ഇ-കൊമേഴ്‌സ് വിപണിയും കീഴടക്കാന്‍ റിലയന്‍സ്

ഇന്ത്യയില്‍ അതിവേഗം വളരുന്ന വിപണിയില്‍ ആഗോള ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണിനെയും വാള്‍മാര്‍ട്ടിനെയും വെല്ലുവിളിക്കാനുള്ള ഇ-കൊമേഴ്‌സ് നീക്കത്തിന് മുകേഷ് അംബാനി തുടക്കമിട്ടു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ റീട്ടെയില്‍ വിഭാഗമായ റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡ് ജിയോ ടെലികോം ഉപയോക്താക്കള്‍ക്ക് ജിയോമാര്‍ട്ട് എന്ന പുതിയ സംരംഭത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ക്ഷണം അയച്ചു തുടങ്ങി. 'ദേശ് കി നയി ദുകാന്‍' അഥവാ 'രാജ്യത്തിന്റെ പുതിയ വ്യാപാരശാല' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജിയോമാര്‍ട്ട് നിലവില്‍ സബര്‍ബന്‍ മുംബൈ പ്രദേശങ്ങളായ നവി മുംബൈ, താനെ, കല്യാണ്‍ എന്നിവിടങ്ങളിലാണ് ഓണ്‍ലൈന്‍ ഷോപ്പിംഗിനു സൗകര്യമുണ്ടാക്കുന്നത്.

ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളിലേക്ക് വരെ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ച ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും പിന്നാലെ ജിയോമാര്‍ട്ട് വ്യാപകമാകുമെന്ന കാര്യത്തില്‍ നിരീക്ഷകര്‍ക്കു സംശയമില്ല. റിലയന്‍സിന്റെ കടന്നുവരവ് ഈ രണ്ട് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്കും ഉണ്ടാക്കുന്ന തലവേദന ചെറുതാകില്ല.

റിലയന്‍സ് റീട്ടെയ്ലിന് രാജ്യത്തെ 6600 നഗരങ്ങളിലായി 10415 സ്റ്റോറുകള്‍ ഇപ്പോള്‍ തന്നെയുണ്ട്. കമ്പനി തങ്ങളുടെ ഭക്ഷ്യ-പച്ചക്കറി ആപ്പിന്റെ ബീറ്റ വേര്‍ഷന്‍ പരിശോധനകള്‍ക്കായി പുറത്തിറക്കിയിട്ടുണ്ട്. 2026 ഓടെ 200 ബില്യണ്‍ ഡോളര്‍ (14.28 ലക്ഷം കോടി) വലിപ്പമുള്ളതാവും ഇന്ത്യയിലെ ഇ-കൊമേഴ്‌സ് രംഗമെന്നാണ് ഇന്ത്യ ബ്രാന്റ് ഇക്വിറ്റി ഫൗണ്ടേഷന്റെ കണക്ക്. അപ്പോഴേക്കും വിപണിയുടെ സിംഹഭാഗവും സ്വന്തം കീശയിലാക്കാമെന്ന് മുകേഷ് അംബാനി കണക്കുകൂട്ടുന്നു.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ്‌സീര്‍ കണ്‍സള്‍ട്ടിംഗിന്റെ റിപ്പോര്‍ട്ട് പ്രകാരം സെപ്തംബര്‍ 29 നും ഒക്ടോബര്‍ നാലിനും ഇടയില്‍ 19000 കോടിയുടെ കച്ചവടമാണ് രാജ്യത്തെ ഇ-കൊമേഴ്‌സ് വിപണികളില്‍ നടന്നത്. ഇതില്‍ 90 ശതമാനവും ഫ്‌ളിപ്്കാര്‍ട്ടും ആമസോണും ചേര്‍ന്നാണ് കൈയ്യാളുന്നത്. ഈ രംഗത്തേക്ക് റിലയന്‍സ് വരുമ്പോള്‍ അതിനാല്‍ തന്നെ ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും മാര്‍ക്കറ്റിന് തന്നെയാവും വെല്ലുവിളിയാവുക.

തങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ 60 ശതമാനം വിഹിതം ഉണ്ടെന്നാണ് ഫ്‌ളിപ്്കാര്‍ട്ടിന്റെ അവകാശവാദം. ആമസോണിന് 30 ശതമാനത്തോളം മാര്‍ക്കറ്റ് ഷെയറുണ്ട്. 2019 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ മാത്രം ആമസോണിലെ ഏറ്റവും വലിയ സെല്ലറായ ക്ലൗഡ്‌ടെയില്‍ ഇന്ത്യയ്ക്ക് 25 ശതമാനം വരുമാന വര്‍ധനവുണ്ടായിരുന്നു.

റിലയന്‍സ് 2020 ദീപാവലിയോട് അനുബന്ധിച്ച് ഇ-കൊമേഴ്‌സ് രംഗത്തേക്ക് ചുവടുറപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടെലികോം സെക്ടറിലേക്ക് ജിയോ വന്നതിന് സമാനമായാണ് ഇ-കൊമേഴ്‌സ് രംഗത്തേക്കും റിലയന്‍സ് കടന്നുവരുന്നതെങ്കില്‍ വിപണി പിടിച്ചടക്കാന്‍ അധിക കാലം വേണ്ടിവരില്ലെന്നാണ് കരുതപ്പെടുന്നത്. അത് തന്നെയാണ് ഫ്‌ളിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും ഭീതി. റിലയന്‍സ് ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആ വരവ് ഇ-കൊമേഴ്‌സ് സെക്ടറില്‍ അടിമുടി മാറ്റം കൊണ്ടുവരുമെന്നും കരുതപ്പെടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it