, Migato, Wallstreet English, Pasta Mania, Lush Addiction, Melting Pot തുടങ്ങിയ നിരവധി ബ്രാന്‍ഡുകള്‍ മൊത്തം ഇന്ത്യയില്‍ 300-500 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ഇവയെല്ലാം കൂടി ഏകദേശം 2,500-3,000 സ്റ്റോറുകളും തുറന്നേക്കും.

• ഇതിനെല്ലാം പുറമേ നിലവില്‍ മികച്ച രീതിയില്‍ മുന്നേറുന്ന ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബ്രിക്ക് ആന്‍ഡ് മോര്‍ട്ടര്‍ സ്‌റ്റോറുകള്‍ തുറക്കുന്നു. ഒപ്പം പരമ്പരാഗത റീറ്റെയ്ല്‍ സ്റ്റോറുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്യുന്നുണ്ട്.

• കേന്ദ്ര സര്‍ക്കാരിന്റെ നൈപുണ്യ വികസന പദ്ധതികളാണ് റീറ്റെയ്ല്‍ മേഖലയില്‍ വിദഗ്ധരായ ജീവനക്കാരെ വാര്‍ത്തെടുക്കാനുള്ള സംഘടിതമായ നീക്കമാകുന്നത്. ഇത് ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത് വരും നാളുകളില്‍ രാജ്യത്തിന് ഏറെ ഗുണകരമാകുമെന്ന് കരുതപ്പെടുന്നു.

ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (IoT) ആളെ കയറ്റും

റീറ്റെയ്ല്‍ സ്റ്റോറിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ ഇനി പരമ്പരാഗത രീതി മാത്രം പോര. പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉള്‍ച്ചേര്‍ത്തേ മതിയാകൂ.

ഒന്ന് തലപൊക്കി നോക്കു. ചുറ്റിലും തലകുനിച്ചിരിക്കുന്നവരെ മാത്രമേ നാം കാണു. അവര്‍ നോക്കുന്നത് സ്വന്തം സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനിലേക്കാണ്. അത്രമാത്രം സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.

ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ഉള്‍ച്ചേര്‍ക്കുന്നതിലൂടെ ഓരോ ഉപഭോക്താവിന്റെയും പരമാവധി വിവരങ്ങളില്‍ സെന്‍സറുകളിലൂടെ റീറ്റെയ്‌ലര്‍ക്ക് കൃത്യമായി മനസിലാക്കാന്‍ സാധിക്കും. ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അങ്ങേയറ്റം കൃത്യമായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും സാധിക്കും.

പരമാവധി വിവര ശേഖരണവും അതിന്റെ കുറ്റമറ്റ വിശകലനവും അതില്‍ നിന്നുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുമായിരിക്കും വരും നാളുകളില്‍ റീറ്റെയ്ല്‍ മേഖലയിലെ വിജയ പരാജയങ്ങള്‍ തീരുമാനിക്കുക.

Trend-setting millennials!

18-35. റീറ്റെയ്ല്‍ രംഗത്തുള്ളവരെ സംബന്ധിച്ചിടത്തോളം ഇത് വെറും സംഖ്യയല്ല. ഈ പ്രായത്തിലുള്ളവരാണ് റീറ്റെയ്ല്‍ വിപണിയുടെ നട്ടെല്ല്. ഏലി ഥ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ തലമുറയുടെ ഇഷ്ടാ

നിഷ്ടങ്ങളാണ് ഇന്ന് റീറ്റെയ്ല്‍ വിപണിയെ ഭരിക്കുന്നതെന്നും

പറയാം.

എന്തുകൊണ്ട് Gen Y നിര്‍ണായകമാകുന്നു?

ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 34 ശതമാനം വരും ഈ തലമുറ. നിലവില്‍ വര്‍ക്കിംഗ് ഏജ് പോപ്പുലേഷന്റെ ഏകദേശം പകുതിയോളവും. ഇവരുടെ സ്വാധീനം വ്യക്തമാക്കുന്ന ചില ഘടകങ്ങള്‍ ഇതൊക്കെയാണ്.

• ഇന്ത്യന്‍ കുടുംബങ്ങളിലെ മുഖ്യ വരുമാനദാതാക്കള്‍ ഇവരാണ്. ഗാര്‍ഹിക വരുമാനത്തിന്റെ ഏകദേശം 71 ശതമാനവും ഇവരുടെ സംഭാവനയാണ്.

• മുന്‍തലമുറയേക്കാളും തൊട്ടു മുതിര്‍ന്നവരേക്കാളും മികച്ച വിദ്യാഭ്യാസം നേടിയവരാണ് ഇവര്‍

• പുറംലോകവും അറിവുകളുമായി മികച്ച ബന്ധമുള്ളവരാണ് ഈ തലമുറ

അതായത് ലോകത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് ധാരണയുള്ള, ചെലവിടാന്‍ പണമുള്ള, വേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തതയുള്ള ഈ തലമുറയാണ് ഇന്ത്യന്‍ കണ്‍സ്യൂമര്‍ രംഗത്തെ നിര്‍ണായക ഘടകം.

ഡിലോയ്റ്റ് നടത്തിയ പഠനം വെളിപ്പെടുത്തുന്നത് മിലേനിയലുകള്‍ വരുമാനത്തിന്റെ 32.7 ശതമാനവും എന്റര്‍ടെയ്ന്‍മെന്റുകള്‍ക്കും ഈറ്റിംഗ് ഔട്ടിനുമാണ് ചെലവിടുന്നത് എന്നാണ്. സേവിംഗ്‌സിനായി 10.5 ശതമാനം നീക്കിവെയ്ക്കുമ്പോള്‍ വസ്ത്രത്തിനും മറ്റു അനുബന്ധ സാമഗ്രികള്‍ക്കുമായി 21.4 ശതമാനം ചെലവിടുന്നു. ഈ ചെലവിടല്‍ ശൈലിയാണ് റീറ്റെയ്ല്‍ രംഗത്തുള്ളവര്‍ ശ്രദ്ധിക്കേണ്ട ഘടകവും.

ഓണ്‍ലൈനാണോ ഇഷ്ട വിപണി?

റീറ്റെയ്ല്‍ മേഖലയെ സംബന്ധിച്ച പഠനങ്ങള്‍ പരിശോധിച്ചാല്‍ ഏലി ഥന്റെ 47 ശതമാനം ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവരാണെന്ന് മനസിലാകും. പക്ഷേ ഓഫ്‌ലൈന്‍ റീറ്റെയ്ല്‍ ഷോപ്പിംഗ് രീതികളില്‍ നിന്ന് അതിവേഗം ഇവര്‍ വഴിമാറി നടക്കുന്നുമില്ല.

ഉല്‍പ്പന്നങ്ങളെ തൊട്ടറിഞ്ഞ്, അനുഭവിച്ച് വാങ്ങാനും കൂട്ടുകാരും ബന്ധുക്കളുമൊക്കെയായി പുറത്ത് പോയി ആനന്ദിക്കാനുമുള്ള താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഓഫ്‌ലൈന്‍ റീറ്റെയ്‌ലിംഗിനെ ഈ തലമുറ ഇപ്പോഴും കൈവിടുന്നില്ല.

എന്നാല്‍ എവിടെയിരുന്നും എന്തും എപ്പോഴും വലിയ ഡിസ്‌കൗണ്ടില്‍ വാങ്ങാന്‍ സാധിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗും ഇഷ്ടപ്പെടുന്നു.

അറിയാം ഇവരെ

Gen Y യുടെ രീതികള്‍ അറിഞ്ഞ് റീറ്റെയ്ല്‍ തന്ത്രങ്ങള്‍ മെനഞ്ഞാല്‍ മാത്രമേ ഇനി നിലനില്‍പ്പുള്ളൂ. എന്താണ് അവരുടെ സവിശേഷതകള്‍?

• ബ്രാന്‍ഡ്, പ്രകൃതിദത്ത/ഓര്‍ഗാനിക് ഘടകങ്ങള്‍, ആശയവിനിമയത്തിലെ സുതാര്യത, പ്രോഡക്റ്റ് റിവ്യൂ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ഇവര്‍ പരിഗണിക്കുന്നു.

• എന്തിനും ഏതിനും സ്മാര്‍ട്ട് ഫോണിനെ ആശ്രയിക്കുന്നു.

• പേഴ്‌സണലൈസ്ഡ് ആയ മാര്‍ക്കറ്റിംഗ് രീതികളാണ് പ്രിയം

• പ്രോഡക്റ്റ് റിവ്യു, ബയിംഗ് എക്‌സ്പീരിയന്‍സ്, കസ്റ്റമര്‍ സര്‍വീസ് എക്‌സ്പീരിയന്‍സ് എന്നിങ്ങനെയുള്ള കണ്ടന്റുകളാണ് ഇവരെ ഏറെ ആകര്‍ഷിക്കുന്നത്.

അവയെല്ലാം വളരെ പെട്ടെന്നു തന്നെ ഇവര്‍ ഷെയര്‍ ചെയ്യുന്നു. ഇവയൊക്കെ മുന്‍കൂട്ടി കണ്ട് അതിനനുസരിച്ചുള്ള റീറ്റെയ്ല്‍ തന്ത്രമാണ് ഇനി സ്വീകരിക്കേണ്ടത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it