പതഞ്ജലിക്ക് കാലിടറുന്നോ? 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 120 ബില്യണ്‍ രൂപയുടെ വില്‍പ്പന നേടിയ ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പിന്റെ വളര്‍ച്ച താഴേയ്ക്ക്.

ഈയിടെ പുറത്തിറങ്ങിയ ഐഐഎഫ്എല്‍ റിപ്പോര്‍ട്ട് അനുസരിച്ച് പതഞ്ചലി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന രണ്ടുവര്‍ഷം മുമ്പത്തേതിനെ അപേക്ഷിച്ച് പകുതിയോളമായി കുറഞ്ഞു. കണ്‍സ്യൂമര്‍, പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളുടെ ഓപ്പറേഷണല്‍ വിഭാഗത്തില്‍ കമ്പനി പ്രതിസന്ധി നേടിരുകയാണ്. വിതരണമേഖലയിലുള്ള മാറ്റങ്ങളാണ് വിറ്റുവരവ് കുറഞ്ഞതിന് പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കുന്നത്.

പതഞ്ജലിയുടെ എക്‌സ്‌ക്ലൂസിവ് റീറ്റെയ്‌ലര്‍മാരുടെ ശരാശരി മാസ വിറ്റുവരവ് രണ്ട് വര്‍ഷം മുമ്പത്തെ വില്‍പ്പനയെ അപേക്ഷിച്ച് 50 ശതമാനമായി കുറഞ്ഞു. അനാകര്‍ഷകമായ മാര്‍ജിനും ആകര്‍ഷകമായ പദ്ധതികളുടെ അഭാവവും കൊണ്ട് റീറ്റെയ്‌ലര്‍മാരുടെ അതൃപ്തി നേടിയതിനാല്‍ അവര്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ കാര്യമായി പ്രമോട്ട് ചെയ്യാത്ത അവസ്ഥയുണ്ടായി.

അതിനിടെ പതഞ്ചലിയുടെ എതിരാളികളായ മറ്റ് എഫ്.എം.സി.ജി കമ്പനികള്‍ തങ്ങളുടെ നഷ്ടപ്പെട്ട വിപണിവിഹിതം തിരിച്ചുപിടിക്കാന്‍ വ്യാപകമായി ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ഈ നീക്കം പതഞ്ജലിക്ക് തിരിച്ചടി സൃഷ്ടിക്കുന്നുണ്ട്.

ആഗോള ഉപഭോക്ത-ഗവേഷണ സ്ഥാപനമായ കാന്റാര്‍ വേള്‍ഡ്പാനലിന്റെ ഡാറ്റ പ്രകാരം പതഞ്ജലിയുടെ വില്‍പ്പനവളര്‍ച്ച 2017 ഏപ്രില്‍-സെപ്റ്റംബര്‍ കാലഘട്ടത്തില്‍ 22 ശതമാനമായിരുന്നു. എന്നാല്‍ ഒക്ടോബര്‍-മാര്‍ച്ച് 2018 ആയതോടെ വില്‍പ്പനവളര്‍ച്ച 7 ശതമാനമായി.

ഐഐഎഫ്എല്‍ റിപ്പോര്‍ട്ട് പ്രകാരം പതഞ്ജലിയുടെ നഷ്ടം ഡാബര്‍, കോള്‍ഗേറ്റ് പാമോലീവ് ഇന്ത്യ തുടങ്ങിയ ലിസ്റ്റഡ് എഫ്.എം.സി.ജി കമ്പനികളിലെ നിക്ഷേപകര്‍ക്ക് നേട്ടമാകും. ''ഡാബറിന് ഓറല്‍ കെയര്‍, ഹെയര്‍ കെയര്‍ മേഖലകളില്‍ ഇത് ഗുണകരമാകും. ഇപ്പോള്‍ തന്നെ ഇവരുടെ വിപണിവിഹിതത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.'' റിപ്പോര്‍ട്ടില്‍ പറയുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it