സംസ്ഥാനത്ത് വാടക നിരക്കുകള്‍ കുത്തനെ ഇടിയും

സംസ്ഥാനത്തെ വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളിലെ വാടക നിരക്കുകള്‍
കുത്തനെ ഇടിയും. കോറോണ ബാധയെ തുടര്‍ന്ന് ചെറുകിട ഇടത്തരം കച്ചവടക്കാരും
വ്യവസായികളും കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് വഴുതി വീണതോടെയാണ് വാടക നിരക്കില്‍ ഇളവുവരുത്താന്‍ പല കെട്ടിട ഉടമകളും തയ്യാറായിരിക്കുന്നത്.
''വാടകക്കാരില്ലാതെ കെട്ടിടം നിലനിര്‍ത്തിയിട്ട് എന്തുകാര്യം. ഇപ്പോള്‍ തന്നെ വിപണിയില്‍ കോമേഴ്‌സ്യല്‍ സ്‌പേസിന്റെ ലഭ്യത ഏറെയാണ്. ആവശ്യക്കാര്‍
കുറവും. നിലവിലുള്ള വാടകക്കാര്‍ പോയാല്‍ പുതിയൊരാള്‍ വരാനിടയില്ല.
അതുകൊണ്ട് വാടകയില്‍ ഇളവ് നല്‍കുകയാണ്,'' ഒരു കെട്ടിട ഉടമ പറയുന്നു.
വ്യാപാര സമൂഹത്തിന് ഇരുട്ടടിയായി കൊറോണ
നോട്ട് പിന്‍വലിക്കല്‍, പ്രളയം, ഗള്‍ഫ് പ്രതിസന്ധി എന്നിവ കേരളത്തിലെ വ്യാപാര മേഖല വലിയ തോതില്‍ പ്രതികൂലമായി ബാധിച്ചിരുന്നു. ഗള്‍ഫില്‍ നിന്ന് പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയവര്‍ വരുമാനം മാര്‍ഗമെന്ന നിലയ്ക്ക് സംസ്ഥാനത്തെ മുക്കിലും മൂലയിലും കോമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്തതോടെ വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ ലഭ്യതയും കൂടി. ഉയര്‍ന്ന വാടകയുള്ള കെട്ടിടങ്ങളില്‍ നിന്ന് നിരക്ക് കുറഞ്ഞ സ്ഥലത്തേക്ക് വ്യാപാരികള്‍ മാറുന്ന പ്രവണതയും ഇതിനിടെ ശക്തിയാര്‍ജ്ജിച്ചിരുന്നു.
കോറോണയെ തുടര്‍ന്ന് കടകള്‍ അടച്ചിടേണ്ടി കൂടി വന്നത് വ്യാപാര സമൂഹത്തിന് കനത്ത തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ വാടക ഒഴിവാക്കി കച്ചവട സമൂഹത്തിന് പിന്തുണയുമായി ആദ്യമെത്തിയത് കോഴിക്കോട്ടെ വ്യാപാര പ്രമുഖനായ ഷെവലിയര്‍ സി ഇ ചാക്കുണ്ണിയാണ്. പിന്നീട് ഇദ്ദേഹത്തെ പിന്തുടര്‍ന്ന് മലബാറിലെ നിരവധി കെട്ടിട ഉടമകള്‍ ഒരു മാസത്തെ വാടക ഒഴിവാക്കാന്‍ തയ്യാറായി. കൊച്ചിയിലെ ലുലു മാളിലും തൃപ്രയാര്‍ വൈ മാളിലും ഒരു മാസത്തെ വാടക ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയും ഇളവ് നല്‍കി.
നിരക്ക് കുറയ്ക്കാതെ നിലനില്‍പ്പില്ല
വാടക നിരക്ക് കുറയ്ക്കാതെ വാടകക്കാര്‍ക്കും കെട്ടിട ഉടമകള്‍ക്കും നിലനില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. നിരക്ക് കുറച്ചില്ലെങ്കില്‍ വാടകക്കാര്‍ കുറഞ്ഞ നിരക്കുള്ള സ്ഥലം തേടിപ്പോകും. അല്ലെങ്കില്‍ ബിസിനസ് തന്നെ നിര്‍ത്തും. ഈ രണ്ടുവഴികള്‍ സ്വീകരിച്ചാലും കെട്ടിട ഉടമയ്ക്ക് നഷ്ടമാകാനാണ് സാധ്യത. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടിയ നിരക്കില്‍ വാടകയ്ക്ക് കെട്ടിടമെടുക്കാന്‍ ഏറെ പേര്‍ മുന്നോട്ടുവരില്ല. മാത്രമല്ല ബിസിനസുകള്‍ നിലനിന്ന്് പോകാന്‍ ഉയര്‍ന്ന നിരക്കുകള്‍ കുറയ്‌ക്കേണ്ടതും അത്യാവശ്യമാണ്. അതുകൊണ്ട് സംസ്ഥാനത്തെ വാടക നിരക്കുകള്‍ വരും നാളുകളില്‍ കുത്തനെ കുറയാന്‍ തന്നെയാണിട.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline