ഓൺലൈൻ സൈറ്റുകൾക്ക് 40,000 കോടി നഷ്ടപ്പെടും, കടയുടമകൾക്ക് മൂന്നിലൊന്ന് ലഭിക്കും!

2018 ഓൺലൈൻ റീറ്റെയ്ൽ കമ്പനികളുടെ വിജയ വർഷമായിരുന്നു. എന്നാൽ 2019 അത്ര അനുകൂലമാകാൻ ഇടയില്ല എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

സർക്കാർ ഈയിടെ പ്രഖ്യാപിച്ച വിദേശ നിക്ഷേപ നയങ്ങൾ നടപ്പിൽ വരുമ്പോൾ ഓൺലൈൻ റീറ്റെയ്ൽ വ്യാപാരികൾക്ക് നഷ്ടമാവുക 35,000-40,000 കോടി രൂപയാണെന്ന് റേറ്റിംഗ് ഏജൻസിയായ ക്രിസിൽ പറയുന്നു. ഈ രംഗത്തെ മൊത്തം വിൽപനയുടെ 35-40 ശതമാനം വരുമിത്.

അതേസമയം, സ്റ്റോറുകൾ നടത്തുന്ന റീറ്റെയ്ൽ വ്യാപാരികൾക്ക് വിൽപന കൂടുകയും 12,000 കോടി രൂപ അധികവരുമാനം ലഭിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ചട്ടങ്ങൾ മുന്നോട്ട് വെക്കുന്നത് പ്രധാനമായും നാല് കാര്യങ്ങളാണ്.

  • ഇ-കോമേഴ്‌സ് കമ്പനികൾക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെയോ അനുബന്ധ സ്ഥാപനങ്ങളുടെയോ ഉൽപന്നങ്ങൾ സ്വന്തം പ്ലാറ്റ് ഫോമിലൂടെ വിൽപന നടത്താൻ പാടില്ല.
  • ഒരു കമ്പനിയുടെ പുതിയതായി പുറത്തിറക്കിയ ഉൽപന്നം ഏതെങ്കിലും ഒരു ഇ-കോമേഴ്‌സ് സൈറ്റിൽ മാത്രമായി വിൽപന (എക്സ്ക്ലൂസിവ് സെയിൽ) നടത്താൻ പാടില്ല.
  • പുതിയ ചട്ടമനുസരിച്ച്, ഇ-കോമേഴ്‌സ് കമ്പനികൾ ഇനിമുതൽ വളരെ വലിയ ഡിസ്‌കൗണ്ടുകൾ നൽകാൻ പാടില്ല.
  • ഇതുകൂടാതെ, ഇ-കോമേഴ്‌സ് സൈറ്റുകൾ ഏതെങ്കിലും ഒരു ഉല്പാദകന്റെ 25 ശതമാനത്തിലധികം പ്രൊഡക്ടുകൾ വാങ്ങാനും പാടില്ല.

കൂടുതൽ വായിക്കാം: ഓൺലൈൻ വിൽപനക്ക് കടിഞ്ഞാണിട്ട് സർക്കാർ

2014 നും 2018 നും ഇടയിൽ രാജ്യത്തെ ഇ-റ്റെയ്ൽ രംഗം 40 ശതമാനം വാർഷിക വളർച്ചയാണ് കൈവരിച്ചത്. അതേസമയം റീറ്റെയ്ൽ സ്റ്റോറുകളുടെ വളർച്ച വെറും 13 ശതമാനം മാത്രമായിരുന്നു.

2019-2020 സാമ്പത്തിക വർഷത്തിൽ ചെറുകിട റീറ്റെയ്ൽ വ്യാപാരികൾ 19 ശതമാനം വരുമാന വളർച്ച നേടുമെന്ന് ക്രിസിൽ കണക്കാക്കുന്നു. മുൻപ് ഇത് 17 ശതമാനം എന്നായിരുന്നു കണക്കാക്കിയിരുന്നത്.

ഓൺലൈൻ റീറ്റെയ്ൽ മേഖലയുടെ മൊത്തം വരുമാനത്തിന്റെ 70 ശതമാനവും ഇപ്പോൾ ആമസോണും ഫ്ലിപ്കാർട്ടും കൈയ്യടിക്കിയിരിക്കുകയാണ്.

വിദേശ നിക്ഷേപ നയങ്ങൾ നടപ്പിലാക്കുമ്പോൾ ഓൺലൈൻ വ്യാപാരികൾക്ക് ഏറ്റവുമധികം നഷ്ടം സംഭവിക്കുക ഫാഷൻ, ഇലക്ട്രോണിക് വിഭാഗത്തിലായിരിക്കുമെന്ന് ക്രിസിൽ വിലയിരുത്തുന്നു.

സപ്ലെ ചെയിൻ, ബിസിനസ് മോഡൽ തുടങ്ങിയവയിൽ നിരവധി മാറ്റങ്ങൾ വരുത്തിയാലേ ഓൺലൈൻ റീറ്റെയ്ലുകാർക്ക് ഇനി രക്ഷയുള്ളൂവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it