വരുന്നു അംബാനിയുടെ 'സൂപ്പർ ആപ്പ്', ഇ-കോമേഴ്‌സ് വിപണി കീഴടക്കാൻ ജിയോ

ഇന്ത്യയുടെ ഇ-കോമേഴ്‌സ് വിപണിയിൽ വൻ ഡിസ്‌റപ്‌ഷൻ സൃഷ്ടിക്കാൻ മുകേഷ് അംബാനി തയ്യാറെടുക്കുന്നെന്ന വാർത്തകൾക്കിടെ, ഇ-കോമേഴ്‌സ് രംഗത്തേക്കുള്ള തങ്ങളുടെ വരവറിയിക്കാൻ ഒരു 'സൂപ്പർ ആപ്ലിക്കേഷ'ന്റെ പണിപ്പുരയിലാണ് റിലയൻസ് ജിയോ.

ഒരു പ്ലാറ്റ് ഫോമിൽ തന്നെ 100-ൽ പരം സേവനങ്ങൾ നൽകാൻ പോന്നതാണ് ഈ സൂപ്പർ ആപ്പ്. നിലവിൽ ജിയോയ്ക്ക് 30 കോടി സബ്സ്ക്രൈബർമാരാണുള്ളത്.

ഇ-കോമേഴ്‌സ് വിപണിയിൽ ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ കമ്പനികൾക്ക് കടുത്ത മത്സരം സൃഷ്ടിക്കുന്നതിന് പുറമേ, ജിയോയുടെ 'സൂപ്പർ ആപ്പി'ന് സ്‌നാപ്ഡീൽ, പേടിഎം, ഫ്രീ ചാർജ്, ഹൈക്ക് തുടങ്ങിയവരുടെ വിപണിയിലേക്കും കടന്നു ചെല്ലാനാകും.

മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ഓൺലൈൻ-ടു-ഓഫ്‌ലൈൻ പ്ലാറ്റ് ഫോമാണ് അംബാനി ലക്ഷ്യമിടുന്നത്. രാജ്യത്തെ മൂന്നു കോടി വ്യാപരികൾക്കിത് പ്രയോജനപ്പെടുമെന്ന് അംബാനി പറയുന്നു.

ഓൺലൈൻ ഷോപ്പിംഗ് എന്നതു കൂടാതെ ഓൺലൈൻ ബുക്കിംഗ്, ഓൺലൈൻ പേയ്മെന്റ്സ് എന്നിവ ഒരു പ്ലാറ്റ് ഫോമിൽ ഒരുക്കാനാണ് ജിയോ പദ്ധതിയിടുന്നത്.

പുതിയ സംരംഭം ഒരുക്കുന്നതിന്റെ ഭാഗമായി നിരവധി സ്റ്റാർട്ടപ്പുകളെ അംബാനി വാങ്ങിയിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ ), പ്രാദേശിക ഭാഷ വോയ്‌സ് ടെക്‌നോളജി, എഐ അധിഷ്ഠിത എഡ്യൂക്കേഷൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾ ഇതിലുൾപ്പെടും. ഇപ്പോഴും ചില ഏറ്റെടുക്കൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.

2021 ആകുമ്പോഴേക്കും ഇന്ത്യൻ ഇ-കോമേഴ്‌സ് വിപണി 84 ബില്യൺ ഡോളർ മൂല്യമുള്ളതാകുമെന്നാണ് കരുതുന്നത്.

കൂടുതൽ അറിയാം: ഫുഡ് മുതൽ ഫാഷൻ വരെ: ഓൺലൈൻ അങ്കത്തിന് തയ്യാറെടുത്ത് റിലയൻസ്

2018 ജൂലൈയിലാണ് കമ്പനിയുടെ ഓൺലൈൻ-ടു-ഓഫ്‌ലൈൻ സംരംഭത്തെപ്പറ്റി ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചത്. റിലയൻസ് ഇൻഫോകോം, റിലയൻസ് റീറ്റെയ്ൽ എന്നീ രണ്ട് സ്ഥാപനങ്ങളുടെ കൂട്ടായ പ്രവർത്തനമായിരിക്കും പുതിയ സംരംഭത്തിൽ പ്രതിഫലിക്കുക.

ഓഗ്മെന്റഡ് റിയാലിറ്റി, ഹോളോഗ്രാഫ്, വെർച്വൽ റിയാലിറ്റി എന്നിവ ഉപയോഗിച്ച് ഒരു കിടിലൻ യുസർ എക്സ്പീരിയൻസ് നൽകുന്ന പ്ലാറ്റ് ഫോമായിരിക്കും റിലയൻസ് ഒരുക്കുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it