ലോക്ഡൗണ്‍: ഓണ്‍ലൈന്‍ മീന്‍, ഇറച്ചി വില്‍പ്പനയില്‍ വര്‍ധനവ്; കേരളത്തിലും ഡോര്‍ ഡെലിവറി സര്‍വീസസ് കൂടി

ലോക്ഡൗണ്‍ ആയതോടെ ഓണ്‍ലൈന്‍ ബിസിനസ് രംഗത്തിന് മാത്രമാണ് ഉണര്‍വു രേഖപ്പെടുത്തുന്നത്. ബാക്കി എല്ലാ മേഖലകളിലും ബിസിനസ് മങ്ങിയപ്പോള്‍ അവശ്യ സാധനങ്ങള്‍ ഓണ്‍ലൈനിലൂടെ എത്തിക്കുന്ന ആപ്പുകളുടെ ഉപയോഗം ഇന്ത്യയില്‍ വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പലചരക്കു മാത്രമല്ല മീന്‍, ഇറച്ചി വില്‍പ്പനയും വര്‍ധിച്ചതായി കണക്കുകള്‍. കൂടുതല്‍ കച്ചവടക്കാര്‍ ഓണ്‍ലൈന്‍ വില്‍പ്പനയിലേയ്ക്ക് മാറിയതിനുശേഷം ഇറച്ചി, മത്സ്യം എന്നിവയുടെ ചില്ലറ വില്‍പ്പന കുതിച്ചുയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും താഴ്ന്ന ആളോഹരി ഇറച്ചി ഉപഭോഗമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന തോതില്‍ ഇറച്ചി ഉപയോഗമുള്ളത് കേരളത്തിലാണെന്നതാണ് രസകരമായ വസ്തുത. ഇതില്‍ കൊച്ചിയിലാണ് അടുത്തിടെ ഇറച്ചി, മീന്‍ ഉപഭോഗം വര്‍ധിച്ചതായി കാണുന്നത്.

ആഴ്ചയില്‍ 3000 ത്തോളം ഡെലിവറികള്‍ കൊച്ചിയില്‍ നടത്തുന്നുണ്ടെന്ന് തൃപ്പൂണിത്തുറ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വ്യാപാരി വ്യക്തമാക്കി. ലോക്ക്ഡൗണിന് മുമ്പ്, ഓണ്‍ലൈന്‍ വില്‍പ്പന പ്രതിമാസം 1000 ത്തോളം ആയിരുന്നു. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സൈറ്റുകളെക്കാള്‍ ഓണ്‍ലൈന്‍ മീന്‍ ഇറച്ചി വില്‍പ്പന സൈറ്റുകള്‍ക്ക് ഇപ്പോള്‍ സെയ്ല്‍സ് വര്‍ധിച്ചതായി ചൂണ്ടിക്കാട്ടുന്നു. കൊച്ചിയിലാണ് കേരളത്തില്‍ ഏറ്റവുമധികം ആളുകള്‍ ഓണ്‍ലൈന്‍ മീന്‍, ചിക്കന്‍ വാങ്ങുന്നതെന്ന് ഡേറ്റ അനലിസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ അനൗദ്യോഗിക വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഓണ്‍ലൈന്‍ വില്‍പ്പനക്കാരുടെ കണക്കുകളും ചൂണ്ടിക്കാട്ടുന്നത് ഇതാണ്.

ആപ്പു പോലും നിര്‍ബന്ധമില്ല

ഗൂഗ്‌ളില്‍ ലോക്ഡൗണ്‍ വന്നതിനുശേഷം ഓണ്‍ലൈന്‍ മീറ്റ്, ചിക്കന്‍, ഫിഷ് എന്നു സെര്‍ച്ച് ചെയ്തവരുടെ എണ്ണത്തില്‍ വന്‍തോതില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍ വിദഗ്ധനായ സ്‌മോഹിത് വ്യക്തമാക്കുന്നു. അത് സത്യമാണെന്ന് ബോധ്യപ്പെടുന്നതാണ് കൊച്ചി ചമ്പക്കരയില്‍ നിന്നുള്ള മാതാഫ്രഷ് ഫിഷ് ഡീലറുടെ അഭിപ്രായവും. ഓണ്‍ലൈന്‍ വെബ്‌സൈറ്റ് മാത്രമാണ് തങ്ങള്‍ക്കുള്ളത്, ആപ്പില്ലാതെ ആണെങ്കിലും വെബ്‌സൈറ്റ് ആരംഭിച്ചതിനു ശേഷം ഏറ്റവും വലിയ വില്‍പ്പന ഈ ലോക്ഡൗണിലാണ് തങ്ങള്‍ക്ക് കിട്ടിയതെന്ന് ഇവര്‍ പറയുന്നു. 12 ഓളം വരുന്ന ഡെലിവറി സര്‍വീസുകാരാണ് ഇപ്പോള്‍ മാതാ ഫ്രഷ് ഫിഷിന് വേണ്ടി കൊച്ചിയില്‍ ഓടുന്നത്.

ഫ്രഷ് ടു ഹോം, ഡെയ്‌ലി ഫിഷ്, കെപിഎഫ് ചിക്കന്‍, വൈല്‍ഡ്ഫിഷ്, ലുലു ഫ്രഷ് ഫുഡ് ഡെലിവറി തുടങ്ങിയവരാണ് ലോക്ഡൗണിലും കൃത്യതയോടെ കൊച്ചിയില്‍ ഓടി നടന്ന് ഡെലിവറി നല്‍കുന്നത്. ലോക്ഡൗണില്‍ മാത്രം ഓണ്‍ലൈന്‍ മീന്‍, ചിക്കന്‍, ഇറച്ചി വ്യാപാര രംഗത്ത് 60 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. പലരും ക്വാറന്റീന്‍ കുക്കിംഗ് എന്ന പേരില്‍ വീട്ടില്‍ പല പാചക പരീക്ഷണങ്ങള്‍ നടത്തുന്നതും ഹോട്ടലിലെ ഫൂഡ് കുറച്ചതും ഇവര്‍ക്ക് സഹായകമായി എന്നതാണ് വാസ്തവം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it